വധശിക്ഷയില്‍ നിന്ന് മലയാളിയെ രക്ഷപ്പെടുത്തി; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ വേദനിച്ച് പ്രവാസലോകം

റിയാദ്: പ്രവാസി വിഷയങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രവാസി പ്രശ്‌നങ്ങളോട് ഒരേ തരത്തില്‍ സമീപം പുലര്‍ത്തി എത്രയും വേഗം പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടി നിരന്തരം ശ്രമിച്ചിരുന്നു. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്തിയ സംഭവം ഇതിന് ഒരു ഉദാഹരണമാണ്.

ആഘോഷത്തിനിടെ മലയാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സംഭവിച്ച കൊലപാതകത്തില്‍ പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി സക്കീര്‍ ഹുസൈനെ (32) ഉമ്മന്‍ ചാണ്ടി ഇടപെട്ട് രക്ഷപ്പെടുത്തിയിരുന്നു. കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗര്‍ എച്ച് എന്‍ സി കോമ്പൗണ്ടില്‍ താമസിക്കുന്ന സക്കീര്‍ ഹുസൈനെ ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി അവസാന നിമിഷം വധശിക്ഷയില്‍ നിന്ന് മോചിതനാക്കിയിരുന്നു.

2013ല്‍ അല്‍കോബാറിലെ റാക്കയില്‍ താമസസ്ഥലത്താണ് സംഭവം ഉണ്ടായത്. കോട്ടയം കോട്ടമുറിക്കല്‍ തൃക്കൊടിത്താനം ചാലയില്‍ വീട്ടില്‍ തോമസ് മാത്യു(27) ആണ് കൊല്ലപ്പെട്ടത്. ഈ കേസിലാണ് സക്കീര്‍ ഹുസൈനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഓണാഘോഷത്തിനിടെ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ തോമസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കേസില്‍ അറസ്റ്റിലായ സക്കീര്‍ ഹുസൈന് എട്ടു വര്‍ഷത്തെ തടവുശിക്ഷയും ശേഷം വധശിക്ഷയും കോടതി വിധിച്ചു.

 

തുടര്‍ന്ന് സക്കീര്‍ ഹുസൈന്റെ മാതാപിതാക്കള്‍ മകന്റെ മോചനത്തിനായി തോമസിന്റെ കുടുംബവുമായും സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടുമായും ബന്ധപ്പെട്ടു. വിഷയം ഉമ്മന്‍ ചാണ്ടിയുടെ മുമ്പിലെത്തി. ഇരുകുടുംബങ്ങളുമായി ഉമ്മന്‍ ചാണ്ടി ബന്ധപ്പെട്ടു. തുടക്കത്തില്‍ തോമസിന്റെ കുടുംബം മാപ്പു നല്‍കാന്‍ തയ്യാറായില്ല. പിന്നീട് ഉമ്മന്‍ ചാണ്ടി തോമസിന്റെ ഇടവക പള്ളി വികാരിയുമായി ബന്ധപ്പെട്ടാണ് അന്ന് മാപ്പിന് വഴിയൊരുക്കിയത്. തോമസിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാരവും നല്‍കി. തോമസിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒപ്പിട്ട മാപ്പപേക്ഷ ദമ്മാം കോടതിയിലെത്തിയെങ്കിലും സക്കീര്‍ ഹുസൈന്റെ തടവുശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടി വന്നു. 2022ലാണ് സക്കീര്‍ ഹുസൈന്‍ ജയില്‍ മോചിതനായത്. ഇത്തരത്തില്‍ നിരവധി പ്രവാസി വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി പ്രവാസലോകത്തും ജനകീയനായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!