ഗൾഫിൽ തൊഴിൽ തേടിയെത്തിയ മലയാളി യുവാവ് മദ്യ മാഫിയയിൽ ‘കുടുങ്ങി’ ജയിലിലായി; ഒടുവിൽ ദുരിതജീവിതം താണ്ടി വെറും കയ്യോടെ നാട്ടിലേക്ക് മടക്കം
യുഎഇയിലെ മദ്യക്കടത്ത് മാഫിയാ സംഘത്തിൽപ്പെട്ട് ജീവിതം നശിപ്പിച്ച മലയാളി പ്രവാസി യുവാവിന്റെ ജീവിത കഥയാണിത്. മദ്യവിൽപനയ്ക്കിടെ പൊലീസ് പിടികൂടി ജയിൽ ശിക്ഷയനുഭവിക്കേണ്ടി വന്ന കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയായ യുവാവ് ഒടുവിൽ വെറുകൈയോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു. ഏഴ് വർഷം മുൻപാണ് യുവാവ് തൊഴിൽ തേടി യുഎഇയിലെത്തിയത്. (ചിത്രത്തിൽ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് അഡ‍്വ. പ്രീതാ ശ്രീറാം മാധവിനോടൊപ്പം)
പള്ളിക്കരയിലെ നിർധന കുടുംബത്തിലെ മൂത്ത മകനായാണ് യുവാവ് ജനിച്ചത്. ഇയാള്‍ ബാലനായിരിക്കുമ്പോൾ തന്നെ പിതാവ് മരിച്ചു. ഒരു സഹോദരനും മാതാവുമാണ് ഇപ്പോഴുള്ളത്. യുഎഇയിലെത്തി വൈകാതെ ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ ചെറിയൊരു ജോലിയും ലഭിച്ചു. രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്ക് 2 മാസത്തെ അവധിക്ക് പോകുമായിരുന്നു. ചെറിയ ശമ്പളമാണെങ്കിലും ഉള്ളതുകൊണ്ട് യുവാവിന്റെ അമ്മയും വിദ്യാർഥിയായിരുന്ന അനുജനും സുഖമായി കഴിഞ്ഞു. പിന്നീട് അനുജനേയും യുഎഇയിലേയ്ക്ക് കൊണ്ടുവന്നു.
∙ ദുരിതം കൊണ്ടുവന്ന കോവിഡ്19
ലോകം കോവിഡ‍്19 പ്രതിസന്ധിയിലായപ്പോൾ അത് യുവാവിന്റെ സൂപ്പർമാർക്കറ്റിലെ ബിസിനസിനേയും ബാധിച്ചു. ഇയാളെയടക്കം ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടു. എങ്കിലും മറ്റൊരു ജോലി കണ്ടെത്തുകയായിരുന്നു യുവാവിന്റെ അടുത്ത ലക്ഷ്യം. പക്ഷേ, കോവിഡ് രൂക്ഷമായതോടെ ജോലി കിട്ടിയില്ലെന്ന് മാത്രമല്ല, മാസങ്ങളോളം വിമാന സർവീസ് മുടങ്ങിയതിനാൽ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് യുവാവിനെ തേടി അനധികൃത മദ്യവിൽപന സംഘമെത്തിയത്. അവർ യുവാവിന്റെ നിസഹായത മുതലെടുത്ത് മദ്യം പലയിടത്തും വിതരണം ചെയ്യുന്ന ജോലി ഏൽപിച്ചു. ഇതിന്റെ ഗൗരവം അറിയാതെയായിരുന്നു യുവാവ് സംഘത്തിൽപ്പെട്ടത്. എന്നാൽ ഭക്ഷണവും താമസ സൗകര്യവും മാത്രമേ യുവാവിന് ലഭിച്ചുള്ളൂ. പ്രതിഫലമൊന്നും ലഭിച്ചില്ല. എങ്കിലും തത്കാലം ഇതേ ജോലി തുടരാൻ തന്നെ യുവാവ് തീരുമാനിച്ചു.
ഒരു ദിവസം ഇത്തരം ജോലിക്കിടെ യുവാവിനെ ദുബായ് പൊലീസ് കൈയോടെ പിടികൂടി. താമസസ്ഥലത്ത് നിന്നാണ് യുവാവ് അടക്കം 3 പേരെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തെ തടവും അതിന് ശേഷം നാടുകടത്തലുമായിരുന്നു കോടിതി വിധിച്ചത്.ഇതിനിടെ യുവാവിന് ജയിലിൽ വച്ച് പക്ഷാഘാതം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിസയോ ആരോഗ്യ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രിയിൽ വലിയ തുക ബില്ല് അടക്കേണ്ടതായുണ്ടായിരുന്നു.
