ഭീഷണിക്കു വഴങ്ങിയില്ല, ‘നിലപാടിൽ’ ഉറച്ച് അഷ്റഫ്; KSRTC ബസ് തിരികെയോടിയത് 16 കി.മീ

കളമശേരി: ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റർ. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസിൽ അയച്ച ശേഷമാണു ബസ് തിരികെ ഓടിയത്. യാത്രക്കാരൻ ചമ്പകശേരി ഞാറക്കാട്ടിൽ എൻ.എ.അഷ്റഫിന്റെ പരാതിയിൽ ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. (ചിത്രത്തിൽ 1) അങ്കമാലി ഡിപ്പോയിലെത്തിയ ബസിൽ നിന്ന് ഇറങ്ങാതെ എൻ.എ.അഷ്റഫ് (ബസിനുള്ളിൽ ഇരിക്കുന്നയാൾ) 2) അഷ്റഫ്)

സെപ്റ്റംബർ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജംക്‌ഷനിൽനിന്നു തൃശൂർ സൂപ്പർഫാസ്റ്റ് ബസിൽ കയറിയ അഷ്റഫ് ആലുവ കെഎസ്ആർടിസി സ്റ്റാൻ‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാൽ, സ്റ്റാൻഡിലേക്കു ബസ് പോയില്ല. പകരം ദേശീയപാതയിൽ പുളിഞ്ചോട് ജംക്‌ഷനിൽ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിർദേശം.

സ്റ്റാൻ‍ഡിലല്ലാതെ ഇറങ്ങില്ലെന്നു ശഠിച്ച അഷ്റഫിനെയും കൊണ്ട് ബസ് യാത്ര തുടർന്നു. അങ്കമാലി ഡിപ്പോയിൽ എത്തിയപ്പോൾ കൂടുതൽ കെഎസ്ആർടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാൻ ശ്രമിച്ചുവെങ്കിലും അഷ്റഫ് വഴങ്ങിയില്ല. ഒടുവിൽ ബസ് ട്രിപ് മുടക്കി തിരിച്ചോടി അഷ്റഫിനെ രാത്രി 1.30ന് ആലുവ സ്റ്റാൻഡിൽ എത്തിച്ചു. രാത്രിയിൽ കെഎസ്ആർടിസി ബസുകളിൽ പലതും ആലുവ സ്റ്റാൻഡിൽ കയറുന്നില്ലെന്നു പരാതിയുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!