യുഎസിലെ മരുഭൂമിയിൽ കനത്ത മഴ; ഉത്സവത്തിനെത്തിയ 73,000 പേർ മൂന്ന് ദിവസമായി ചെളിക്കുണ്ടിൽ കുടുങ്ങി – വീഡിയോ

യുഎസിലെ നെവാഡയിൽ മരുഭൂമിയിൽ തുടർച്ചയായി മഴപെയ്തതോടെ ചെളിയിൽ കുടുങ്ങി 73,000 പേർ. നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാൻ’ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് കുടുങ്ങിയത്. ഒരാൾ കൊല്ലപ്പെട്ടു. പ്രളയത്തെത്തുടർന്നു ഉത്സവം നടക്കുന്ന ബ്ലാക്ക് റോക്ക് മരുഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. എല്ലാ വർഷവും നെവാഡയിൽ നടക്കുന്ന പ്രശസ്തമായ കലാ, സാംസ്കാരിക ഉത്സവമാണ് ബേണിങ് മാൻ. ഇതിന്റെ ഭാഗമായി വലിയ തടിക്കോലം കത്തിക്കാറുണ്ട്. ഈ വർഷം ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെയാണ് ഉത്സവം സംഘടിപ്പിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ തടിക്കോലം കത്തിക്കാൻ സാധിച്ചിട്ടില്ല.

കനത്ത മഴയിൽ മരുഭൂമി ചതുപ്പുനിലമായതോടെ ആളുകളുടെ കാലുകളും വാഹനങ്ങളുടെ ടയറുകളും ഉൾപ്പെടെ താഴ്ന്നു പോകുകയായിരുന്നു. ഒട്ടേറെ പേർ കാൽനടയായി യാത്ര ചെയ്ത പുറത്തെത്തിയെങ്കിലും ഇതിനു സാധിക്കാതെ നിരവധിപ്പേർ കുടുങ്ങിപ്പോയി. വാഹനം ഓടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 0.8 ഇഞ്ച് മഴയാണ് വടക്കുപടിഞ്ഞാറൻ നെവാഡയിൽ പെയ്തിറങ്ങിയത്. സാധാരണഗതിയിൽ മൂന്നു മാസം കൊണ്ടാണ് ഇത്രയും മഴ ലഭിക്കാറുള്ളതെന്നാണ് ഉത്സവത്തിനെത്തിയവർ ഉൾപ്പെടെ മാധ്യമങ്ങളോടു പറഞ്ഞത്.

 

 

ക്യാംപിൽ കുടങ്ങിക്കിടക്കുന്നവർ ഭക്ഷണം പങ്കുവയ്ക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. താൽക്കാലിക മൊബൈൽ ടവറുകൾ, വൈഫൈ സംവിധാനങ്ങൾ ഉൾപ്പെടെ ഇവിടെ ക്രമീകരിക്കുന്നുണ്ട്. വൈദ്യസഹായം ഉൾപ്പെടെ എത്തിക്കുന്നതിന് പ്രത്യേക വാഹനങ്ങളും എല്ലാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന സാധിക്കുന്ന ടയറുകളും സംഘാടകർ എത്തിച്ചു.

മരുഭൂമികളിലെ വരണ്ട തടാകങ്ങളിൽനിന്നു (പ്ലേയ) വെള്ളം ഒഴുകിപ്പോകുന്നതിനുപകരം ബാഷ്പീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ചെറിയ മഴ പെയ്താൽ തന്നെ ഇവ ചെളിക്കുണ്ടുകളായി മാറും. എന്നാൽ ഒരാൾ മരിച്ചതിന് കാലാവസ്ഥയുമായി ബന്ധമില്ലെന്ന് ബേണിങ് മാൻ സംഘാടകർ വ്യക്തമാക്കി. വെള്ളിയാഴ്ച നാൽപതു വയസ്സുകാരനായ ഒരാൾ സഹായം തേടി എമർജൻസി വിഭാഗത്തിലേക്ക് വിളിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പെർഷിങ് കൗണ്ടി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.

റോഡുകൾ എപ്പോൾ തുറക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ തിങ്കളാഴ്ചയോടെ മഴ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കഴിഞ്ഞ് മണ്ണിന്റെ ഈർപ്പം മാറിയശേഷമെ കുടുങ്ങിക്കിടക്കുന്നവർക്ക് പുറത്തെത്താനാകൂ. നിലവിൽ ബ്ലാക്ക് റോക്ക് സിറ്റിയിലേക്കുള്ള ഗേറ്റും വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്. അടിയന്തര വാഹനങ്ങൾ ഒഴികെ നഗരത്തിലേക്കോ പുറത്തേക്കോ ഡ്രൈവിങ് അനുവദനീയമല്ല. ഉത്സവത്തോടനുബന്ധിച്ച് വർഷം തോറും സ്ഥാപിക്കുന്ന താൽക്കാലിക നഗരമാണ് ബ്ലാക്ക് റോക്ക് സിറ്റി.

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!