ക്യാമറ വഴി ഇൻഷൂറൻസ് പരിശോധന; വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി നിരക്ക് കുറയും
സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി നിരക്ക് കുറയുമെന്ന് ഇൻഷുറൻസ് മേഘലയിലെ ഔദ്യോഗിക വക്താവ് അദെൽ അൽ-ഇസ പറഞ്ഞു. വാഹനങ്ങളുടെ ഇൻഷൂറൻസ് ക്യാമറകൾ വഴി പരിശോധിക്കാനുള്ള തീരുമാനം വന്നതിന് പിറകെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ക്യാമറകൾ വഴി ഇൻഷൂറൻസ് പരിശോധിക്കാനുള്ള ട്രാഫിക് വിഭാഗത്തിൻ്റെ തീരുമാനം ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഇൻഷൂർ ചെയ്യാത്തവരെല്ലാം ഇൻഷൂർ ചെയ്യാൻ പുതിയ തീരുമാനത്തിലൂടെ വഴി തുറക്കും. രാജ്യത്ത് ഏകദേശം 50 ശതമാനത്തോളം ആളുകൾ പുതിയതായി ഇൻഷൂർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഷൂർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കൂടുംതോറും ഇൻഷൂറൻസ് പോളിസി നിരക്ക് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച “നജ്ം” കമ്പനിയുടെ നേതൃത്വത്തിലുള്ള ഇൻഷുറൻസ് കമ്പനികൾ ആരംഭിച്ച “അമാൻ തസ്ലീം” എന്ന ബോധവൽക്കരണ ക്യാമ്പയിനിൽ, വ്യക്തികളെ അവരുടെ വാഹനങ്ങൾ ഇൻഷുർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ അവതരിപ്പിച്ചു. ഇൻഷുറൻസ് ഉൽപന്നങ്ങളെക്കുറിച്ചും ഇൻഷൂറൻസിൻ്റെ ഫലങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ ഇൻഷൂറൻസ് ക്യാമറകൾ വഴി ഓട്ടോമാറ്റിക്ക് ആയി നിരീക്ഷിക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്ന് മുതൽ നിരീക്ഷണം ആരംഭിക്കും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലും നിരീക്ഷണ സംവിധാനം നടപ്പിലാക്കുമെന്നും എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
വാഹനങ്ങൾക്ക് സാധുമവായ ഇൻഷൂറൻസ് പോളിസി ഇല്ലാതിരിക്കൽ, ഇൻഷൂറൻസ് കാലഹരണപ്പെടൽ എന്നിവയെല്ലാം നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം നിമയം ലംഘനങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ വേണമെന്നില്ല. വാഹനം നിരത്തിലൂടെ ഓടി തുടങ്ങുമ്പോൾ തന്നെ നമ്പർ പ്ലേറ്റ് വഴി ക്യാമറ കണ്ണുകൾ നിയമ ലംഘനം രേഖപ്പെടുത്തും.
ഒക്ടോബർ 1 മുതൽ ഓട്ടോമാറ്റിക് നിരീക്ഷണം ആരംഭിക്കുന്നതിനാൽ ഇൻഷൂറൻസ് കാലഹരണപ്പെട്ടവർ വേഗത്തിൽ സാധുവായ ഇൻഷൂറൻസ് പോളിസി എടുക്കുന്നതാണ് ഉചിതം.
ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും ട്രാഫിക് അപകടസമയത്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങൾ സുരക്ഷിതമാക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനമോടിക്കുന്നവരോടും പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക