ഭാര്യക്കൊപ്പം ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; ഭാര്യ വർഷക്ക് രക്ഷകനായ ലോറി ഡ്രൈവർ എവിടെ ?
ഫറോക്ക്∙ ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കു 2.45നു ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. മീഞ്ചന്ത അഗ്നിരക്ഷാനിലയം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നതിനിടെയാണു നദിയിൽ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെയാണു ജിതിനും ഭാര്യ വർഷയും പുഴയിൽ ചാടിയത്. ഇരുവരും പാലത്തിൽനിന്നു ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. വാഹനം നിർത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറിൽ പിടിച്ച വർഷ രക്ഷപ്പെട്ടു. പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചുകിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായില്ല. വർഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവസമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവറാണു വർഷയുടെ രക്ഷകനായത്. രാവിലെ രാമനാട്ടുകര ഭാഗത്തു നിന്നു നഗരത്തിലേക്കു പോകുമ്പോഴാണ് ലോറി ഡ്രൈവർ, നവദമ്പതികൾ പുഴയിൽ ചാടുന്നതു കണ്ടത്. ലോറി പാലത്തിൽ നിർത്തിയ ഡ്രൈവർ വാഹനത്തിൽ ഉപയോഗിക്കാതെ കിടന്ന കയർ ഉടൻ എറിഞ്ഞു നൽകി. വർഷയ്ക്ക് ഇതിൽ പിടിക്കാനായെങ്കിലും ഭർത്താവ് ജിതിനു പിടികിട്ടിയില്ല. ഈ സമയം മത്സ്യത്തൊഴിലാളി ചന്തക്കടവ് തയ്യിൽ ബഷീർ, മാളിയേക്കൽ അർഷൽ(പീച്ചു) എന്നിവർ തോണിയുമായി അടുത്തെത്തി യുവതിയെ കയറ്റി കരയ്ക്ക് എത്തിക്കുകയായിരുന്നു.
കുത്തൊഴുക്കിൽപെട്ട ജിതിനു നേരെ പങ്കായം നീട്ടിയെങ്കിലും പിടികിട്ടിയില്ല. പാലത്തിനു മുകളിൽ നാട്ടുകാരും പൊലീസും നോക്കി നിൽക്കെയാണു ജിതിൻ മുങ്ങിത്താഴ്ന്നത്. കയർ എറിഞ്ഞു നൽകാൻ ലോറി നിർത്തിയിട്ടത് പാലത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതോടെ ഡ്രൈവർ പെട്ടെന്നു വാഹനവുമായി പോയി. ഇതിനാൽ രക്ഷകൻ ആരാണെന്നു വ്യക്തമായില്ല. കുടുംബ പ്രശ്നങ്ങളെ തുടർന്നാണു മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്ത് ജിതിനും(31) ഭാര്യ പൊന്നാനി പുഴാമ്പ്രം സ്വദേശിനി വർഷയും(24) രാവിലെ 10.15നു ഫറോക്ക് പുതിയ പാലത്തിൽ നിന്നു പുഴയിലേക്കു ചാടിയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273