വിലാപഭൂമിയായി മൊറോക്കോ: ഭൂകമ്പത്തിൽ മരണം 2000 കടന്നു; 1400 പേർക്ക് ഗുരുതര പരുക്ക് – വീഡിയോ

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തിൽ മരണസംഖ്യ 2000 കടന്നു. 1400 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

 

 

രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതർക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമൻ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറൻ പൗരാണിക നഗരമായ മാരിക്കേഷിൽനിന്ന് 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

 

 

പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളും തകർന്നതിനാൽ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടു. അൽ ഹൗസ്, ഔറസാസത്, അസിലാൽ, ചികാവു തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. തലസ്ഥാനമായ റബാത്ത് അടക്കമുള്ള നഗരങ്ങളിൽ ആളുകൾ ഭയചകിതരായി പുറത്തിറങ്ങി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്പെയിനിന്റെ തെക്കൻ മേഖല വരെ എത്തി.

 

 

മൊറോക്കോയിലെ നിരവധി പൗരാണിക സ്മാരകങ്ങളും ഭൂകമ്പത്തിൽ നിലംപൊത്തി. മൊറോക്കോയിലെ അഗാദിറിൽ 1960 ലുണ്ടായ ഭൂകമ്പത്തിൽ 12,000 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയിൽ 50,000 പേർ ഭൂകമ്പത്തിൽ മരിച്ചു. തുടർ ചലനങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കെട്ടിടങ്ങൾക്ക് പുറത്താണ് കഴിയുന്നത്.

 

 

ഭൂകമ്പം തകര്‍ത്തെറിഞ്ഞത് പൈതൃകനഗരത്തെ

മാരകേഷ്: വെള്ളിയാഴ്ച രാത്രി സമയം-11.11. മാരകേഷ് നഗരം ഉറങ്ങുകയോ ഉറക്കത്തിലേക്ക് പ്രവേശിക്കുകയോ ആയിരുന്നു. അന്നേരമുണ്ടായ ശക്തമായ ഭൂകമ്പം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവും യുനെസ്‌കോ പൈതൃകനഗരവുമായ മാരകേഷിനെ തകര്‍ത്തുതരിപ്പണമാക്കി. പുരാതനകെട്ടിടങ്ങള്‍ പലതും തകര്‍ന്നു. ഉറക്കച്ചടവില്‍ ഓടിരക്ഷപ്പെടാന്‍പോലും പലര്‍ക്കുമായില്ല.

”ചുമരിലെ വസ്തുക്കള്‍ ഇളകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മാസങ്ങള്‍ പ്രായമുള്ള തന്റെ കുഞ്ഞിനെയെടുത്ത് ഓടുകയായിരുന്നു. മറ്റുവീട്ടുകാരെക്കുറിച്ചുപോലും ചിന്തിച്ചില്ല.”- രക്ഷപ്പെട്ട ഒരച്ഛന്‍ പറഞ്ഞു. ഭൂകമ്പം കനത്തനാശംവിതച്ച മാരകേഷ്-സഫി മേഖലയില്‍ 45 ലക്ഷംപേരാണ് താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രകമ്പനം പോര്‍ച്ചുഗലിലും അല്‍ജീരിയയിലും സ്‌പെയിനിലും അനുഭവപ്പെട്ടെന്ന് പോര്‍ച്ചുഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സീ ആന്‍ഡ് അറ്റ്മോസ്ഫിയറും അല്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും അറിയിച്ചു. മൊറോക്കോയിലെ നാലാമത്തെ വലിയനഗരമാണ് മാരകേഷ്.

 

 

 

രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ഭൂപ്രകൃതി

അല്‍ഹൗസ് പ്രവിശ്യയിലെ ഭൂകമ്പബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാന്‍ റോഡുഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ടാലത് എന്‍ യാക്കൂബ് നഗരഭരണകൂടം അറിയിച്ചു. പലതും പര്‍വതപ്രദേശങ്ങളിലെ വിദൂരഗ്രാമങ്ങളായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിങ്ങോട്ടെത്താന്‍ ദുര്‍ഘടമായ പാതകള്‍ താണ്ടണം. രക്ഷാപ്രവര്‍ത്തനത്തിനായി മൊറോക്കന്‍ഭരണകൂടം സൈന്യത്തെയും അടിയന്തരസേനയെയും വിന്യസിച്ചു. സഹായത്തിന് റെഡ്ക്രോസും രംഗത്തുണ്ട്.

ട്രക്കിങ്ങടക്കമുള്ള സാഹസികവിനോദസഞ്ചാരത്തിനും പ്രസിദ്ധമാണ് അല്‍ഹൗസ്.

അറ്റ്ലസ് പര്‍വതനിരകളുടെ മനോഹാരിത ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി ചെറുഗ്രാമങ്ങളും ഇവിടെയുണ്ടാക്കിയിട്ടുണ്ട്.

തകര്‍ന്ന് മാരകേഷിന്റെ മേല്‍ക്കൂര

മാരകേഷിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന കൂട്ടോബിയ പള്ളിയും ഭൂകമ്പത്തില്‍ തകര്‍ന്നു. 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിക്ക് 69 മീറ്റര്‍ ഉയരമുണ്ട്. യുനെസ്‌കോയുടെ പൈതൃകപട്ടികയിലിടം നേടിയ പുരാതനനഗരത്തെ ചുറ്റിയുള്ള പ്രശസ്തമായ ചെമ്മതിലിനും കേടുപാടുകള്‍ പറ്റി.

 

പിന്തുണയുമായി ലോകം

മൊറോക്കോയ്ക്ക് പിന്തുണയും സഹായവുമായി ലോകരാജ്യങ്ങള്‍. തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ സഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍മാത്രം പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൊറോക്കന്‍ കുടിയേറ്റക്കാര്‍ ഏറെയുള്ള ഫ്രാന്‍സും ജര്‍മനിയും സഹായം വാഗ്ദാനംചെയ്തു. മൊറോക്കന്‍ജനതയ്ക്ക് പിന്തുണയുമായി റഷ്യയും യുക്രൈനും രംഗത്തെത്തി. മൊറോക്കോയ്ക്ക് എല്ലാവിധ മാനുഷിക-സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്ന് യു.എന്‍. അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!