ഹൗസ് ഡ്രൈവർമാരുൾപ്പെടെ വീട്ടു ജോലിക്കാരുടെ തൊഴിൽമാറ്റം; ഹുറൂബ് കേസിലകപ്പെട്ടവർക്ക് സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ല

സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ് ഫോം. അപേക്ഷ നൽകി പരമാവധി 23 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാകും. എന്നാൽ ഇതിന് തൊഴിലുടമകളും തൊഴിലാളികളും ഓൺലൈൻ കരാർ അംഗീകരിക്കണമെന്നും മുസാനിദ് അറിയിച്ചു.

അബ്ഷിർ പ്ലാറ്റ് ഫോമിലെ സേവനത്തിന് പുറമെ കഴിഞ്ഞ മാസം മുതൽ മുസാനിദ് പ്ലാറ്റ് ഫോമിലും ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റുന്ന സേവനം ആരംഭിച്ചിരുന്നു. എന്നാൽ നിലവിൽ ഹുറൂബ് കേസിൽ അകപ്പെട്ടവർക്ക് സ്പോൺസർഷിപ്പ് മാറാൻ കഴിയിലെന്നാണ് മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നത്. തൊഴിലാളിയെ പുതിയ സ്പോൺസർക്ക് കൈമാറാൻ നിലവിലെ തൊഴിലുടമയാണ് മുസാനിദ് വഴി അപേക്ഷ സമർപ്പിക്കേണ്ടത്.

തുടർന്ന് തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടേയും വിവരങ്ങൾ പ്ലാറ്റ് ഫോമിൽ നൽകണം. സ്പോൺസർഷിപ്പ് മാറ്റത്തിനായി നിശ്ചയിയിച്ചിട്ടുളള ഫീസ് അടയ്ക്കുകയും മൂന്ന് പേരും ഓൺലൈൻ വഴിയുള്ള കരാർ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകൂ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി 23 ദിവസം വരെ സമയമെടുക്കും.

ഇത് മൂന്ന് പേരും കരാർ അംഗീകരിക്കാനുള്ള കാലതാമസത്തെ ആശ്രയിച്ചിരിക്കുമെന്നും മുസാനിദ് വ്യക്തമാക്കി. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടുജോലിക്കാരുടെ തൊഴിൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലത്തിന് കീഴിൽ മുസാനിദ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!