ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു; മണിക്കൂറുകളോളം കാത്തിരുന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍

യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. 25 മണിക്കൂറിലധികമായി 150 ലേറെ യാത്രക്കാര്‍ പ്രതിസന്ധിയില്‍.

ഇന്നലെ ഉച്ചയ്ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുമായി റണ്‍വേയിലൂടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് അടിയന്തരമായി നിര്‍ത്തിയത്. റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ 2 മണിക്കൂറോളമാണ്  കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന യാത്രക്കാര്‍ക്ക് കഴിയേണ്ടി വന്നത്.  കനത്ത ചൂടില്‍ നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ 2 മണിക്കൂറോളം എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നത് കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി.

സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കാനാകില്ലെന്ന് ബോധ്യമായ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായ യാത്രക്കാരെ എയര്‍പോര്‍ട്ട് അധികൃതര്‍ ഇടപെട്ടതോടെയാണ് രാത്രി 9 മണിയോടെ  ഹോട്ടലിലേക്ക് മാറ്റിയത്. ബാഗേജുകള്‍ ചെക്ക് ഇന്‍ ചെയ്തതിനാല്‍ മാറ്റിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലെന്നത് വനിതകളായ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

കൈക്കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ എയര്‍ ഇന്ത്യയുടെ മറ്റേതെങ്കിലും വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല. വിമാനം ഇന്നു വൈകിട്ടോടെ പുറപ്പെടുമെന്നല്ലാതെ കൃത്യ സമയം പറഞ്ഞിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഇതാദ്യമായല്ല യാത്രക്കാരെ ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പെരുമാറ്റം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!