സി.പി.എമ്മിന്‍റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളി; ‘കോൺഗ്രസിനെ മാറ്റിനിർത്തി ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാനില്ല’

മലപ്പുറം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം തള്ളി മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

‘‘കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ല. കോൺ‍ഗ്രസിന്റെ പ്രധാനഘടകക്ഷിയാണ് മുസ്‌ലിം ലീഗ്. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. അതിനാൽ പങ്കെടുക്കാനില്ല. മുസ്‌ലിം സംഘടനകൾക്ക് അവരുടെ തീരുമാനം പോലെ സെമിനാറിൽ പങ്കെടുക്കാം.’’– സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഏക സിവൽ കോഡ് വിഷയത്തിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാർ പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇതു മാറരുത്. ഇതൊരു ദേശീയ വിഷയമാണിത്. ഇതിൽ പാർലമെന്റിൽ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോൺഗ്രസുമായി ചേർന്നാണ് ബില്ലിനെ എതിർത്ത് തോൽപ്പിക്കേണ്ടത്. ഇവിടെ സെമിനാർ നടത്തി ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കും.’’– കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സമസ്തയുടെ നിലപാടും ലീഗ് യോഗത്തിൽ ചർച്ചയായി. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ.  സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം.

അതേസമയം, ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്നു വ്യക്തമാക്കി സമസ്ത രംഗത്തെത്തി. സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻറ്  സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഏക സിവിൽ കോഡിനെ എതിർത്തുകൊണ്ട്​ ആര്​ നടത്തുന്ന ഏത്​ നല്ല പ്രവർത്തനങ്ങളോടും സമസ്ത സഹകരിക്കുമെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്.

മുസ്​ലിം ലീഗും കോൺഗ്രസും നടത്തുന്ന പരിപാടികളോടും മുമ്പ്​ സഹകരിച്ചിട്ടുണ്ട്​. ഇപ്പോഴും സഹകരിക്കുന്നുണ്ട്​. അതുപോലെ കമ്മ്യൂണിസ്റ്റ്​​ പാർട്ടിയുടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തന​ങ്ങളോടും സഹകരിക്കും. പൗരത്വ ബില്ലിൽ സഹകരിച്ച പോലെ എല്ലാ രാഷ്​ട്രീയ പാർട്ടികളുമായും സമസ്ത സഹകരിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!