പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 97 അധിക ബാച്ചുകൾ അനുവദിച്ചു, മലബാറിൽ 15,784 സീറ്റുകൾ കൂടി വേണം
പ്ലസ് വൺ പ്രവേശനത്തിന് മലബാറിൽ 15,784 സീറ്റുകൾ കൂടി ഇനിയും വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 4,64,147 പേർ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാർഥികൾ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി 97 അധിക ബാച്ചുകൾ സർക്കാർ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സർക്കാർ, എയ്ഡഡ് മെരിറ്റ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വി.എച്ച്.എസ്.സി -33,030, അൺ എയ്ഡഡ് -54,585ഉം ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,025 ആണ്. രണ്ടാം സപ്ലിമെന്‍ററി ആലോട്ട്മെന്‍റ് പൂർത്തിയാക്കിയപ്പോൾ മെരിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്പോർട്സ് ക്വാട്ടയിൽ 3,930 പേരും മാനേജ്മെന്‍റ് ക്വാട്ടയിൽ 33,854 പേരും അൺ എയ്ഡഡ് ക്വാട്ടയിൽ 25,585 പേരും ഉൾപ്പെടെ 3,76,590 പേർ പ്ലസ് വൺ പ്രവേശനം നേടി. വി.എച്ച്.എസ്.സിയിൽ 27134 പേരും പ്രവേശനം നേടി.
രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം പാലക്കാട്-3088, കോഴിക്കോട്-2217, മലപ്പുറം-8338, വയനാട്-116, കണ്ണൂർ-949, കാസർകോട്- 1076 പേർ അടക്കം മലബാർ മേഖലയിൽ 15,784 പേർ പ്രവേശനത്തിനായി കാത്തിരിക്കുന്നു.
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി 97 അധിക ബാച്ചുകൾ അനുവദിക്കാനാണ് തീരുമാനം. പാലക്കാട് -1, കോഴിക്കോട് -11, മലപ്പുറം -53, വയനാട് -4, കണ്ണൂർ -10, കാസർകോട് -15 എന്നിങ്ങനെയാണ് 97 ബാച്ചുകളുടെ എണ്ണം. ഇതിനോടൊപ്പം നേരത്തെ അനുവദിച്ച 14 ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ അനുവദിച്ച അധിക ബാച്ചുകളുടെ എണ്ണം 111 ആയി ഉയരും.
കഴിഞ്ഞ വർഷം അനുവദിച്ച 83 അധിക ബാച്ചുകൾ ഇത്തവണയും തുടരും. കൊല്ലം- 1, തൃശൂർ- 5, പാലക്കാട് -14, കോഴിക്കോട് -18, മലപ്പുറം – 31, വയനാട് – 2, കണ്ണൂർ – 9, കാസർകോട് – 1 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം അനുവദിച്ച അധിക ബാച്ചുകൾ. കൂടാതെ, ആദിവാസി, ഗോത്ര മേഖലയിലെ വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കാൻ നല്ലൂർനാട്, കൽപറ്റ മോഡൽ റെസിഡഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ചുകൾ ഇത്തവണയും തുടരും.
3 ബാച്ചുകൾക്ക് പുറമെ വിവിധ ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റിയിട്ടുണ്ട്. 12 സയൻസ് ബാച്ചുകളും രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഈ വർഷം പ്രവേശനത്തിന് മുമ്പായി തിരുവനന്തപുരം, പാലക്കാട് മുതൽ കാസർകോട് വരെയുള്ള സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ സീറ്റ് വർധനവ് വരുത്തിയിട്ടുണ്ട്. എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവും അനുവദിച്ചിട്ടുണ്ട്.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർധനവും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മികച്ച നിലയിൽ പരീക്ഷ പാസായിട്ടും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർഥികളാണു മലബാറിൽ പുറത്തുനിൽക്കുന്നത്. നടപടിയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധത്തിലാണ്. വിഷയത്തിൽ സ്പീക്കർ എ.എൻ.ഷംസീറിനെ വേദിയിലിരുത്തി സർക്കാരിനെതിരെ സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273