സീമ ഹൈദറിൻ്റെ ‘ഇന്ത്യൻ ലുക്കി’ൽ സംശയം; ഭാഷാപ്രാവീണ്യത്തിലും ദുരൂഹതയെന്ന് അന്വേഷണ ഏജൻസികൾ

കാമുകനൊപ്പം കഴിയാൻ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശി സീമ ഹൈദറിന്റെ ‘ഇന്ത്യൻ ലുക്കി’ന്റെ കാര്യത്തിൽ സംശയം ഉന്നയിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. വസ്ത്രധാരണത്തിൽ ഉൾപ്പെടെ ഇന്ത്യൻ വനിതയെപ്പോലെ തോന്നിക്കുന്നതിന് സീമ ഹൈദറിന് ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഏജൻസികളുടെ നിഗമനം. വിദേശ വനിതയെന്നു തോന്നാതിരിക്കാനും, ഇന്ത്യൻ ഗ്രാമീണ വനിതയെന്നു തോന്നിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നതിനും ഒരുങ്ങുന്നതിനും ഈ രംഗത്തെ പ്രഫഷനൽ തന്നെ സീമയെ സഹായിച്ചതായി ഏജൻസികൾ സംശയിക്കുന്നു. അതിർത്തിയിലെ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കുന്നതിനാണ് സീമയുടെയും മക്കളുടെയും രൂപമാറ്റമെന്നാണ് സംശയം.

 

നേപ്പാൾ അതിർത്തിയിലെ മനുഷ്യക്കടത്തുകാർ പൊതുവെ സ്വീകരിക്കുന്ന ശൈലിയാണ് ഇക്കാര്യത്തിൽ അവലംബിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ബാഹ്യമോടികളേക്കാൾ, സംസാരിക്കുന്നതിൽ ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ സീമയ്ക്കുള്ള അവഗാഹവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേപ്പാളിൽവച്ച് പാക്ക് ഏജന്റുമാർ ഇന്ത്യൻ ഭാഷകളിൽ സീമയ്ക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നാണ് സംശയം. ദുഷ്ടലാക്കോടെ ഇന്ത്യയിലേക്ക് അതിർത്തി കയറ്റി വിടുന്ന സ്ത്രീകൾക്കാണ് പാക്ക് ഏജന്റുമാർ ഇത്തരത്തിൽ പരിശീലനം നൽകാറുള്ളത്. ഇത്തരത്തിൽ പരിശീലനം നൽകുന്ന ഏജന്റുമാർ നിലവിൽ നിരീക്ഷണത്തിലാണ്.

 

പാക്ക് സൈന്യവുമായും പാക്ക് രഹസ്യാന്വേഷണ ഏജൻസികളുമായും സീമയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും ഇവരെ ചോദ്യം ചെയ്യുന്നത്. കാമുകനൊപ്പം ജീവിക്കാനായി മേയ് 13നാണ് നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ കടന്നതെന്നാണ് സീമയുടെ വാദം. ഇക്കാര്യം ഇതുവരെ അന്വേഷണ ഏജൻസികൾക്ക് സ്ഥിരീകരിക്കാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. മേയ് 13ന് മൂന്നാമതൊരു രാജ്യത്തുനിന്നുള്ള വ്യക്തിയെ ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ കണ്ടിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സംഘങ്ങൾ അന്വേഷണ ഏജൻസിയെ അറിയിച്ചിരിക്കുന്നത്.

 

പാക്കിസ്ഥാൻ സ്വദേശിയായ സീമ ഗുലാം ഹൈദർ (30) ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെ (22) വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഇന്ത്യയിലേക്കു കടന്നത്. അനധികൃതമായി ഇന്ത്യയിൽ കടന്നതിനു കഴിഞ്ഞ 4നു സീമയെയും ഒത്താശ ചെയ്തതിനും സച്ചിനെയും പിതാവിനെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 7നു ജാമ്യം ലഭിച്ചു. തുടർന്നു സീമയും 4 മക്കളും സച്ചിനൊപ്പം രബുപുരയിലെ വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു.

 

ഇവരിൽ നിന്ന് 6 പാക്കിസ്ഥാൻ പാസ്‌പോർട്ടുകളും കണ്ടെടുത്തു. ഇതിൽ ഒരെണ്ണത്തിൽ പേരും വിലാസവും പൂർണമല്ല. ഇതാണു കൂടുതൽ സംശയത്തിനിടയാക്കുന്നതെന്നു പൊലീസ് പറയുന്നു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പാസ്‌പോർട്ടുകൾക്കു പുറമേ 2 വിഡിയോ കസെറ്റുകളും 4 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!