സമൂഹ മാധ്യമങ്ങളിൽ ആകർഷമായ വിഡിയോ, മികച്ച ശമ്പളവും ജോലിയും വാഗ്ദാനം; ബഹ്‌റൈനിൽ ജോലി നൽകി ചൂഷണം. തട്ടിപ്പുകാരിൽ മലയാളികളും
വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോം വഴി ബഹ്‌റൈനിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നവരിൽ ഒട്ടേറെ മലയാളികളും. നിലവാരമുള്ള രീതിയിലുള്ള ഓഫീസ് ഇന്റീരിയറും പ്രദർശിപ്പിച്ചു കൊണ്ട് ആകർഷകമായ രീതിയിൽ സംസാരിച്ച വിഡിയോ പോസ്റ്റു ചെയ്തുകൊണ്ടാണ് ഇവർ ഉദ്യോഗാർഥികളെ ആകർഷിക്കുന്നത്.
ബഹ്‌റൈനിലേയ്ക്കും നാട്ടിലേക്കും ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന് കാണിച്ചുകൊണ്ട് ചിത്രീകരിച്ചിട്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പേയ്‌മെന്റ് നൽകി വൈറൽ ആക്കുകയാണ് ആദ്യ ഘട്ടത്തിൽ ഇവർ ചെയ്യുന്നത്. ആളുകളിലേക്ക് ഈ വിഡിയോ ഷെയർ ചെയ്യപ്പെടുന്നതിലൂടെ ഗൾഫ് സ്വപ്നം കാണുന്ന ഉദ്യോഗാർഥികൾ നാട്ടിൽ നിന്ന് സന്ദർശക വീസയിൽ എത്തി ബഹ്‌റൈനിൽ നിന്ന് അപേക്ഷകൾ അയക്കുന്നു.
അഭിമുഖത്തിന് വിളിക്കുമ്പോൾ മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകുന്ന സ്‌ഥാപനം ഉദ്യോഗാർഥിയെ നിയമിക്കുന്നതോടെ വീസ മാറുന്നതിനായി പാസ്പോർട്ട് വാങ്ങിവയ്ക്കും. ഓഫർ ലെറ്ററിന്റെ ബലത്തിൽ മാത്രം സ്‌ഥാപനത്തിൽ തുടരുന്ന ഉദ്യോഗാർഥികളെ ശരിക്കും ഉപയോഗപ്പെടുത്തി പ്രൊബേഷൻ പിരീഡ് എന്ന പേരിൽ തുച്ഛമായ ശമ്പളം മാത്രമാണ് ഇവർക്ക് അനുവദിക്കുക. മൂന്ന് മാസം കഴിഞ്ഞിട്ടും വീസ അടിക്കാതെയും ശമ്പളം നൽകാതെയും ഉദ്യോഗാർഥികളെ ഉള്ള ജോലി മുഴുവൻ ചെയ്യിപ്പിക്കുകയും ചെയ്യും. എതിർത്ത് പറയുന്നവരെ ഭീഷണിപ്പെടുത്തുക, പാസ്പോർട്ട് മടക്കി നൽകാതെയിരിക്കുക തുടങ്ങിയ പല അതിക്രമങ്ങളും ഇവർ നടത്തുന്നു.
അതോടെ ഉദ്യോഗാർഥികൾ ശമ്പളം ഒന്നും ലഭിച്ചില്ലെങ്കിലും ഏതു വിധേനയെങ്കിലും സ്‌ഥാപനത്തിൽ നിന്ന് മാറാൻ തീരുമാനിക്കുന്നു. ഇത്തരത്തിൽ മാറാൻ താല്പര്യപ്പെടുന്നവരോട് നഷ്ടപരിഹാരം അടക്കം വേണമെന്ന് സ്‌ഥാപനം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഒന്നും കിട്ടിയില്ലെങ്കിലും ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയിൽ സ്‌ഥാപനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഉദ്യോഗാർഥിക്കു പകരം വീണ്ടും മറ്റൊരാളെ സ്‌ഥാപന തലവൻ അപ്പോയിന്റ് ചെയ്യുന്നു. മൂന്നോ നാലോ മാസം ഓരോ ഉദ്യോഗാർഥിയെയും പരമാവധി ചൂഷണം ചെയ്യപ്പെടുകയും സ്‌ഥാപനത്തിലെ എല്ലാ ജോലികളും അങ്ങനെ ശമ്പളം കൊടുക്കാതെ തന്നെ മുന്നോട്ട് പോവുകയും ചെയ്യുന്നു.
ബഹ്‌റൈനിലെ പല വാട്‍സ് ആപ് ഗ്രൂപ്പുകളിലും സംഭവം ഇപ്പോൾ ചർച്ച ആയതോടെയാണ് മുൻപ് സ്‌ഥാപനത്തിൽ ജോലി ചെയ്തവരും സ്‌ഥാപനത്തിനാൽ കബളിപ്പിക്കപ്പെട്ടവരും മാധ്യമ പ്രവർത്തകർക്ക് ശബ്ദ സന്ദേശം അയച്ചത്. കേസുകളിൽ കുടുങ്ങിയ ചില പ്രവാസികളുടെ കേസ് തീർപ്പാക്കിത്തന്ന് നാട്ടിലേയ്ക്ക് അയക്കാം എന്നുള്ളവാഗ്ദാനവും സ്‌ഥാപനം നൽകുന്നുണ്ട്. ഇത്തരം ‘കരാറുകൾ ‘ ഏറ്റെടുക്കുമ്പോൾ അഡ്വാൻസ് നൽകുന്ന പണത്തിന് യാതൊരു വിധ രസീതും സ്‌ഥാപനം നൽകില്ല. അത് കൊണ്ട് തന്നെ കബളിപ്പിക്കപ്പെടുന്നവർക്ക് എവിടെയും പരാതി നൽകുവാനും സാധിക്കുന്നില്ല. ഈ പഴുത് മുതലെടുത്തുകൊണ്ടാണ് ഇത്തരം സ്‌ഥാപനങ്ങൾ പലരുടെയും പണം കൈക്കലാക്കുന്നത്.
ബഹ്‌റൈനിൽ ജോലിക്ക് അപേക്ഷിക്കുന്നവർ നോർക്കയുമായി ബന്ധപ്പെട്ട് സ്‌ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നും അല്ലെങ്കിൽ ബഹ്‌റൈനിലെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സ്‌ഥാപനത്തെപ്പറ്റി അന്വേഷിക്കുകയോ ചെയ്യണമെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇപ്പോഴും നടന്നുവരുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.
ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273