എയർഹോസ്റ്റസിൻ്റെ കൊലപാതകം: മൃതദേഹം കുളിമുറിയിൽ, കൊല ചെറുത്തുനിൽപ്പിനിടെ?; പ്രതി വസ്ത്രം മാറിയതും പരിക്കും നിർണായകമായി
മുംബൈ: അന്ധേരി മരോളില്‍ എയര്‍ഹോസ്റ്റസ് ട്രെയിനി കൊല്ലപ്പെട്ടത് ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെയെന്ന് സംശയം. കൊല്ലപ്പെട്ട എയര്‍ഹോസ്റ്റസ് ട്രെയിനി രുപാല്‍ ഒഗ്രേ (25) യെ പ്രതി വിക്രം അത്‌വാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനെ ചെറുത്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ സംശയം. എന്നാല്‍, പോലീസ് സംഘം ഇക്കാര്യത്തില്‍ ഔദോഗികമായ പ്രതികരണമോ സ്ഥിരീകരണമോ നല്‍കിയിട്ടില്ല.
ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണത്തൊഴിലാളിയായ വിക്രം ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മാലിന്യം ശേഖരിക്കാനും ശൗചാലയം വൃത്തിയാക്കാനുമെന്ന വ്യാജേന രാവിലെ 11 മണിയോടെയാണ് പ്രതി യുവതിയുടെ ഫ്‌ളാറ്റിലെത്തിയത്. പതിവായി വൃത്തിയാക്കാന്‍ വരുന്നതിനാല്‍ ഫ്‌ളാറ്റില്‍ യുവതി മാത്രമേയുള്ളൂവെന്ന് പ്രതി നേരത്തെ മനസിലാക്കിയിരുന്നു. 11 മണിയോടെ ഫ്‌ളാറ്റിലെത്തിയ പ്രതിക്ക് യുവതി വാതില്‍ തുറന്നുനല്‍കി. തുടര്‍ന്ന് അകത്തുകയറിയ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനെ ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഏതെങ്കിലുംരീതിയില്‍ യുവതി ചെറുത്തുനില്‍പ്പിന് ശ്രമിച്ചാല്‍ കത്തി കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതിയാണ് പ്രതി ആയുധം കൈയില്‍ സൂക്ഷിച്ചിരുന്നത്. ചെറുത്തുനില്‍പ്പിനും തര്‍ക്കത്തിനും ഇടയില്‍ പ്രതി കത്തി കൊണ്ട് യുവതിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പിടിവലിക്കിടെ പ്രതിയുടെ മുഖത്തും കൈയിലും പരിക്കേല്‍ക്കുകയും ചെയ്തു.
യുവതിയെ പരിക്കേല്‍പ്പിച്ചശേഷം പ്രതി ഫ്‌ളാറ്റിലെ തറ മുഴുവന്‍ കഴുകി വൃത്തിയാക്കി. ഇതിനുപിന്നാലെ ഓട്ടോലോക്ക് സംവിധാനം ഓണ്‍ചെയ്ത ശേഷം വാതിലടച്ച് പുറത്തുപോയി. തുടര്‍ന്ന് ചോരപുരണ്ട യൂണിഫോം കഴുകി വൃത്തിയാക്കുകയും മറ്റൊരു വസ്ത്രം ധരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
തുംഗയിലെ വീട്ടിലെത്തിയ പ്രതിയോട് കൈയിലെയും മുഖത്തെയും പരിക്കിനെക്കുറിച്ച് ഭാര്യ തിരക്കിയിരുന്നു. എന്നാല്‍, ജോലിക്കിടെ ചില്ല് പൊട്ടി പരിക്കേറ്റെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ഹൗസിങ് സൊസൈറ്റിയില്‍ ജോലിക്ക് എത്തുകയുംചെയ്തു.
സിസിടിവി ദൃശ്യങ്ങളും പരിക്കും നിര്‍ണായകമായി
ഞായറാഴ്ച രാത്രിയാണ് രുപാലിനെ ഫ്‌ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എയര്‍ഇന്ത്യയിലെ പരിശീലനത്തിനായി ഏപ്രില്‍ മാസത്തിലാണ് രുപാല്‍ മുംബൈയിലെത്തിയത്. മരോളിലെ ഫ്‌ളാറ്റില്‍ സഹോദരിക്കും സഹോദരിയുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു രുപാലിന്റെ താമസം. ഫ്‌ളാറ്റിലുണ്ടായിരുന്ന സഹോദരിയും ഇവരുടെ ആണ്‍സുഹൃത്തും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് പോയിരുന്നു. ഇതോടെ രുപാല്‍ മാത്രമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ വാട്‌സാപ്പില്‍ സംസാരിച്ച യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്. ഫോണ്‍ വിളിച്ചിട്ട് പ്രതികരണിമില്ലാത്തതിനാല്‍ മുംബൈയിലെ സുഹൃത്തുക്കളെയാണ് ബന്ധുക്കള്‍ ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫ്‌ളാറ്റിലെത്തി കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഒടുവില്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് പരിശോധിച്ചതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
അര്‍ധനഗ്നമായനിലയില്‍ കുളിമുറിക്കുള്ളിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴുത്തില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ചോരയില്‍കുളിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ ഹൗസിങ് സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ ഫ്‌ളാറ്റില്‍ വന്ന 40-ഓളം പേരെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യംചെയ്തു. ഇതിനിടെയാണ് രാവിലെ യൂണിഫോമില്‍ ജോലിക്കെത്തിയ വിക്രം മറ്റൊരു വസ്ത്രം ധരിച്ചാണ് ജോലികഴിഞ്ഞ് പുറത്ത് പോയതെന്ന് പോലീസ് ശ്രദ്ധിച്ചത്. ഇയാളെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കൈയിലും മുഖത്തും പരിക്കേറ്റ പാടുകള്‍ കണ്ടതും നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ കാരണം എന്താണെന്നുള്ളത് ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസിന്റെ ഔദ്യോഗിക പ്രതികരണം. പ്രതിയായ വിക്രമിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രതി വിക്രം കഴിഞ്ഞ ആറുമാസമായി ഹൗസിങ് സൊസൈറ്റിയിലെ ജീവനക്കാരനാണ്. ഇയാളുടെ ഭാര്യയും ഇതേ സൊസൈറ്റിയില്‍ ശുചീകരണത്തൊഴിലാളിയാണെന്നും ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ടെന്നും പോലീസ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക