സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു; 20 ജീവനക്കാരുള്ള സ്ഥാപനങ്ങളും സ്വദേശികളെ നിയമിക്കണം

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

 

അമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2024,2025 വര്‍ഷങ്ങളില്‍ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്നാണ് നിര്‍ദ്ദേശം.

സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎഇ ഭരണകൂടം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലകള്‍, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ മേഖലകള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ട് സര്‍വീസുകള്‍, കല, വിനോദം, ഗതാഗതം, ഹോസ്പിറ്റാലിറ്റി എന്നിവയടക്കം 14 പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലാണ് സ്വദേശിവത്കരണ നിയമം വ്യാപിപ്പിച്ചത്.

 

അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതനുസരിച്ച് ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000  ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക.

 

അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കേണ്ടത്.

 

കഴിഞ്ഞ വര്‍ഷം ഡിസംബറോടെ രണ്ട് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ അടുത്ത ഒരു ശതമാനവും ഡിസംബറോടെ ശേഷിക്കുന്ന ഒരു ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്.  20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായാണ് മന്ത്രാലയം പുതിയതായി പ്രഖ്യാപിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!