ഇത് അടക്കാനാകാതെ പ്രതിസന്ധിയിലായ യുവാവിന് ദുബായ് സേവാ ഭാരതി സംഘടനാ പ്രവർത്തകരായ രവി, ശശി എന്നിവരും അഡ്വ.പ്രീത ശ്രീറാം മാധവും ഇടപെടുകയും ബില്ല് അടച്ചതടക്കമുള്ള സഹായം നൽകുകയും ചെയ്തു. ശിക്ഷാകാലാവധി കഴിഞ്ഞതിനാൽ തിരിച്ച് ജയിലിലേയ്ക്ക് പോകേണ്ടി വന്നില്ലെങ്കിലും നാടു കടത്തൽ ഉത്തരവുള്ളതിനാൽ യുഎഇയിൽ തുടർജീവിതം നയിക്കാൻ സാധിച്ചില്ല. എങ്കിലും ജയിൽ വഴി മാത്രമേ നാട്ടിലേയ്ക്ക് പോകാനാകുമായിരുന്നുള്ളൂ.
ഇൗ സമയത്താണ് യുഎഇയിലെ അറിയപ്പെടുന്ന അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രീത ശ്രീറാമിന് സേവാ ഭാരതി പ്രവർത്തകർ കേസ് ഏൽപിക്കുന്നത്. ജയിലധികൃതരുമായി ബന്ധപ്പെട്ട് യുവാവിന് തിരിച്ചുപോകാനുള്ള വഴിയൊരുക്കുകയായിരുന്നു അഡ്വ.പ്രീത ശ്രീറാം മാധവിന്റെ ആദ്യത്തെ ശ്രമം. ഇന്ത്യൻ കോണ്‍സുലേറ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന സാമൂഹിക–ജീവകാരുണ്യ പ്രവർത്തകൻ പ്രവീൺ വിമാന ടിക്കറ്റ് കോൺസുലേറ്റിൽ നിന്ന് ഏർപ്പാടാക്കുകയും അധികൃതർ ജയിലിൽ യുവാവിനെ സന്ദർശിക്കുകയും ചെയ്തു. ഞായറാഴ്ചയ്ക്കകം യുവാവിന് നാട്ടിലേയ്ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
∙ മദ്യമാഫിയകളെയും സ്വർണക്കടത്തുകാരെയും സൂക്ഷിക്കുക
പള്ളിക്കര സ്വദേശിയായ യുവാവിന്റെ ജീവിത ദുരിത കഥ ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഡ‍്വ.പ്രീത ശ്രീറാം മാധവ് പറയുന്നു. ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട് വീസാ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയിലാകുന്ന യുവതീ യുവാക്കളെ വലയിലാക്കാൻ ഒട്ടേറെ അനധികൃത മദ്യവിൽപനക്കാരും സ്വർണക്കടത്തുകാരും റോന്തു ചുറ്റുന്നുണ്ട്. തൊഴിലാളിയിടങ്ങളിലും ബാച് ലർ ഫ്ലാറ്റുകളിലുമാണ് അനധികൃതമായി മദ്യം എത്തിക്കേണ്ടത്. വളരെ നിലവാരം കുറഞ്ഞ മദ്യം ചെറിയ തുകയ്ക്കാണ് വിൽക്കുന്നത്. ഒാരോ ബോട്ടിലും വിൽക്കുന്നതിനനുസരിച്ച് കമ്മീഷനാണ് യുവാക്കൾക്ക് ലഭിക്കുക. മോശമല്ലാത്ത സമ്പാദ്യം ലഭിക്കുന്നെങ്കിലും, മദ്യത്തിനു ഇവര്‍ അടിമയുമാകുന്നതാണ് മറ്റൊരു ദോഷവശം.
ഇത്തരം ചതിയിൽപ്പെട്ട് ജീവിതം തുലയ്ക്കുന്ന ഒട്ടേറെ യുവാക്കള്‍ നിത്യക്കാഴ്ചകളാണെന്നും അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞു. സന്ദർശക വീസയിലെത്തി ജോലി ലഭിച്ചില്ലെങ്കിൽ വീസ പുതുക്കാനായില്ലെങ്ിലും എത്രയും പെട്ടെന്ന് തിരിച്ചുപോവുകയാണ് ഇതുപോലുള്ള കെണിയിൽപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല വഴി. സൂക്ഷിക്കുക, നിങ്ങളെ ഉന്നമിട്ട് ഒട്ടേറെ പേർ ചുറ്റുമുണ്ടെന്ന് തിരിച്ചറിയുക. അവർ നിങ്ങളെ ഉപയോഗിച്ച് അന്യായമായി പണം സമ്പാദിച്ച് തടിച്ചു കൊഴുക്കുമെങ്കിലും നിങ്ങളുടെ ജീവിതം ഇരുട്ടറയിൽ തളയ്ക്കപ്പെടുന്നു.
(കടപ്പാട്: സാദിഖ് കാവിൽ, മനോരമ)
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273