ദുരിതജീവിതത്തിൽ നിന്ന് മോചനം; മലയാളികൾ ഉൾപ്പെടെയുള്ള 5 വനിതകൾ നാട്ടിലേക്ക് മടങ്ങി

ദമ്മാം: തൊഴിലിടങ്ങളിലെ ദുരിതജീവിതത്തിൽ നിന്ന് മോചനം നേടിയ മലയാളികളടങ്ങിയ 5 ഇന്ത്യൻ വനിതാ ഗാർഹിക ജോലിക്കാർക്ക് നാട്ടിലേക്കു മടക്കം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലാണ് ഇവരുടെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്. കൊല്ലം പത്തനാപുരം സ്വദേശിനി റംലത്ത് ബീവി(54), ആലപ്പുഴ സ്വദേശിനി ആശ ജോർജ്(39) എന്നിവരെ കൂടാതെ, ഉത്തർപ്രദേശ് സ്വദേശിനി ഷബ്നം ജഹാൻ(39), മധ്യപ്രദേശ്, ഭോപ്പാൽ സ്വദേശിനി ഫിർദോസ് ജഹാൻ(49), ഹൈദരാബാദ് സ്വദേശിനി വാസീം ബീഗം(39) എന്നിവരാണ് എംബസി മുഖാന്തിരം ഫൈനൽ എക്സിറ്റ് നേടിയത്.  (ചിത്രത്തിൽ തൊഴിലിടങ്ങളിലെ ദുരിതത്തിനൊടുവിൽ മോചനം ലഭിച്ച് വനിതകൾ സാമൂഹിക പ്രവർത്ത മഞ്ജു മണിക്കുട്ടനൊപ്പം)

 

റഹ്മത്ത് ബീവി 3 വർഷമായി സ്വദേശിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. നാട്ടിൽ പോകുന്നതിന് ആഗ്രഹം പറഞ്ഞിട്ടും അവധിക്ക് വിടുന്നതിനോ തിരികെ മടങ്ങി പോകുന്നതിനോ സ്പോൺസർ അനുവദിച്ചില്ല. ഒടുവിൽ വീടുവിട്ടിറങ്ങി റിയാദ് ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. നാട്ടിലെ ഏജന്റുമാരുടെ ചതിയിൽ പെട്ടാണ് ബികോം ബിരുദധാരിയായ ആലപ്പുഴ സ്വദേശിനി ആശ ജോർജിന്  വീട്ടുജോലിക്കാരിയാകേണ്ടി വന്നത്. മാനസീകവും ശാരീരികവുമായി ഉപദ്രവം സഹിക്കാനാവതെ യുവതി എംബസിയിൽ എത്തുകയായിരുന്നു. രണ്ടു മാസത്തോളം എംബസിയിയുടെ  വനിത ഗാർഹികജോലിക്കാരുടെ ഷെൽട്ടറിൽ കഴിഞ്ഞു. ഉത്തരേന്ത്യക്കാരായ മറ്റു മൂന്ന് പേർക്കും സമാന സാഹചര്യങ്ങൾ നേരിടേണ്ടി വന്നതുകൊണ്ട് എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു.

 

ഇന്ത്യൻ എംബസിയുടെ ജീവ കാരുണ്യ വൊളന്റിയർമാരായ മഞ്ജു മണിക്കുട്ടൻ, മണിക്കുട്ടൻ പദ്മനാഭന്‍ എന്നിവരു‌ടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ എക്സിറ്റ് നേടുന്നതിന് പ്രവർത്തനമാരംഭിച്ചു. റിയാദിലെ സാമൂഹിക പ്രവർത്തകൻ വെങ്കിടേഷും സഹായവുമായെത്തി. തുടർന്ന് നാട്ടിലേക്കു തിരികെ മടങ്ങുന്നവർക്കായി താമസ സൗകര്യങ്ങളടക്കം നൽകി. ഇവരുടെ കദനകഥയറിഞ്ഞ് റസ്റ്ററന്റ്, ഹോട്ടൽ ഉടമകളായ മലയാളികളും  ഭക്ഷണമടക്കമുള്ളവ എത്തിച്ചുകൊടുത്തു.  അനീഷ്, കമാൽ, മുഹമ്മദ്‌, ഷംനു എന്നിവർ നാട്ടിലേക്ക് മടങ്ങാൻ അവശ്യ സാധനങ്ങളും മറ്റും എത്തിച്ചു.

തങ്ങൾക്ക്  നിയമപരമായ സംരക്ഷണവും ആവശ്യമായ സഹായവും നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റും നൽകിയ ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകർക്കും  നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം 5 പേരും നാട്ടിലേക്ക് മടങ്ങി.

 

ദുരിതപർവം താണ്ടിയ മൂന്ന് പേർ കൂടി വൈകാതെ മടങ്ങും

ഇനിയും 3 പേരുകൂടെ തിരികെ നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി എക്സിറ്റ് പ്രതീക്ഷിച്ച് കഴിയുന്നുണ്ട്. ഒരാളുടെ ഇഖാമ കാലവധി അവസാനിച്ചതും  മറ്റൊരാൾ സ്പോൺസർ നൽകിയ പരാതിയെ തുടർന്ന് 7 മാസമായി ഷെൽട്ടറിൽ തുടരുന്നുണ്ടായിരുന്നു. അടുത്ത ആഴ്ചയോടെ നിയമനടപടികൾ പൂർത്തീകരിച്ച് രേഖകൾ ശരിയാക്കി മൂവരേയും നാട്ടിലേക്ക് അയക്കാനാവുമെന്ന് എംബസി സാമൂഹിക പ്രവർത്തകരായ മഞ്ജു മണിക്കുട്ടനും മണിക്കുട്ടൻ പദ്മനാഭനും പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!