ജയിൽ മോചിതരായിട്ടും സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ഒട്ടേറെ ഇന്ത്യക്കാർ; ആശങ്കയിൽ മലയാളികളും

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചിതരായിട്ടും സാങ്കേതിക തടസ്സങ്ങൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ബഹ്‌റൈനിൽ തന്നെ കഴിയുന്ന ഇന്ത്യക്കാർ ഏറെ. അസ്രിയിലെ  എമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ ആണ് ഇത്തരത്തിൽ മോചിതർ ആയവർ നാട്ടിലേയ്ക്കുള്ള പോകാനുള്ള ഊഴവും കാത്ത്കിടക്കുന്നത്.

അനധികൃത വീസ, വീസ പുതുക്കാതെ പിടിക്കപ്പെട്ടവർ, എൽ എം ആർ എ യുടെ നിയമങ്ങൾക്ക് അനുസൃതമല്ലാതെ തൊഴിൽ ചെയ്ത് പിടിക്കപ്പെട്ടവർ തുടങ്ങി ബഹ്‌റൈൻ രാജാവ് നൽകിയ പൊതു മാപ്പിൽ കുറ്റ വിമുക്തരാക്കപ്പെട്ടവർ വരെയുള്ളവരാണ്  ഈ  കേന്ദ്രത്തിൽ  ഇപ്പോൾ കഴിയുന്നത്. 23  ഇന്ത്യക്കാർ ഇപ്പോൾ ഈ ഡിറ്റൻഷൻ സെന്ററിൽ തങ്ങളുടെ ഊഴവും കാത്തു നിൽക്കുന്നുണ്ട്.

ഒരാഴ്ച മുതൽ മാസങ്ങൾ വരെയായി സാങ്കേതിക തടസങ്ങൾ കാരണം പോകാൻ സാധിക്കാത്തവർ ഉണ്ടെന്ന് ഇവിടെ കഴിയുന്ന ഒരു പ്രവാസി പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ മാത്രം  മൂലമുള്ള തടസ്സങ്ങൾ നീങ്ങിയാൽ അധികൃതർ ഇവരെ  നേരിട്ട് വിമാനത്താവളത്തിൽ എത്തിച്ച് കയറ്റിവിടുകയാണ് പതിവ്. ഇന്ത്യൻ എംബസിയും എമിഗ്രേഷൻ വിഭാഗവും ജയിൽ അധികൃതരും ഒരു പോലെ പ്രവർത്തിച്ചാൽ മാത്രമേ ഇവരുടെ മോചനത്തിന്  വേഗമേറുകയുള്ളൂ.

 

∙ ഇന്ത്യക്കാരിൽ ഏറെ മലയാളികളും

ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന  ഇന്ത്യൻ പ്രവാസികളിൽ വലിയൊരു ശതമാനവും  മലയാളികളും തമിഴ് നാട് ,ആന്ധ്രാ പ്രദേശ്,കർണാടക സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുമാണ്. നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞാലും  ഇവരിൽ വലിയൊരു  ശതമാനം പേർക്കും തിരിച്ച് ബഹ്റൈനിലേക്കോ മറ്റു ചിലർക്ക് ഒരു ജി സി സി രാജ്യങ്ങളിലേക്കോ   യാത്ര ചെയ്യാനും  സാധിക്കുകയില്ല. എന്നാൽ  അനധികൃതമായി ജോലി ചെയ്തത്  പോലുള്ള കുറ്റങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും ചില ചെറിയ സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ അകപ്പെട്ടവർക്കും അവരുടെ പിഴ അടച്ചു കേസ് തീർപ്പാക്കിയതിനാൽ പാസ്പോർട്ട് കാലാവധി പുതുക്കി  വീണ്ടും വീസയ്ക്ക് അപേക്ഷ നൽകി തിരിച്ചുവരാൻ സാധിക്കും. ചിലർക്ക്   പാസ്പോർട്ട്  പുതുക്കി ലഭിക്കാനുള്ള കാലതാമസമോ , പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തവർക്ക് എംബസിയുടെ ഔട്ട് പാസ്സ് ലഭിക്കാനുള്ള കാലതാമസമോ  മാത്രമാണ്  തടസ്സമായി ഉള്ളത്. നീണ്ട കാലമായി ജയിലിൽ കഴിഞ്ഞ ചിലരുടെ പാസ്പോർട്ട് കാലാവധി വളരെ നേരത്തെ അവസാനിച്ചതാണ് മോചനത്തിന് തടസ്സമായി വന്നിട്ടുള്ളത്.

