ഭൗതിക ശരീരം ഉച്ചയോടെ തലസ്ഥാനത്ത്; നാളെ വിലാപയാത്ര

സോണിയയും രാഹുലും അന്തിമോപചാരം അർ‌പ്പിച്ചു

മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടി (79) ഇനി ഓർമ. അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ഭൗതികശരീരം ബെംഗളൂരുവിൽനിന്ന് ഉച്ചയോടു കൂടി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് ആദ്യം മൃതദേഹം എത്തിക്കുക. അവിടെനിന്ന് നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു.

സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദർശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു സംസ്കാര ചടങ്ങുകൾ.

 

 

സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്കൂൾകാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു. 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം.ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!