കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി; ടിക്കറ്റ് നിരക്കിലും വൻ കുറവ്
കേരള സെക്ടറിലേക്ക് പുതിയ സര്‍വീസുകളുമായി ഒമാന്‍, സൗദി വിമാന കമ്പനികള്‍. ഒമാന്‍ എയറും സലാം എയറും ഫ്ളൈനാസുമാണ് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യ വാരം മസ്‌കറ്റ്-തിരുവനന്തപും റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. നിലവില്‍ മസ്‌കറ്റില്‍ നി്ന്നും കണക്ഷന്‍ സര്‍വീസുകള്‍ വഴി എയര്‍ ഇന്ത്യയുമായി സഹകരിച്ച് തിരുവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്.
ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ കോഴിക്കോട്-മസ്‌കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാത്രി 10.30ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. തിരികെ പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്‌കറ്റില്‍ എത്തിച്ചേരും. മസ്‌കറ്റ്-കോഴിക്കോട് റൂട്ടില്‍ 65 റിയാല്‍ മുതലും തിരികെ 55 റിയാലിന് മുകളിലേക്കുമാണ് ടിക്കറ്റ് നിരക്കുകള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ളത്. നിലവില്‍ മസ്‌കറ്റില്‍ നിന്ന് ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസുകള്‍ നടത്തുന്നത്. സലാലയില്‍ നിന്ന് കോഴിക്കോടേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.
കണക്ഷൻ സർവീസുകൾ ലഭിക്കുന്നതിനാൽ പുതിയ സവീസുകൾ സൌദിയിലേക്കുൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങിലേക്കുളള യാത്രക്കാർക്കും ഉപകാരപ്രദമാകും.
ഒക്ടോബർ രണ്ടു മുതൽ സലാം എയർ ഫുജൈറയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തും. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്.
രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ സമയം ലഭിക്കും.
ഒരു പകൽ മുഴുവൻ മസ്കത്തിൽ ചെലവഴിക്കാൻ താൽപര്യമുള്ളവർക്ക് ഈ സർവീസ് തിരഞ്ഞെടുക്കാം. രാവിലെ 4.20 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7 മണിക്കൂർ പിന്നിട്ട് 9.50ന് ഫുജൈറയിലെത്തും. ടിക്കറ്റ് നിരക്ക് 12510 രൂപ. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്കും ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.
ഫുജൈറ, അജ്മാൻ, റാസൽഖൈമ, ഷാർജ, ഉമ്മുൽഖുവൈൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഫുജൈറ വിമാനത്താവളത്തെ ആശ്രയിക്കാം. യാത്രക്കാരുടെ സൗകര്യാർഥം സമീപ എമിറേറ്റുകളിലേക്കു ബസ് സർവീസും ഉടൻ ആരംഭിക്കും. നേരിട്ടു സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യൻ വിമാന കമ്പനികളുമായും എയർപോർട്ട് അധികൃതർ ചർച്ച പൂർത്തിയാക്കി. ഒക്ടോബർ 2 മുതൽ മസ്കത്ത് വഴി ഹൈദരാബാദിലേക്കും പുതിയ സർവീസ് ആരംഭിക്കും.
∙ 10,000 രൂപയ്ക്കും ടിക്കറ്റ്
ടിക്കറ്റ് നിരക്കിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഫുജൈറയിലേക്കുള്ള വിമാന സർവീസ്. തിരുവനന്തപുരത്തേക്ക് 600 ദിർഹത്തിൽ (13000 രൂപ) താഴെയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 450 ദിർഹത്തിനു (10,000 രൂപ) ടിക്കറ്റ് ലഭിക്കും. ഒരു വശത്തേക്ക് 20000 രൂപയ്ക്കു മേൽ ടിക്കറ്റ് നിരക്ക് നൽകേണ്ട സാഹചര്യത്തിൽ ഫുജൈറ വഴിയുള്ള യാത്രയാണ് ഇപ്പോൾ പ്രവാസികൾ കൂടുതലായും ആശ്രയിക്കുന്നത്.
സൗദി ബജറ്റ് കമ്പനിയായ ഫ്ളൈ നാസ് കരിപ്പൂരിലേക്കുള്ള സർവീസ് ആഴ്ചയിൽ ആറ് ദിവസമാക്കി വർധിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതലാണ് വിപൂലീകരിച്ച സർവീസ് ഫ്ളൈ നാസ് ആരംഭിക്കുക. ബുധൻ ഒഴികെയുള്ള എല്ലാ ദിവസവും സൌദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഫ്ളൈനാസ് കരിപ്പൂരിലേക്ക് സർവീസ് നടത്തും.
റിയാദ്-കോഴിക്കോട് സെക്ടറിലാണ് ഫ്ളൈനാസ് സർവീസ്. നിലവിൽ ആഴ്ചയിൽ നാല് ദിവസമുള്ള സർവീസ് 6 ദിവസമായി ഉയർത്തും. ജിദ്ദ, അബഹ, നജ്റാൻ, ജിസാൻ, ദമ്മാം, തബൂക്ക് തുടങ്ങിയ നഗരങ്ങളിലേക്കും ഫ്ളൈനാസ് കണക്ഷൻ സർവീസുകൾ നൽകും.
റിയാദിൽ നിന്ന് അർധരാത്രി 12.05 ന് പുറപ്പെടുന്ന വിമാനം രാവിലെ 07:30 നാണ് കരിപ്പൂരിൽ ഇറങ്ങുക. തിരിച്ച് കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. മൂന്ന് തരം കാറ്റഗറികളിലായാണ് ടിക്കറ്റ് നിരക്ക് ക്രമീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കിൽ 20 കിലോ ലഗ്ഗേജിനോടൊപ്പം 7 കിലോ ഹാൻഡ് ബാഗും അനുവദിക്കും. തൊട്ടടുത്ത കാറ്റഗറിയിൽ 30 കിലോ ലഗ്ഗേജിനൊപ്പം 7 കിലോ ഹാൻഡ് ബാഗും, ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജിനൊപ്പം, ഏഴു കിലോ ഹാൻഡ് ബാഗും അനുവദിക്കുന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക