സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ; ഗണേഷ്കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവരെപ്പറ്റി പരാമർശം
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്.
പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുക എന്നതായിരുന്നു ലക്ഷ്യം.
ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു. പീഡിപ്പിച്ച കാര്യം സാക്ഷിയായി പറയണമെന്നു പരാതിക്കാരി പി.സി.ജോർജിനോട് നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ, സിബിഐക്ക് മൊഴി നൽകുമ്പോൾ പി.സി.ജോർജ് പീഡനം കണ്ടില്ലെന്നു മൊഴി നൽകി.
‘പിണറായി പറഞ്ഞിട്ട് വന്നതെന്നാണ് വിശ്വാസം; ഗൂഢാലോചനയിൽ പങ്കാളിയാക്കാൻ ശ്രമിച്ചു’ – പി.സി ജോർജ്
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചതായും പി.സി.ജോർജ് വ്യക്തമാക്കി.
ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ സന്ദർശിച്ച ശേഷം പരാതിക്കാരി തന്നെ വന്നു കണ്ടു. പിണറായി പറഞ്ഞിട്ടാണ് പരാതിക്കാരി വന്നതെന്നു വിശ്വസിക്കുന്നു. ഒരു കുറിപ്പ് ഏൽപ്പിച്ച ശേഷം അതിലുള്ളതു പോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്ന് പറഞ്ഞു. അത് പറ്റില്ലെന്നു അറിയിച്ചു. സിബിഐ ഉദ്യോഗസ്ഥർക്കു കുറിപ്പ് കൈമാറി എന്നും പി.സി.ജോർജ് മാധ്യമങ്ങളോടു വെളിപ്പെടുത്തി.
‘‘ഇപ്പോൾ ഈ വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ല. അത് കാലഹരണപ്പെട്ടതാണ്. ഉമ്മൻ ചാണ്ടി മോശമായി പെരുമാറി എന്ന് അവർ പറഞ്ഞപ്പോൾ സംശയിച്ചു. എന്നാൽ പറഞ്ഞ സാഹചര്യം കേട്ടപ്പോൾ തെറ്റിദ്ധരിച്ചുപോയി. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകി.’’– പി.സി.ജോർജ് പറഞ്ഞു.
പരാതി വസ്തുതാവിരുദ്ധമാണെന്ന് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പ്രസ്താവന നടത്തിയത് ശരിയാണെന്നും അന്നത്തെ സാഹചര്യം വച്ച് വൈരാഗ്യം തീർത്തതാണെന്നും പറഞ്ഞ് അവർ എഴുതിത്തന്ന കടലാസ് എടുത്ത് സിബിഐ ഉദ്യോഗസ്ഥർക്കു കൈമാറി. അതുവായിച്ചപ്പോൾ താൻ പറഞ്ഞത് സത്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥർക്കു മനസ്സിലായെന്നും പി.സി.ജോർജ് വിശദീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സാളർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിനു പിന്നാലെ കെ.ബി.ഗണേഷ്കുമാർ എംഎൽഎയ്‌ക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.
കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ റോൾ അതിലുപരി ജീവിതത്തിൽ പകർന്നാടിയിട്ടുണ്ടെന്നും രാഹുൽ വിമർശിച്ചു. സിബിഐ റിപ്പോർട്ടിൽ ഗണേഷ്കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവരെപ്പറ്റി പരമാർശമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂർണരൂപം:
കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയനോടായാലും.
നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അദ്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.
ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും.
പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല. ‘എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളതുകൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക