ഒരു ലക്ഷം രൂപ നേടാന്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനിറങ്ങി; ജിദ്ദ പ്രവാസി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. സൗദിയില്‍ സാമുഹിക പ്രവർത്തകനും ചാരിറ്റി പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന തുവ്വൂര്‍ മമ്പുഴ സ്വദേശിയായ തയ്യില്‍ മുനീര്‍ബാബു ഫൈസി (39) ആണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണം സുരക്ഷിതമായി കടത്തിയാല്‍ കള്ളക്കടത്തുസംഘം മുനീര്‍ബാബുവിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

വെള്ളിയാഴ്ച്ച രാവിലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മുനീര്‍ബാബുവില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

മുനീര്‍ബാബു നാലു ക്യാപ്‌സ്യൂളുകളായി തന്റെ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്.പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മുനീര്‍ബാബുവിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കും.

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ കസ്റ്റംസ് വന്‍ ലഹരി വേട്ട നടത്തിയിരുന്നു. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. കെനിയയിലെ നെയ്‌റോബിയില്‍ നിന്ന് വന്ന ഇയാളില്‍ നിന്ന് മൂന്നരക്കിലോ കൊക്കെയ്‌നും ഒന്നേകാല്‍ കിലോ ഹെറോയ്‌നുമാണ് കരിപ്പൂരിൽ പിടിച്ചെടുത്തത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!