നൗഷാദിനെ ഭാര്യ കൊന്നിട്ടില്ല!; തൊടുപുഴയിൽ കണ്ടെത്തി, നാടുവിട്ടത് ഭാര്യയെ പേടിച്ചിട്ടെന്ന് നൗഷാദ്
തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കത്തിലായിരുന്നു. അതിനിടെയാണ് നൌഷാദിനോ കണ്ടെത്തുന്നത്. അതേസമയം അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു.
ആരോടും അടുപ്പംകൂടാതെ വാടകവീട്ടിലെ താമസം
നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടകവീട്ടിൽ കഴിഞ്ഞത് ആരോടും വലിയ സൗഹൃദമില്ലാതെ. വിശാലമായ പറമ്പിനു നടുവിലെ പഴയ വീട്ടിൽ ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളാണു വാടകയ്ക്കു താമസിക്കുന്നതെന്ന് വാർഡ് അംഗം ശ്രീലേഖ ഹരികുമാർ പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ സ്ഥിരമായി അഫ്സാനയെ നൗഷാദ് മർദിക്കുമായിരുന്നു.
പലപ്പോഴും മർദനം സഹിക്കാൻ വയ്യാതെ തങ്ങളുടെ വീട്ടിൽ എത്തുമായിരുന്നുവെന്നു പ്രദേശവാസിയായ ഷാനി പറഞ്ഞു. 2 കുട്ടികളുമായി എത്തുന്ന അഫ്സാനയെ ഏറെ നേരം കഴിഞ്ഞു നൗഷാദ് വന്നു വിളിച്ചുകൊണ്ടു പോകുമായിരുന്നു. ആദ്യം പഴക്കച്ചവടമായിരുന്നു തൊഴിൽ. പിന്നീട് ഷാനിയുടെ ഭർത്താവിനൊപ്പം ഐസ് ഫാക്ടറിയിൽ നൗഷാദ് ജോലി ചെയ്തിരുന്നു.
നാടുവിട്ടത് ഭാര്യയെ പേടിച്ച്, ഇനി അങ്ങോട്ടില്ല; വാര്‍ത്തകളൊന്നും അറിഞ്ഞിരുന്നില്ലെന്ന് നൗഷാദ്
ഭാര്യ അഫ്‌സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയ നൗഷാദ് പറഞ്ഞു. തൊമ്മന്‍കുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദ് സ്ഥലത്ത് ഉള്ളതായി ഇയാൾ താമസിച്ചിരുന്ന പ്രദേശത്തെ ചിലർ പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇയാളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് പ്രദേശവാസിയായ ജയ്‌മോന്‍ എന്ന പോലീസുകാരന്‍ സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു. വീട്ടില്‍നിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസില്‍ മൊഴി നല്‍കിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു.
ഭാര്യയുടെ അടുത്തേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായുള്ള മൊഴി പോലീസിന് നല്‍കിയതെന്ന് അറിയില്ലെന്ന് നൗഷാദ് പറയുന്നു. ഭാര്യയുമായി ചില വഴക്കുകളൊക്കെ ഉണ്ടായിരുന്നു. കുടുംബവുമായി തനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പേടിച്ചിട്ടാണ് ഭാര്യയുടെ അടുത്തുനിന്ന് പോന്നത്. അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു.
നിലവില്‍ നൗഷാദിനെ തൊടുപുഴയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഉച്ചയോടെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. ഭാര്യയുടെ കൂടെ താമസിക്കാന്‍ താത്പര്യമില്ല എന്നാണ് നൗഷാദ് പറഞ്ഞത്. ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി തോന്നിയിരുന്നതായും നൗഷാദ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273