50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റിൽ അകപ്പെട്ട മഹാരാജൻ്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് വെങ്ങാനൂർ സ്വദേശിയായ മഹാരാജന്‍റെ (55) മൃതദേഹം തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് പുറത്തെത്തിച്ചത്.

ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25-തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

മേൽമണ്ണു മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ നിരവധി തവണയാണ്‌ രക്ഷാസംഘം ശ്രമിച്ചത്‌. എന്നാൽ, കിണറിന്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ്‌ മണ്ണിടിഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നതിനാൽ കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയർത്തി.

രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി കിണറിനുള്ളിലേക്ക് വീണ 16-ലധികം ഉറകൾ പൊട്ടിച്ച് കരയിലെത്തിച്ചു. കിണറിനുള്ളിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ചുവരെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണുനീക്കിയത്. തുടർന്ന് വീണ്ടും കിണറ്റിൽ വെള്ളക്കെട്ടുണ്ടായി. രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ച് അഞ്ച് മണിക്കൂറോളം വെള്ളം പമ്പു ചെയ്തു നീക്കിയിരുന്നു.

 

മഹാരാജനെ കിണറ്റിൽനിന്ന് ഉയർത്താനുള്ള ശ്രമം

 

മണ്ണിടിച്ചിലും നീരൊഴുക്കും പ്രതിരോധിക്കാൻ എത്തിച്ച ലോഹനിർമിത വളയങ്ങളിൽ ഒരെണ്ണം ഇറക്കിയെങ്കിലും അതിനടിയിലൂടെ വീണ്ടും മണ്ണിടിച്ചിലും നീരൊഴുക്കും ഉണ്ടായതോടെ സംഘാംഗങ്ങൾ തിരികെക്കയറി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ വിദഗ്ധനും അഗ്നിരക്ഷാ സേനയുടെ ടാസ്ക് ഫോഴ്സും കിണറ്റിലിറങ്ങി പരിശോധിച്ചു. ഏതാനും അടി പിന്നിട്ടാൽ മഹാരാജന്റെ അടുക്കലെത്താമെന്നു കണ്ടെത്തിയെങ്കിലും വീണ്ടും മണ്ണിടിയാമെന്നതിനാൽ തിരികെ കയറി. വൈകിട്ട്, കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയർ കണ്ടെത്തി.

 

കയർ മുകളിലേക്ക് വലിച്ചുകയറ്റിയാൽ ഒപ്പം മഹാരാജനെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ ഉദിച്ചതോടെ ചെയിൻപുള്ളി എന്ന ഉപകരണവും കപ്പിയും കയറുകളും ഉപയോഗിച്ചു നൂറുകണക്കിനു പേർ കരയിൽ നിന്നു വലിച്ച് മണ്ണിനടിയിൽ കിടക്കുന്ന പമ്പ് ഇളക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് വിദഗ്ധ സംഘത്തെ എത്തിക്കാൻ തീരുമാനമായത്.

മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിൽ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂർ നെല്ലിയറത്തലയിൽ താമസിക്കുന്ന തമിഴ്നാട് പാർവതിപുരം സ്വദേശി മഹാരാജനു (55) മേൽ മണ്ണിടിഞ്ഞു വീണത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!