ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവർച്ചാശ്രമം: ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയിൽ
കോഴിക്കോട്: നരിക്കുനി എംസി ജ്വല്ലറിയുടെ ചുമര്‍ തുരന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി ചാരിറ്റി പ്രവര്‍ത്തകന്‍ നിതിന്‍ നിലമ്പൂരും കൂട്ടാളികളും പിടിയില്‍. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടില്‍ നിധിന്‍ കൃഷ്ണന്‍ (നിതിന്‍ നിലമ്പൂര്‍ 26), വെളിമണ്ണ ഏലിയപാറമ്മല്‍ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയില്‍ ബിബിന്‍ (25) എന്നിവരെ കൊടുവള്ളി പൊലീസാണു പിടികൂടിയത്. കേസില്‍ പരപ്പന്‍ വീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34) നേരത്തെ പിടിയിലായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ജ്വല്ലറിയുടെ പുറകുവശത്തെ ചുമര്‍ തുറക്കുന്നതിനിടെ ശബ്ദം കേട്ട് നരിക്കുനിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അമീറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്.
തുടര്‍ന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ മേല്‍നോട്ടത്തില്‍ കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവര്‍ പിടിയിലായത്. സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതികള്‍ കാറില്‍ പോകുന്നതിനിടെ, കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ മുടൂരില്‍ വച്ചു കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു.
പിടിയിലായ നിതിന്‍ ചാരിറ്റി പ്രവര്‍ത്തകനും വ്‌ലോഗറുമാണ്. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് കൂടുതല്‍ അടുക്കുകയും കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. മുഖ്യപ്രതിയായ നിധിന്‍ കവര്‍ച്ചയ്ക്കായി ഓണ്‍ലൈനില്‍നിന്നു വാങ്ങിയ പ്ലാസ്റ്റിക് പിസ്റ്റളും കമ്പിപ്പാര, ഉളി, ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, ഗ്ലൗവ്‌സ്, തെളിവുനശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും കരുതിയിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273