സ്വദേശിയുടെ കൊലപാതകം, വിഎസിനെതിരെ ബോംബ് ഭീഷണി, 24 വർഷത്തെ ജയിൽ വാസം: ബഷീർ നാട്ടിലേക്ക്; നെഞ്ചുരുകും ഈ പ്രവാസിയുടെ ജീവിതകഥ കേട്ടാൽ
മനാമ: ഒരു മനുഷ്യായുസ്സിന്റെ ഭൂരിഭാഗവും ജയിലിൽ കഴിയേണ്ടിവന്ന പ്രവാസി മലയാളി കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി സീറവളപ്പിൽ ബഷീർ ബഹ്‌റൈനിലെ ജയിലിൽ നിന്ന് മോചിതനായി.
ഓരോ ദിനങ്ങളും എണ്ണിയെണ്ണി കണക്കാക്കിയാണ് ബഷീർ ബഹ്‌റൈനിലെ ജയിലിൽ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ജയിൽ മോചിതനാകുമ്പോഴും ഇദ്ദേഹം ദിവസക്കണക്കിൽ ആണ് തന്റെ ജയിൽ ജീവിതത്തെ ഓർത്തെടുക്കുന്നത്. നീണ്ട ഇരുപത്തിനാലര വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം ബഷീർ ഇന്നലെ (ചൊവ്വ) രാത്രി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇനി ഒരാൾക്കും തന്റെ ഗതി ഉണ്ടാവരുതെന്നാണ് ഇദ്ദേഹത്തിന്റെ പ്രാർഥന. ഇനി ഉമ്മയ്ക്കും മകനും ഭാര്യയ്ക്കുമൊപ്പം ശിഷ്ടകാലം കഴിയാനാണ് ആഗ്രഹമെന്നും ബഷീർ പറയുന്നു.
∙ 23–ാം വയസ്സിൽ തടവറയിൽ; മാപ്പുതേടി കുടുംബം ബഹ്റൈനിലേക്ക്
1999 ൽ 23–ാമത്തെ വയസ്സിലാണ് ബഷീർ ബഹ്‌റൈനിൽ ജയിലിലായത്. ജോലി സ്‌ഥലത്തിനടുത്ത് നടന്ന കലഹത്തിനിടെ ബഷീറിന്റെ കൈയബദ്ധത്തിൽ സ്വദേശി കൊല്ലപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വദേശിയുടെ ഭാര്യയും ബഷീറിനോടൊപ്പം അറസ്റ്റിൽ ആയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അവരെ വെറുതെ വിട്ട കോടതി ബഷീറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ബഷീർ നിയമ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു.
നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകാൻ തയാറായ ബഷീറിന്റെ ഉമ്മ കഴിഞ്ഞ 24 വർഷമായി മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ല. ബഷീറിന്റെ മാതാവ് കുഞ്ഞീബി കൊല്ലപ്പെട്ട സ്വദേശിയുടെ മാതാവിനെയും സഹോദരിയെയും നേരിട്ട് കണ്ട് ബഷീറിന് മാപ്പ് നൽകണമെന്ന് അപേക്ഷിക്കാൻ ബഹ്റൈനില്‍ എത്തിയിരുന്നു. കാര്യങ്ങൾ മുന്നോട്ട് പോയെങ്കിലും പിന്നീട് കൊല്ലപ്പെട്ട സ്വദേശി പൗരന്റെ മാതാവും സഹോദരിയും മരിച്ചതോടെ ആ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
∙ ബഹ്റൈനിലെത്തിയ രാഷ്ട്രീയ നേതാക്കളിൽ പ്രതീക്ഷയർപ്പിച്ചു; പക്ഷേ…
ജയിലിൽ അകപ്പെട്ട കാലം മുതൽ നാട്ടിലെ വാർത്തകളും വിശേഷങ്ങളും പത്രങ്ങളിലൂടെ അറിഞ്ഞിരുന്ന ബഷീർ ബഹ്‌റൈനിൽ ഓരോ നേതാക്കന്മാർ എത്തുമ്പോഴും പ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞത്. 2015 ജനുവരിയിൽ അന്നത്തെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്‌റൈനിൽ എത്തിയപ്പോൾ മുതൽ പ്രതീക്ഷയുമായി സഹോദരൻ ഹാരിസ് പല നേതാക്കളെയും കണ്ടെങ്കിലും പ്രതീക്ഷകൾ അസ്‌ഥാനത്തായി. 2016 ൽ ബഹ്‌റൈനും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള നടപടികൾ അംഗീകരിച്ചപ്പോൾ നാട്ടിലെ ജയിലിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു ബഷീറിന്. എന്നാൽ ആ നടപടികളും വാർത്താ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുകയായിരുന്നു.
∙എന്തിനും ഏതിനും ബന്ധുക്കൾ മാത്രം
ജയിൽ ജീവിതത്തിനിടയിലും തന്റെ ദുഃഖങ്ങൾ മറക്കാൻ വളരെ സരസമായി സംസാരിക്കുമായിരുന്ന ബഷീർ ജയിൽ ജീവിതത്തിലെ പല അനുഭവങ്ങളെപ്പറ്റിയും ഫോണിൽ വാചാലനാകാറുണ്ട്. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ ഉണ്ടെങ്കിലും തനിക്ക് വേണ്ടി ഒന്ന് സംസാരിക്കാൻ കൂടപ്പിറപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നും ബഷീർ പറയുന്നു. ജയിലിൽ എത്തുന്ന പുതിയ തടവുകാർക്ക് അവിടെ ലഭ്യമാകാവുന്ന എല്ലാ സഹായങ്ങളും ബഷീർ ചെയ്തു കൊടുത്തിരുന്നു. ജയിൽ ഉദ്യോഗസ്‌ഥരുമായി നീണ്ട കാലത്തെ ബന്ധം ഉള്ളതിനാൽ ബഷീറിന് ലഭിക്കുന്ന ഫോൺ റീ ചാർജ് കൂപ്പണുകൾ, ബെഡ് ഷീറ്റുകൾ തുടങ്ങിയവയെല്ലാം ബഷീർ അവർക്കു വേണ്ടി എത്തിച്ചു നൽകി. ഇന്ത്യൻ തടവുകാർക്ക് വേണ്ടി ഇന്ത്യൻ എംബസിയിലും മറ്റും ബന്ധപ്പെടുന്നതും അദ്ദേഹം ആയിരുന്നു.
