ഇന്ത്യയുടെ പേര് മാറ്റി ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി സൂചന

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി സൂചന. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്.

ഒരു ഔദ്യോഗിക പരിപാടിയിൽ ആദ്യമായാണ് ഇത്തരത്തിൽ പേരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ‘ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ‘‘ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’’ എന്നാണ് ആർട്ടിക്കിൾ 1ൽ പറയുന്നത്. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്.

 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്ന് അദ്ദേഹം മുൻപു എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചിരുന്നു. ജൂലൈയിൽ പ്രതിപക്ഷ മുന്നണി, ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.

അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  ‘‘ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി ‘ഭാരത്’ ഉപയോഗിക്കാൻ തുടങ്ങണം. ഇംഗ്ലിഷ് സംസാരിക്കുന്നവർക്കു മനസ്സിലാകാൻ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോൾ അതു ശീലമായി. ഇനിയെങ്കിലും നമ്മൾ ഇത് ഉപയോഗിക്കുന്നത് നിർത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനിൽക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.’’– ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.

അതേ സമയം ഭരണഘടനയിലെ ‘ഇന്ത്യ’ എന്ന വാക്ക് മാറ്റി ഭാരതം എന്നാക്കി മാറ്റാനുളള കേന്ദ്ര സർ‌ക്കാർ നീക്കത്തിനെതിരെ വി ഡി സതീശൻ രംഗത്ത് വന്നു. ‘ഇൻഡ്യ’ മുന്നണിയെ നരേന്ദ്രമോദിയും കൂട്ടരും എത്രമാത്രം ഭയപ്പെടുന്നുവെന്നതിന് ഉദാഹരണമാണ് പുതിയ നീക്കം. ആ ‘ഇൻഡ്യ’യെ പേടിച്ചിട്ടാണ് ഭാരതത്തിലേക്ക് പോകുന്നത്. അവർക്ക് ഒന്നും ചെയ്യാനുമില്ല പറയാനുമില്ല. പഴയ ചരിത്രത്തെ മാറ്റി പുതിയ ചരിത്രം നിർമിക്കാനാണ് ശ്രമിക്കുന്നത്. അതിൽ അവർ പരാജയപ്പെടുമെന്നും വി ഡി സതീശൻ പറഞ്ഞു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!