‘ഇന്ന് അവളുടെ പിറന്നാളാണ്, വൈകുന്നേരം ജീവനില്ലാതെയാണ് മോള് വന്നത്’; പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് നമിതയുടെ മാതാപിതാക്കള്‍

കൊച്ചി: മൂവാറ്റുപുഴയിൽ നിർമല കോളജിനു മുന്നിൽ ബിരുദ വിദ്യാർഥിനി നമിതയുടെ ദാരുണമായ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിൽ ബൈക്ക് ഓടിച്ച ആൻസൻ റോയി ലഹരി ഉൾപ്പെടെ 11 കേസുകളിൽ പ്രതി. ആൻസനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ശക്തമായ വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്തത്. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ ആൻസൻ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇതിന് മുൻപും അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയിട്ടുണ്ട്. ഇയാൾ ലഹരിയിലായിരുന്നു എന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിൽ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് കോളജിനു മുന്നിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ ആർ.നമിത (19) മരിച്ചത്. ബികോം അവസാനവർഷ വിദ്യാർഥിയായിരുന്ന നമിത വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ നമിതയുടെ  കൂട്ടുകാരി അനുശ്രീ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പരുക്കേറ്റ് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ആൻസനെ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. സഹപാഠിയുടെ മരണത്തിനു കാരണക്കാരനായ ആൻസനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രോഷാകുലരായി നിലയുറപ്പിച്ചതോടെ പുലർച്ചെ രണ്ടു മണിയോടെയാണ് ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്.

അപകടത്തിനു ശേഷം ആൻസൻ നടത്തിയ പ്രതികരണവും അപകടപ്പെട്ടവർക്കെതിരെ പറഞ്ഞ പുലഭ്യവുമൊക്കെയാണ് കുട്ടികളെ പ്രകോപിപ്പിച്ചത്. അപകടമുണ്ടാകുന്നതിനു മുൻപ് അതുവഴി അമിതവേഗത്തിൽ സഞ്ചരിച്ച ആൻസനോട് വേഗം കുറയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും അതു തള്ളിക്കളഞ്ഞ് മനപ്പൂർവമെന്നവണ്ണം അതിവേഗത്തിൽ വാഹനമോടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കോളജിൽ എത്തിച്ച നമിതയുടെ മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും അശ്രുപൂജയർപ്പിച്ചു. തുടർന്ന് വീട്ടിലെത്തിച്ചപ്പോൾ അമ്മ ഗിരിജയും അനുജത്തി നന്ദിതയും ബോധരഹിതരായി. വൈകിട്ട്  മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.

 

 

മകൾ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് മരിച്ച നമിതയുടെ രക്ഷിതാക്കൾ. നമിതയുടെ അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും രക്ഷിതാക്കൾ പറഞ്ഞു.

ഇന്ന് നമിതിയുടെ ഇരുപതാം പിറന്നാളാണ്, ആഘോഷങ്ങൾ നടക്കേണ്ട വീട്ടിലേക്ക് ഇന്നലെ നമിതയുടെ ചേതനയറ്റ ശരീരമാണ് എത്തിയത്. പിറന്നാളിനെക്കുറിച്ചൊക്കെ പറഞ്ഞാണ് പരീക്ഷക്ക് പോയത്. എന്നാല്‍ ഉച്ചയായിട്ടും അവള്‍ വന്നില്ല. വൈകുന്നേരമായപ്പോള്‍ ജീവനില്ലാതെയാണ് അവള്‍ വീട്ടിലേക്ക് കയറിവന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ബികോം അവസാന വർഷ വിദ്യാർഥിയായ നമിതയ്ക്ക് സിഎ പഠിച്ച് കുടുംബത്തിന് താങ്ങാകണമെന്നായിരുന്നു ആഗ്രഹം. മകളുടെ അപ്രതീക്ഷിതമായ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും രക്ഷിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന്കാരണക്കാരനായ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, കേസിൽ പ്രതിയായ ആൻസണെതിരെ നരഹത്യ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയുടെഅറസ്റ്റിലേക്ക് കടന്നിട്ടില്ല. അപകടത്തിൽ പരിക്കേറ്റ പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കും തുടർനടപടി.

അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതുകൊണ്ടു തന്നെ ആൻസണിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് മോട്ടോർവാഹന വകുപ്പും കടക്കും. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!