∙മനസ്സ് പറയുന്നിടത്ത് നിന്നില്ല; ബോംബ് ഭീഷണിയും വിനയായി
നീണ്ട കാലത്തെ ജയിൽ വാസത്തിനിടയിൽ വീടിനെക്കുറിച്ചും ബന്ധുക്കളെപ്പറ്റിയും ഓർക്കുമ്പോൾ ബഷീറിന്റെ മനസ്സ് ചിലപ്പോൾ വഴുതിപ്പോകും. അങ്ങനെ ഒരു സന്ദർഭത്തിലാണ് അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ വിമാനത്തിൽ പോകുന്ന ദിവസം എയർപോർട്ടിൽ ബോംബ് വച്ചതായി നാട്ടിലേക്ക് ഫോൺ ചെയ്‌തു. പിന്നീടുള്ള അന്വേഷണത്തില്‍ ബഹ്‌റൈൻ ജയിലിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ബഷീറിന്റെ കാര്യത്തിൽ ഇടപെട്ട പല നേതാക്കൾക്കും ഇന്ത്യൻ എംബസിക്കും ഇതിൽ മുഷിച്ചൽ ഉണ്ടാകുകയും ചെയ്തിരുന്നു. ബഹ്‌റൈനിലെ മാനസികാരോഗ്യ കേന്ദ്രത്തിലും കുറച്ചു ദിവസം ബഷീറിന് കഴിയേണ്ടി വന്നു. എന്നാൽ ഇതെല്ലാം തന്റെ ഒറ്റപ്പെടലിൽ നിന്നുണ്ടായ വ്യഥയാണെന്നും ഇത്രയും കാലം ജയിലിൽ കിടന്നവർക്ക് മാത്രമേ ആ മനസികാവസ്‌ഥയെപ്പറ്റി പറയാൻ കഴിയു എന്നും ബഷീർ പറഞ്ഞു.
നാട്ടിലേക്ക് കൊണ്ടു പോകാനായി വിവിധ സംഘടനകൾ ബഷീറിന് നൽകിയ സമ്മാനങ്ങൾ
∙ഒരു വയസ്സുകാരൻ മകൻ യുവാവായി; ഉമ്മയ്ക്കൊരുമ്മ നൽകണം
ബഷീർ ജയിലിൽ ആകുമ്പോൾ ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകൻ ആദിൽ യുവാവായി ഇപ്പോൾ മുംബൈയിലാണ്. തന്റെ ഉപ്പ വരുന്നത് പ്രമാണിച്ച് അവൻ നാട്ടിലെത്തിയിട്ടുണ്ട്. തന്റെ വരവും കാത്ത് നെഞ്ചുരുകിയിരിക്കുന്ന ഉമ്മയ്ക്ക് പൊന്നുമ്മ നൽകണം, 24 വർഷക്കാലം കൂട്ടിവച്ച സ്നേഹം മുഴുവൻ വീട്ടുകാർക്ക് പകർന്ന് നൽകണം. ശിഷ്ടകാലം ഉമ്മയ്ക്കും ഭാര്യക്കും മകനുമൊപ്പം കഴിയണം. 2014 ൽ മരിച്ച പിതാവിന്റെ മുഖവും മനസ്സിൽ നൊമ്പരമായി നിൽക്കുന്നു. ബഷീറിന് രണ്ടു സഹോദരന്മാരാണുള്ളത്. അനുജന്മാരായ ഹാരിസ് ബഹ്‌റൈനിലും അൻസാരി യുഎയിലുമാണ്.സഹോദരി ഷംസാബി നാട്ടിൽ ഉണ്ട്.
ഇത്രയും കാലം ജയിലിൽ കിടന്നിട്ടും ഒടുവിൽ ഭരണാധികാരികളുടെ ദയയിൽ മോചിപ്പിക്കപ്പെട്ടപ്പോൾ 1000 ദിനാർ പിഴ അടയ്ക്കാൻ വേണ്ടി പല സംഘടനകളോടും സാമൂഹിക പ്രവർത്തകരോടും കേണപേക്ഷിച്ചിട്ടും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്നത് വലിയ സങ്കടമാണെന്ന് ബഷീർ പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ വലിയ ശിക്ഷ അനുഭവിച്ചു. ഭരണാധികാരികൾ പോലും ക്ഷമിച്ചു. എന്നിട്ടും നാട്ടിലെയോ ബഹ്‌റൈനിലെയോ സംഘടനകളിൽ നിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് ബഷീർ ദുഃഖത്തോടെ പറഞ്ഞു. എങ്കിലും തിരിച്ചുപോകുമ്പോൾ കൊണ്ടുപോകാനായി ഹോപ് അടക്കമുള്ള സംഘടനകൾ ബഷീറിന് അവശ്യ വസ്തുക്കൾ സമ്മാനിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273