മുഹറം ഒന്നിന് കഅബ പുതുവസ്ത്രം അണിയും; കിസ്‌വ മാറ്റൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മക്ക: ഈ വർഷത്തെ കഅബയുടെ കിസ്‌വ (മുടുപടം) മാറ്റൽ ചടങ്ങ് മുഹറം ഒന്നിനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ഹിജ്റ വർഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് കിസ്‌വ മാറ്റുന്ന രീതി കഴിഞ്ഞ വർഷം മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. അതിന് മുമ്പ് ദുൽഹജ്ജ് 9ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന സമയത്തായിരുന്നു കഅബയെ പുതു വസ്ത്രം അണിയിച്ചിരുന്നത്. അതിന് മുമ്പായി ദുൽഹജ്ജ് 1ന് പുതിയ കിസ്‌വ കഅബയുടെ സൂക്ഷിപ്പുകാരന് കൈമാറുകയുമായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഈ രീതിക്ക് മാറ്റം വരുത്തി.

കഅബയുടെ പവിത്രത കണക്കിലെടുത്താണ് എല്ലാ വർഷവും പുതിയ കിസ്‌വ (വസ്ത്രം) അണിയിക്കുന്നത്. മുഹറം ഒന്നിന് കിസ് വ മാറ്റൽ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. അതിന് മുമ്പ് കഅബയെ പുതപ്പിക്കുവാനുള്ള പുതിയ കിസ്‌വ കഅബയുടെ സൂക്ഷിപ്പുകാരന് കൈമാറും.

ദിവസങ്ങൾ മാത്രമാണ് ഇനി ചടങ്ങിന് ബാക്കിയുള്ളത്. കഅബയെ പുതുവസ്ത്രമണിയിക്കാനുള്ള ചടങ്ങിൻ്റെ ഒരുക്കങ്ങൾ അധികൃതർ വിലയിരുത്തി. കഅബയുടെ കിസ്‌വ നിർമ്മാണ ഫാക്ടറിയിലെ വിദഗ്ധ തൊഴിലാളികളും എഞ്ചിനീയർമരുമുൾപ്പെടെയുള്ളവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. മക്ക ഗവർണർ, ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.
മുഹറം 1,  ജൂലൈ 19ന് ബുധനാഴ്ചയാകാനാണ് സാധ്യത. കിസ്‌വ മാറ്റങ്ങൾ ചടങ്ങിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

ഇരുന്നൂറോളം തൊഴിലാളികൾ നാല് മണിക്കൂറോളം സമയമെടുത്താണ് സാധാരണ കഅബയെ പുതു വസ്ത്രമണിയിക്കാറ്. മക്കയിലെ കിസ്‌വാ ഫാക്ടറിയിൽ നിന്നുള്ള ട്രക്ക് ഹറം പള്ളിക്കരികിലെത്തും. പ്രവാചകന്റെ കാലം മുതലേ കഅ്ബയുടെ സൂക്ഷിപ്പുകാരായ കുടുംബത്തിന്റെ സാന്നിധ്യം ചടങ്ങിലുണ്ടാകും. അവരാണ് കിസ്‌വയേറ്റു വാങ്ങുന്നത്. കഅ്ബയെ അണിയിക്കുന്ന മൂടുപടമായ കിസ്‌വ പുടവ അത് നിർമിച്ച തൊഴിലാളികൾ തന്നെ തോളിലേറ്റി കഅ്ബക്കരികിലേക്ക് കൊണ്ടുവരും.

15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമുണ്ടാകും കിസ്‌വയുടെ നാലു പ്രധാന കഷ്ണങ്ങൾക്ക്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത പട്ട് പരുത്തിയുമായി ചേർത്താണ് ഇത് നെയ്യുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിയും സ്വർണം പൂശിയ നൂലും ഉപയോഗിച്ച് അലങ്കരിക്കും. ഏകദേശം 670 കിലോഗ്രാം കറുപ്പ് ചായം പൂശിയ അസംസ്‌കൃത പട്ട് കിസ് വയിൽ  ഉപയോഗിക്കുന്നുണ്ട്. 120 കിലോഗ്രാം സ്വർണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും ഇതിനാവശ്യമാണ്. ഖുർആൻ വചനങ്ങളാണിതിൽ രേഖപ്പെടുത്തുക.

 

 

ഇരുന്നൂറോളം തൊഴിലാളികൾ പത്ത് മാസമെടുത്താണ് കഅ്ബക്കുള്ള പുത്തൻ പുടവ തയ്യാറാക്കുന്നത്. അത് കഅ്ബക്കരികിലേക്ക് എത്തുന്നതിന് മുന്നോടിയായി പഴയ പുടവയുടെ കെട്ടഴിച്ചിടും. വർഷത്തിലൊരിക്കൽ കഅ്ബയുടെ യഥാർഥ രൂപം വിശ്വാസികൾ കാണുന്നതും ഈ സമയത്താണ്.

പരമ്പരാഗത ഈജിപ്ഷ്യൻ കരകൗശല വിദഗ്ധരാണ് പണ്ട് കിസ്‌വ നിർമിച്ചിരുന്നത്. 1962 ൽ സൗദി ഭരണകൂടം കിസ്‌വയുടെ നിർമാണം ഏറ്റെടുത്തു. ഇതിനായി ഒരു ഫാക്ടറി തന്നെ മക്കയിലുണ്ട്. നീക്കം ചെയ്യുന്ന കഅ്ബയുടെ പുടവ കഷ്ണങ്ങളാക്കി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നൽകാറാണ് പതിവ്. പ്രവാചകന്റെ കാലത്തിന് ശേഷം പാരമ്പര്യമായി തുടങ്ങിയതാണ് കിസ്‌വ മാറ്റുന്ന ചടങ്ങ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!