‘കൈ കാട്ടിയിട്ടും പലരും വണ്ടി നിർത്തിയില്ല; ഉടുമുണ്ടുരിഞ്ഞ് കൂട്ടിക്കെട്ടിയാണ് കൊക്കയിലിറങ്ങിയത്’

ഇടുക്കി – തൊടുപുഴ റോഡിൽ ഇടുക്കി ഡാമിനു സമീപം കൊക്കയിലേക്കു മറിഞ്ഞ കാറിൽനിന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് മലപ്പുറത്തു നിന്നുള്ള വിനോദ സഞ്ചാരികൾ. വിജനമായ സ്ഥലത്ത് കാർ കൊക്കയിലേക്കു പതിച്ച് മരണത്തെ മുഖാമുഖം കണ്ട കുടുംബത്തിനാണ്, മലപ്പുറം കൂട്ടിലങ്ങാടിയിൽനിന്നുള്ള വിനോദ സഞ്ചാരികൾ രക്ഷകരായത്. അതീവ ദുഷ്കരമായിരുന്നെങ്കിലും ഇവർ കൊക്കയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ്, ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. (ചിത്രത്തിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന ദൃശ്യം, മലപ്പുറത്തുനിന്നുള്ള വിനോദ സഞ്ചാരികൾ സംഭവം വിവരിക്കുന്നു.)

 

രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കുന്ന സമയത്ത് റോഡിൽ നിന്നവരിൽ ആരോ പകർത്തിയ വിഡിയോയാണ് പിന്നീട് പ്രചരിച്ചതെന്ന് മലപ്പുറം സ്വദേശികൾ പറയുന്നു. സംഭവത്തെക്കുറിച്ച് അവർ പറയുന്നത് ഇങ്ങനെ:

‘‘ഇടുക്കി ഡാം കണ്ട് പോരുന്ന വഴിക്ക് തൊടുപുഴ എത്തുന്നതിനു മുൻപായിട്ടാണ് ഈ സംഭവം. ഞങ്ങൾ വരുന്ന വഴി വാഹനം തടഞ്ഞ് ഓട്ടോക്കാരാണ് ഒരു കാർ കൊക്കയിലേക്കു വീണിട്ടുണ്ടെന്നു പറഞ്ഞത്. ഒരുപാടു വാഹനങ്ങൾക്കു കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ലെന്നും ഓട്ടോക്കാർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ സഹായിക്കാമോയെന്ന് അവർ ചോദിച്ചു’’ – സംഘത്തിലെ ഒരാൾ വിവരിച്ചു.

‘‘ഞങ്ങൾ പുറത്തിറങ്ങി നോക്കുമ്പോൾ സാധാരണ പോലെ ഇറങ്ങാവുന്ന താഴ്ചയിലായിരുന്നില്ല കാർ. താഴേയ്ക്ക് ഇറങ്ങാൻ ഒരു വടം കിട്ടുമോയെന്നു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഫയർ ഫോഴ്സിനെ വിളിക്കാൻ നോക്കിയെങ്കിലും ഫോണിനു റേഞ്ച് ഉണ്ടായിരുന്നില്ല. ആകെ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് ഉടുമുണ്ട് അഴിച്ച് കൂട്ടിക്കെട്ടാമെന്നു ഞങ്ങൾ തീരുമാനിച്ചു. മുകളിൽ നിന്നവർ അതിന്റെ ഒരറ്റത്ത് പിടിച്ചു. ഞങ്ങൾ രണ്ടു പേരാണ് താഴേക്ക് ഇറങ്ങിയത്. കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി ഒരുവിധത്തിലാണു മുകളിൽ റോഡിലെത്തിച്ചത്. മഴ പെയ്തതുകൊണ്ട് ആകെ ചെളിയായിരുന്നു. അപകടത്തിൽ തകർന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. എല്ലാവരെയും മുകളിലെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയശേഷം പൊലീസിനെയും വിവരം അറിയിച്ചാണ് മടങ്ങിയത്’ – സംഘം വ്യക്തമാക്കി.

വീഡിയോ കാണാം..

 


വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!