ദുരിതംവിതച്ച് മഴ: വീടുകളും വാഹനങ്ങളും തകര്‍ന്നു, 2 പേർ ഒഴുക്കിൽപ്പെട്ടു, പരിഭ്രാരന്തരായി ജനങ്ങൾ – ചിത്രങ്ങൾ

സംസ്ഥാനത്തുടനീളം അതിശക്ത മഴയിൽ കനത്ത നാശനഷ്ടം. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. രാവിലെ ഏഴുമണിയോടെ 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. താൽക്കാലത്തേക് ഷീറ്റു വച്ച് മറയ്ക്കും. മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനിയിൽ 13 കുടുംബങ്ങളും ക്യാംപിലേക്കു മാറ്റി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങളിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കി വിലക്കേർപ്പെടുത്തി. തിരുവല്ല നിരണം വടക്കും സെന്റ് പോൾസ് സിഎസ്ഐ പള്ളി മഴയിൽ തകർന്നു.

 

കനത്തമഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്ന നിലയില്‍. 

 

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും യെലോ അലർട്ടാണ്. അടുത്ത 2  ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

കനത്തമഴയിലും കാറ്റിലും വടകരയില്‍ വീട് തകര്‍ന്നു. അഴിത്തലയില്‍ സാന്‍ഡ് ബാങ്ക്‌സിന് സമീപം വയല്‍ വളപ്പില്‍ സഫിയയുടെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂരയടക്കം തകര്‍ന്നുവീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഈ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്ന സഫിയയുടെ മകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിധവയായ സഫിയയും മകനും മകന്റെ ഭാര്യയുമാണ് വീട്ടില്‍ താമസം.

 

കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണപ്പോള്‍

 

മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു ഷട്ടർ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയർത്തി. സെക്കൻഡിൽ 90 ഘനമീറ്റർ വെള്ളം ഒഴുക്കുന്നു. പാംബ്ല അണക്കെട്ടും തുറന്നു. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇടുക്കിയിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ യാത്രകൾ നിരോധിച്ചു.

നിലമ്പൂരിനു സമീപം അമരമ്പലത്ത് കുതിരപ്പുഴയിൽ ഒഴുക്കിൽപെട്ട അഞ്ച് പേരിൽ രണ്ടു പേരെ കാണാതായി. അമരമ്പലം ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മുത്തശ്ശിയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായതെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം, ഇവർ എങ്ങനെയാണ് ഒഴുക്കിൽപെട്ടതെന്ന് വ്യക്തമല്ല. ഒഴുക്കിൽപെട്ട കുടുംബത്തിലെ രണ്ടു കുട്ടികളാണ് ആദ്യം രക്ഷപ്പെട്ടത്. ഇവർ നൽകിയ വിവരം അനുസരിച്ച് തിരച്ചിൽ നടത്തിയ നാട്ടുകാർ ഒരു സ്ത്രീയേക്കൂടി രക്ഷപ്പെടുത്തി. മൂന്നു കിലോമീറ്റർ അകലെ നിന്നാണ് ഇവരെ കണ്ടെത്തിയത്.

തൃശൂർ ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ ഭൂമിക്കു വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടു. രാവിലെ 8.17നായിരുന്നു സംഭവം. കാലിനു പെട്ടെന്നു വിറയല്‍ അനുഭവപ്പെട്ടതോടെയാണ് എന്താണു സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. കട്ടിലില്‍ ഇരുന്ന കുട്ടികള്‍ അടക്കം ചാടി വീടുകള്‍ക്കു പുറത്തെത്തി. ഇതിനൊപ്പമാണു മുഴക്കവും കേട്ടത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി. കഴിഞ്ഞ രാത്രി മുതല്‍ അതിശക്തമായ മഴ തുടരുന്നതിനിടെയാണ് ഭൂമിക്കു വിറയലും തുടര്‍ന്നു മുഴക്കവും അനുഭവപ്പെട്ടത്.

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ കൃഷ്ണ തേജ വിശദീകരിച്ചു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ല. ചലനങ്ങൾ അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.‌

നാലു വർഷം മുൻപും സമാനമായ രീതിയിൽ തൃശൂരിലും പരിസര പ്രദേശങ്ങളിലും ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. 2018 സെപ്റ്റംബർ 17ന് രാത്രിയാണ് ഇതിനു മുൻപ് മുഴക്കം സംഭവിച്ചത്. തൃശൂർ, ഒല്ലൂർ, ലാലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30ഓടെ ചലനം അനുഭവപ്പെട്ടത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!