ഇന്ത്യയിൽ അരിയുടെ കയറ്റുമതി നിയന്ത്രണം: പഴയ സ്റ്റോക്ക് തീർന്ന് തുടങ്ങി, ഗൾഫിൽ പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റിച്ച് വില വർധന

ഇന്ത്യയിൽ അരി കയറ്റുമതി നിയന്ത്രണം തുടരുന്നത് ഗൾഫ് രാജ്യങ്ങളിൽ വിലക്കയറ്റത്തിന് കാരണമാകുന്നു. മതിയായ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ ആദ്യഘട്ടത്തിൽ വിലക്കയറ്റം ബാധിച്ചിലെങ്കിലും ഒരാഴ്ചയായി അരിവില കൂടുന്നത് പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു.‌ കയറ്റുമതിക്ക് ഭാഗിക നിയന്ത്രണമുള്ള പഞ്ചസാരയ്ക്കും ഗൾഫിൽ വില കൂടി.

സോന മസൂരിക്കും പുഴുക്കൽ അരിക്കും വില കൂടിയത് സാധാരണക്കാരെ വലിയ തോതിൽ ബാധിച്ചു. കിലോയ്ക്ക് 7 ദിർഹത്തിന്റെ വരെ വില വർധനയുണ്ടായി. നേരത്തേ 18 ദിർഹത്തിന് ലഭിച്ചിരുന്ന 5 കിലോ സോനാ മസൂരി ഇപ്പോൾ പ്രാദേശിക ഗ്രോസറികളിൽ 25 ദിർഹത്തിനാണ് വിൽക്കുന്നത്.

 

സോന മസൂരി

മൊത്ത വിപണിയിൽ ഒരു ചാക്ക്

(18–20 കിലോ) സോന മസൂരിക്ക്

20 ദിർഹം കൂടിയപ്പോഴാണ് പ്രാദേശിക

വിപണിയിൽ ഇത്രയും വിലക്കയറ്റം. തൊഴിലാളികളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യക്കാരും കൂടുതലായി ഉപയോഗിക്കുന്ന സോന മസൂരിയുടെ വില വർധന സാധാരണക്കാരെ വെട്ടിലാക്കി. ചെലവും വരുമാനവും ഒത്തുപോകാത്തതാണ് പ്രയാസത്തിലാക്കുന്നത്. തൊഴിലാളികളിൽ പലരും 600–800 ദിർഹത്തിന് ജോലി ചെയ്യുന്നവരാണ്.

 

പാലക്കാടൻ മട്ട

കുത്തരിയുടെ (പാലക്കാടൻ മട്ട) വിലയിലും നേരിയ വർധനയുണ്ട്. 20 കിലോ ചാക്കിന് 5–8 ദിർഹം വരെ വർധിച്ച് 58 ദിർഹം വരെയായി.

 

പുഴുക്കലരി

മലയാളികൾ ഉൾപ്പെടെ ഉപയോഗിക്കുന്ന പുഴുക്കൽ (യുഎസ് സ്റ്റൈൽ, 777) അരിക്കും മൊത്ത വിപണിയിൽ

20 ദിർഹം വരെ കൂടി. 20 കിലോ ചാക്കിന് 40–42 ദിർഹമുണ്ടായിരുന്നത് ഇപ്പോൾ 67–70 ആയി ഉയർന്നു. ഇതും പ്രാദേശിക വിപണിയിൽ

എത്തുമ്പോൾ കിലോയ്ക്ക്

5–7 ദിർഹം അധികം

ഈടാക്കുന്നു.

 

പൊന്നി അരി

പൊന്നി അരിക്കും മൊത്ത വിപണിയിൽ 15 ദിർഹം വരെ ഉയർന്ന് 18 കിലോ ചാക്കിന് 58–64 ആയി ഉയർന്നു. നേരത്തെ 38–45 ദിർഹമായിരുന്നു. പ്രാദേശിക വിപണിയിലും വിലക്കയറ്റം പ്രതിഫലിച്ചു. ദോശ,

ഇഡ്ഡലി, പുട്ട്, പത്തിരി

തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്ന പച്ചരിക്കും (വൈറ്റ് റൈസ്) വില കൂടി.

 

ഇഞ്ചിയിൽ തൊട്ടാൽ ‘പൊള്ളും’ 

കാണാൻ മൊഞ്ചുള്ള ചൈനീസ് ഇഞ്ചിക്ക് തൊട്ടാൽ പൊള്ളുന്ന വില. കിലോയ്ക്ക് 27 ദിർഹം (611 രൂപ) വരെ ഉയർന്ന ഇഞ്ചിക്ക് ഇപ്പോൾ പ്രാദേശിക വിപണിയിൽ 23.99 ദിർഹമായി (542.93 രൂപ). വാരാന്ത്യ ഓഫറിൽ ചിലയിടങ്ങളിൽ ഇന്നലെ വരെ 18–21 ദിർഹത്തിനു കിട്ടി. എന്നാൽ ഒരു മാസം മുൻപുണ്ടായിരുന്ന 6–7 ദിർഹത്തിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ.

 

 

ചൈനയിൽ ഇഞ്ചി ഉൽപാദനം കുറഞ്ഞതും വിള നശിച്ചതുമാണ് ഗൾഫിൽ ഇഞ്ചിക്ക് നേരത്തെ വില കൂടാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറഞ്ഞു. മൊത്ത വിപണിയിൽ മൂന്നര കിലോയ്ക്ക് 40 ദിർഹത്തിന് (905 രൂപ) ലഭിക്കുന്ന ഇഞ്ചിക്കാണ് പ്രാദേശിക വിപണിയിൽ ഇത്രയധികം വില ഈടാക്കുന്നത്. മൊത്തവിപണിയിൽ വില കുറഞ്ഞിട്ടും ചില്ലറ വ്യാപാരികൾ കൂടിയ വില ഈടാക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയായി.

വിലക്കുറവിന്റെ ആനുകൂല്യവും വൃത്തിയാക്കാൻ എളുപ്പവും ആയതിനാൽ വർഷങ്ങളായി ചൈനീസ് ഇഞ്ചിക്കും വെളുത്തുള്ളിക്കും ആവശ്യക്കാരേറെയാണ്.

ഇന്ത്യൻ ഇഞ്ചിക്ക് ഇടക്കാലത്ത് വില കൂടുതലായിരുന്നു. ഇപ്പോൾ ചൈനീസ് ഇഞ്ചിക്കും വെളുത്തുള്ളിക്കും വില കൂടിയതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചു. ഓണക്കാലത്ത് ഇഞ്ചിക്കറി ഉണ്ടാക്കാനും മറ്റും മലയാളികൾ വാങ്ങിയതും ഇന്ത്യൻ ഇഞ്ചിയാണ്. ഇന്നലെ ഒരു കിലോ ഇന്ത്യൻ ഇഞ്ചിക്ക് 14 ദിർഹമാണ് (316 രൂപ) വില. അതിനാൽ ഇ​ഞ്ചി ഉപയോഗം പരമാവധി കുറയ്ക്കുകയാണ് പ്രവാസികൾ.ഇതേസമയം വൻകിട സൂപ്പർമാർക്കറ്റിൽ ചൈനീസ് ഇഞ്ചിക്ക് 17.95 ദിർഹമും ഇന്ത്യൻ ഇഞ്ചിക്ക് 15.95 ദിർഹമുമാണ് വില.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!