ആറ് മാസം പ്രായമായ ആ കുഞ്ഞു പൈതൽ ഉപ്പയുടെ ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോൾ കണ്ട് നിന്നവരെല്ലാം വിതുമ്പി… ഷാഹിദിൻ്റെ ഭാര്യയും കുഞ്ഞും ഉടൻ നാട്ടിലേക്ക് മടങ്ങും
സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ട ഫുട്ബോളർ ഷാഹിദ് എന്ന ഈപ്പുവിൻ്റെ മൃതദേഹം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറക്കി. നൂറുകണക്കിന് സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ 30 കാരനായ ഷാഹിദ് ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തി വരികയായിരുന്നു.
ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായി സൌദിയുടെ വിവിധ ഭാഗങ്ങളിൽ കളിക്കാറുള്ള ഷാഹിദിന് സൌദിയിലൂടനീളം വൻ സുഹൃദ് വലയമുണ്ട്. ആവേശപൂർവമാണ് ഊർജ്ജസ്വലനായ ഷാഹിദിൻ്റെ കളികാണാൻ ഫുട്ബോൾ പ്രേമികൾ സ്റ്റേഡിയത്തിലെത്താറുള്ളത്.
പ്രത്യേകമായ രോഗങ്ങളൊന്നുമില്ലാതിരുന്ന ഷാഹിദിന് ബുധനാഴ്ച നെഞ്ച് വേദന അനുഭവപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചത്. ഉടൻ ജിദ്ദയിലെ കിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയെങ്കിലും, വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു.
അടുത്തിടെയാണ് ഭാര്യ മർസ്സീന മോളും ഒരേയൊരു മകൻ ആറുമാസം പ്രായമായ ഇവാൻ ആദമും ഷാഹിദിൻ്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയത്. എന്നാൽ ഗൾഫിലെ കുടുംബ ജീവിതം ആരംഭിച്ച് തുടങ്ങിയപ്പോഴേക്കും ഷാഹിദിന് യാത്രയാകേണ്ടി വന്നത് വിശ്വാസിക്കാനാകത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും.
പ്രിയതമൻ്റെ വേർപ്പാട് വിശ്വസിക്കാനാകാതെ ബന്ധുക്കളുടെ നിർദേശപ്രകാരം ഇന്ന് ഭാര്യ മർസീന മോളും ആറുമാസമായ പൈതലിനേയും എടുത്ത് മക്കയിലെ ജന്നത്തുൽ മുഅല്ല മഖ്ബറക്കടുത്തെത്തി. ഉപ്പയുടെ ഖബറിലേക്ക് ആറ് മാസം പ്രായമായ ആ പൈതലിനെ കൊണ്ട് മൂന്ന് പിടി മണ്ണ് വാരിയിടിക്കുമ്പോൾ പുറത്ത് കാറിനകത്തിരുന്ന് പൊട്ടികരയുകയായിരുന്നു മർസീന മോൾ. കുഞ്ഞു കൈകളിൽ പുരണ്ട മണ്ണുമായി ആ പൈതൽ ഖബറിനടുത്ത് ബന്ധുക്കളുടെ കൈകളിലിരുന്ന് ചടങ്ങുകൾ വീക്ഷിക്കുമ്പോൾ കൂടി നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി.
രണ്ട് വർഷം മുമ്പാണ് ഷാഹിദിൻ്റെയും മർസീനയുടേയും വിവാഹം കഴിഞ്ഞത്. രണ്ടാം വിവാഹ വാർഷികത്തിൽ തന്നെ ഷാഹിദിന് പ്രിയതമയെയും കുഞ്ഞു മോനെയും വിട്ട് പോകേണ്ടി വന്നു. കൂടാതെ ഏറ്റവും ചെറു പ്രായത്തിൽ തന്നെ ഉപ്പയുടെ മരണാനന്തര ചടങ്ങുകൾക്ക് മകൻ സാക്ഷിയാകേണ്ടി വന്നതും എല്ലാവരേയും നൊമ്പരപ്പെടുത്തി.
പ്രവാസികളെ പോലെ തന്നെ ഞെട്ടലോടെയാണ് ഷാഹിദിന്റ മരണ വാർത്ത നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്. കേട്ടവർക്കൊന്നും വിശ്വസിക്കാനായില്ല. പ്രത്യേകിച്ച് ഷാഹിദിനെ പോലെ ഊർജസ്വലനും മികച്ച ഫുട്ബോൾ പ്ലയറുമായ ഒരു ചെറുപ്പക്കാരന് നെഞ്ച് വേദനയും ഹൃദയാഘാതവും വരുന്നു എന്നത് വിശ്വസിക്കാനാകത്തതായിരുന്നു.
ഷാഹിദിൻ്റെ ഉമ്മയുടെ ആഗ്രഹമായിരുന്നു മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കുക എന്നത്. സാധാരണയായി ജിദ്ദയിൽ മരിക്കുന്നവർക്ക് മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കാൻ അനുമതി ലഭിക്കാറില്ല. എന്നാൽ ഷാഹിദിൻ്റെ മൃതദേഹം ഉമ്മയുടെ ആഗ്രഹപ്രകാരം ജന്നത്തുൽ മുഅല്ലയിൽ തന്നെ ഖബറക്കാൻ സാധിച്ചതായി ഇതിന് വേണ്ടി പരിശ്രമിച്ച ജിദ്ദ കെഎംസിസി വെൽഫയർ വിഭാഗം ഉൾപ്പെടെയുള്ളവർ പറയുന്നു.
മർസീന മോളും, മോനും ഇന്നോ നാളെയോ നാട്ടിലേക്ക് മടങ്ങും. കുറഞ്ഞ കാലമെങ്കിലും പ്രിയതമനോടൊപ്പമുള്ള ജീവിതത്തിലെ മധുരമുള്ള ഓർമകൾ മാത്രമായിരിക്കും ഇനി അവർക്ക് കൂട്ടിന്. ടിക്കറ്റ് കിട്ടിയാൽ ഇന്ന് (വെള്ളിയാഴ്ച) തന്നെ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. ഇന്ന് കിട്ടിയില്ലെങ്കിൽ കിട്ടുന്ന ഏറ്റവും അടുത്ത ദിവസം ഇവർ നാട്ടിലേക്ക് മടങ്ങും.
ഷാഹിദിൻ്റെ മരണത്തിൽ സൌദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവാസികൾ അനുസ്മരണ-അനുശോചന പരിപാടികൾ സംഘടിപ്പിച്ചു. കൂടാത സൌദിയുടെ പല ഭാഗങ്ങളിലും ഇന്ന് ഷാഹിദിൻ്റെ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരവും പ്രാർത്ഥനയും നടന്നു. രാവിലെ തന്നെ മയ്യിത്ത് ഖബറടക്കിയതിനാൽ നാട്ടിലും ഇന്ന് ജുമുഅ നമസ്കാരാന്തരം വിവിധ പളളികളിൽ മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനകളും നടത്തിയതായി ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു, ഉംലജ്, റാബഗ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…
എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+966536946051
http://wa.me/+966539258402