ഇപ്പോൾ വിദേശത്ത് റെസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യക്കാർക്ക് അവരുടെ പാസ്പോർട്ട് കാലാവധി അവർ ഇപ്പോൾ താമസിക്കുന്ന രാജ്യത്ത് നിന്ന് തന്നെ  അവസാനിക്കുകയാണെങ്കിൽ അതാത് രാജ്യങ്ങളിലെ എംബസിയിൽ അപേക്ഷിച്ചാലും  അപേക്ഷകരുടെ ഇന്ത്യയിലെ വിലാസത്തിൽ പൊലീസ് അന്വേഷണം നടത്തി വിലാസം ഉറപ്പാക്കിയാൽ മാത്രമേ പാസ്പോർട്ട്  പുതുക്കാൻ സാധിക്കുകയുള്ളൂ.  പ്രത്യേകിച്ച് കുറ്റ കൃത്യങ്ങളിൽപ്പെട്ടവർക്ക്  ഔട്ട് പാസുകൾ അനുവദിക്കുന്നതിന് കാലതാമസം വരുന്നതും ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ മൂലമായിരിക്കാം എന്നാണ്  ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

 

∙ ഈ കാലതാമസം വലിയ ആശങ്ക

നീണ്ട കാലം ജയിലിൽ കിടന്ന് മോചിതരായവർക്ക് സാങ്കേതികത്വത്തിന്റെ പേരിൽ മാത്രം സംഭവിക്കുന്ന കാലതാമസം വലിയ ആശങ്കയ്ക്ക് ഇടവരുത്തുന്നു. ചെയ്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിച്ചു കഴിഞ്ഞതോടെ ഏതു വിധേനയെങ്കിലും എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്ക്  ഇവിടെ കഴിയുന്ന ഓരോ ദിവസവും ഓരോ വർഷമായി അനുഭവപ്പെടുന്നു എന്നാണ്  ഈ കേന്ദ്രത്തിലുള്ളവർ പറയുന്നത്. ഈ കേന്ദ്രത്തിൽ ഉള്ളവർക്ക്  പുറം  ലോകവുമായി ബന്ധപ്പെടാൻ മൊബൈൽ ഫോൺ സൗകര്യം അനുവദിക്കുന്നുണ്ടെന്നുള്ളതാണ് ആശ്വാസകരമാണ്. ബഹ്‌റൈനിൽ തടവുകാർക്ക് രാജ്യാന്തര  മാനദണ്ഡങ്ങൾ പ്രകാരമുള്ള സൗകര്യങ്ങൾ ജയിലിലും ലഭ്യമാകുന്നുണ്ടെന്നത് വലിയ അനുഗ്രഹമാണ്.  നീണ്ട കാലത്തെ ശിക്ഷ അനുഭവിക്കുന്ന സൽസ്വഭാവികൾ ആയ തടവുകാർക്ക് വർഷാവർഷം ഭരണാധികാരികളുടെ  ദയയിൽ മോചനം സാധ്യമാകുന്നുമുണ്ട്.  കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക തടസങ്ങളുടെ പേരിൽ എമിഗ്രേഷൻ തടവിൽ കഴിയേണ്ടി വരുന്നത് ഇല്ലാതാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണെമന്നാണ് തടവുകാരുടെ ആവശ്യം.

 

ബാങ്ക് ചെക്ക് നൽകി പണം നൽകാതെ കേസിൽ അകപ്പെട്ട് ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി പ്രവാസികൾക്ക്  ജയിൽ മോചനം നൽകി ബഹ്‌റൈനിൽ തന്നെ തുടന്ന് ജോലി ചെയ്ത് കടം വീട്ടുവാനുള്ള സൗകര്യവും ബഹ്‌റൈൻ നീതി പീഠം നൽകിയിട്ടുണ്ട്.  കടം വീട്ടി വാദിയുമായി കേസ് ഒത്തു തീർപ്പാകുന്നത് വരെ യാത്രാ നിരോധനം മാത്രമാണ് ഇത്തരക്കാർക്കുള്ള ശിക്ഷ. ഇത്തരത്തിൽ കടം വീട്ടി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികളും ഒട്ടേറെ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!