ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ച നിലയിൽ; വീടിന് പുറത്തേക്കിറങ്ങി ഓടിയ യുവാവ് പിടിയില്‍

ഷൊർണൂർ (പാലക്കാട്): വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ പത്മിനി (72), തങ്കം (70) എന്നിവരാണ് മരിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. പത്മിനിയും തങ്കവും തൊട്ടടുത്ത വീടുകളിലായി ഒറ്റയ്ക്കാണ് താമസം. ഉച്ചയോടെ പത്മിനിയുടെ വീട്ടിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് തങ്കം ഇവിടേക്കെത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളും ഓടിയെത്തി. ഇതിനിടെ, പട്ടാമ്പി സ്വദേശിയായ മണികണ്ഠൻ എന്നയാൾ ഇവരുടെ വീടിന്റെ വാതിൽ തള്ളിതുറന്നു പുറത്തേക്കിറങ്ങിയോടി. ഇയാളുടെ ദേഹത്തിൽ രക്തം പുരണ്ടിരുന്നു.

തുടർന്ന് നാട്ടുകാർ മണികണ്ഠനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ജനാലവഴി നോക്കിയപ്പോൾ തീയും പുകയും വരുന്നതുകണ്ടെന്നും വീടിനുള്ളിലേക്ക് കയറിചെന്നപ്പോൾ പെള്ളലേറ്റവരിൽ ഒരാൾ കയറിപ്പിടിച്ചെന്നുമാണ് മണികണ്ഠന്റെ മൊഴി. മണികണ്ഠന്‍ പൊലീസ് കസ്റ്റഡിയിലാണ്.

അപകടസമയത്ത് വീടിനുള്ളില്‍ പൂര്‍ണമായും തീപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച് വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

പത്മിനിയുടെ മൃതദേഹം പകുതിയിലധികം കത്തിക്കരിഞ്ഞ നിലയിലാണ്. ഇരുവരുടെയും മൃതദേഹത്തിലും മുറിവുകളുണ്ട്. മണികണ്ഠനെതിരെ ഒരു സ്ത്രീയെ പീഡിപ്പിച്ചതിനു കേസ് നിലവിലുണ്ടെന്നും റിപ്പോർട്ടുണ്ട്. പാലക്കാട് എസ്പി ആർ.ആനന്ദ്, ഒറ്റപ്പാലം എഎസ്പി യോഗേഷ് മാണ്ഡവ്യ, ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, പാലക്കാട് സ്പെഷൽ ബ്രഞ്ച് ഡിവൈഎസ്പി പ്രവീൺ തുടങ്ങിയവർ സ്ഥലത്തെത്തി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!