പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആര്?

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് കേരളത്തിന്‍റെ ഇനിയുള്ള മണിക്കൂറുകളുടെ സൂചി കറങ്ങുക. നാളെ രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരെന്ന് വ്യക്തമാകും. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ പിന്തുടര്‍ച്ചക്കാരനാകാന്‍ മകന്‍ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് ഇറക്കിയിരിക്കുന്നത്. എല്‍ഡിഎഫ് ജെയ്‌ക് സി തോമസിനെയും എന്‍ഡിഎ ലിജിന്‍ ലാലിനേയും കളത്തിലിറക്കി. ഇക്കുറി മണ്ഡലത്തില്‍ പോള്‍ ചെയ്‌തത് 128624 വോട്ടുകളാണ്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമുള്ള ആദ്യ ഇലക്ഷനില്‍ വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് പലരും കണക്കുകൂട്ടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് മകന്‍ തകര്‍ക്കുമോ എന്ന ആകാംക്ഷ പുതുപ്പള്ളിയില്‍ നിലനില്‍ക്കുന്നു.

2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം ഇക്കുറി വോട്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ ഈ ഭൂരിപക്ഷം മറികടക്കാന്‍ ചാണ്ടി ഉമ്മന് കഴിയുമോ എന്നതാണ് ചോദ്യം.

മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ചാണ്ടി ഉമ്മനാകുമെന്ന് കരുതുന്നവരുണ്ട്. അതേസമയം ജയിച്ചാലും അത്ര വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കില്ല എന്നാണ് മറുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും ജെയ്‌ക്‌ സി തോമസും മുഖാമുഖം വന്നപ്പോള്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നുള്ളൂ.

 

 

പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്‍റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്‍റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

ആകെ പോൾ ചെയ്‌തതിന്‍റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമെന്നാണ് സർവ്വേ ഫലം. ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!