5 ജില്ലകളിലും മൂന്നു താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; പരീക്ഷകൾ മാറ്റി
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
∙ കോഴിക്കോട്
ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ചയും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.
∙ പത്തനംതിട്ട
രണ്ടായിരത്തോളം ജനങ്ങൾ നമ്മുടെ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതിനാലും നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ മണിമല, പമ്പാ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. നാളെ അധിക മഴ ലഭ്യതയുടെ സൂചനകൾ ഇല്ലാ എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളയിലെ ഷട്ടറുകൾ തുറന്നിട്ടുമുണ്ട്. ഇതെല്ലം കണക്കിലെടുക്കുമ്പോൾ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ താമസിയാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പത്തനംതിട്ട കലക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
∙ കാസർകോട്
ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ വെള്ളിയാഴ്ച (ജൂലൈ 07, 2023 വെള്ളിയാഴ്ച) പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇമ്പശേഖർ കെ. ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ്റൂമുകൾ തുടങ്ങിയവ പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇതുകൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച അവധി നൽകുന്നത്.
∙ കോട്ടയം
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
∙ കണ്ണൂർ
ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടി ഉൾപ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്.
കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ വെള്ളിയാഴ്ചത്തെ പിഎസ്‌സി പരീക്ഷകള്‍ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല.
∙ ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
കൂടുതൽ ജില്ലകളിൽ വൈകാതെ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പുതിയ വിവരങ്ങൾ അറിയാൻ വാർത്ത ഗ്രൂപ്പിൽ അംഗമാകുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക