കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പുതിയ പാര്‍ലമെന്‍റിൽ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം . ക്രീം നിറത്തിലുള്ള ജാക്കറ്റും ഷർട്ടും കാക്കി പാന്‍റ്സുമാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിൽ താമര ചിഹ്നവുമുണ്ട്. പാർലമെന്‍റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാർ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം.

പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. കൂടാതെ ടേബിൾ ഓഫീസ്, നോട്ടീസ് ഓഫീസ്, പാർലമെന്‍ററി റിപ്പോർട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കും.

ചെയറിന് അരികിൽ നിൽക്കുകയും പ്രിസൈഡിംഗ് ഓഫീസർമാരെ സഹായിക്കുകയും ചെയ്യുന്ന മാർഷലുകൾ ഇനി സഫാരി സ്യൂട്ടുകൾക്ക് പകരം ക്രീം നിറമുള്ള കുർത്ത പൈജാമ ധരിക്കും. തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ധരിക്കും.

പാർലമെന്‍റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂനിഫോം നൽകിയിട്ടുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോമായിരിക്കുമെന്നാണ് വിവരം. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്‍ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്.

സെപ്റ്റംബർ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂനിഫോം കൈപ്പറ്റാൻ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 19ന് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!