പുണ്യഭൂമിയില്‍ ചരിത്ര ദൗത്യം നിറവേറ്റി കെ.എം.സി.സി; മുവ്വായിരത്തോളം പേരുടെ മിന മിഷൻ വിജയകരം – ചിത്രങ്ങൾ

റിയാദ്  : ചരിത്രദൗത്യം നിറവേറ്റി സഊദി കെഎംസിസി നാഷനൽ കമ്മിറ്റിയുടെ   മുവ്വായിരത്തോളം വളണ്ടിയർമാർ  മിനായിൽ നിന്ന് വിടപറഞ്ഞു.  സഊദി ഹജ്ജ് സെല്ലിന്റെ കീഴിലാണ് മിന മിഷൻ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാർക്ക് മനസ്സ് നിറഞ്ഞ സേവനങ്ങൾ നൽകി മിന മിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കെഎംസിസി നാഷണൽ കമ്മിറ്റി വാർത്താകുറിപ്പിൽ  അറിയിച്ചു.

മക്കയിലേക്ക് മടങ്ങിയ ഹാജിമാർക്കുള്ള സേവനങ്ങളുമായി  മക്ക കെഎംസിസിയുടെ അഞ്ഞൂറിലധികം വളണ്ടിയർമാർ ഇനി അവസാന ഹാജിയും മക്കയിൽ നിന്ന് വിടവാങ്ങുന്നത് വരെ കർമ്മ രംഗത്തുണ്ടാകും. അതോടൊപ്പം മദീനയിലെത്തുന്ന ഹാജിമാർക്ക് സേവനങ്ങളുമായി മദീന കെഎംസിസിയുടെ അഞ്ഞൂറോളം പ്രവർത്തകരും രംഗത്തുണ്ട്. ജിദ്ദ വഴി മടങ്ങുന്ന ഹാജിമാർക്ക് ഹജ് ടെർമിനലിൽ ജിദ്ദ കെഎംസിസിയുടെ വളണ്ടിയർ ടീമും അണിനിരക്കും .

കാരുണ്യവീഥിയിൽ  കര്‍മോത്സുകതയുടെ പര്യായമായ കെ.എം.സി.സിയുടെ ശാസ്ത്രീയമായ പ്രവർത്തനങ്ങൾ വിശുദ്ധ ഭൂമിയിലെത്തുന്ന തീർത്ഥാടക ലക്ഷങ്ങൾക്ക്  വിലമതിക്കാനാകാത്ത സേവനമായി കണ്ട  പതിനായിരക്കണക്കിന് തീർത്ഥാടകർ വളണ്ടിയർ ടീമിന്റെ പ്രവർത്തനങ്ങളെ അവർണ്ണനീയമാണെന്ന് വിലയിരുത്തിയപ്പോൾ  സഊദി ഉദ്യോഗസ്ഥരും   ഇന്ത്യൻ അംബാസഡറും ഇന്ത്യൻ ഹജ്ജ് മിഷനും  കെഎംസിസിയുടെ സന്നദ്ധ പ്രവർത്തനങ്ങളെ പ്രശംസിച്ചു.

ആദ്യ ഹജ്ജ് തീർത്ഥാടകൻ ഹജ്ജ് ടെർമിനലിൽ ഇറങ്ങുന്നത് മുതൽ  ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം കെ.എം.സി.സിയുടെ വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി അണിനിരക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ഹാജിമാരുടെ മനസ്സില്‍ സേവനോല്സുകരായ  കെ.എം.സി.സിയുടെ നാമം  പ്രതിഷ്ഠിക്കപെട്ടിരുന്നു.

ജിദ്ദ, മക്ക, മദീന ഉൾപ്പടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി മികച്ച പരിശീലനം ലഭിച്ച സന്നദ്ധ  സംഘം    ദുല്‍ഹജ്ജ് എട്ട്  മുതല്‍ 13 വരെ മിന, അറഫ, മുസ്ദലിഫ , ഹറം പരിസരം, മശാഇര്‍ റെയില്‍വെ എന്നിവിടങ്ങളില്‍ രാപകലില്ലാതെ കർമ്മ രംഗത്തുണ്ടായിരുന്നു. വഴി തെറ്റിയവർക്ക് വഴി കാട്ടിയായും ഒറ്റപെട്ടുപോയവർക്ക് അത്താണിയായും രോഗബാധിതർക്ക് ആശ്രയമായും വിശന്നവർക്ക് കഞ്ഞിയും  വെള്ളവുമായി വിളിക്കപ്പുറത്ത് നിൽക്കുന്നവരായും കെഎംസിസി ചരിത്രമാവുകയായിരുന്നു.

കെഎംസിസി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള മക്ക, ജിദ്ദ, മദീന കമ്മിറ്റികൾ ആദ്യത്തെ ഹാജി മക്കയിലെത്തിയ നിമിഷം മുതൽ അവസാനത്തെ ഹാജി മടങ്ങി പോകുന്നത് വരെ പുണ്യഭൂമിയിൽ കർമ്മ നിരതരാണ്, വിമാനത്താവളത്തിൽ കെഎംസിസി  എയർപോർട്ട് മിഷൻ ഏറെ ശ്ലാഘനീയമായ സേവനമാണ് കാഴ്ച വെച്ചത്.ഇത്തവണ ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ വിമാനം എത്തിയതു മുതല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മാത്രമാണ് സേവനത്തിന് അണിനിരന്നത്. ഹജ്ജ് ടെര്‍മിനലില്‍ നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മക്കയിലെ കെഎംസിസി നേതാക്കൾ  പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കാഴ്ച്ച കണ്ട് അധികൃതർ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാങ്കേതികമായും  മാനസികമായും കൃത്യമായ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത് . ഹജ്ജിന്റെ കര്‍മങ്ങളും വളണ്ടിയര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അസുഖബാധിതരെ പരിചരിക്കേണ്ട രീതികളും ശാസ്ത്രീയമായ  ഭക്ഷ്യ വിതരണവും ഇവരെ പരിശീലിപ്പിച്ചിരുന്നു.

ഇത്തവണ കേരളത്തിൽ നിന്ന്  മഹറമില്ലാതെ  ഹജ്ജിനെത്തിയ മുവ്വായിരത്തോളം വനിതാ ഹാജിമാരുടെ  ആശ്രയമായിരുന്നു കെഎംസിസിയുടെ പുരുഷ,  വനിതാ വളണ്ടിയർമാർ. കർമ്മങ്ങൾക്ക് വഴികാട്ടികളായി സമാധാനത്തോടെയും സന്തോഷത്തോടെയും പുണ്യകർമ്മം നിർവഹിക്കാൻ സ്‌ത്രീകൾക്ക് കരുത്ത് പകർന്നത് വനിതാ കെഎംസിസിയുടെ പ്രവർത്തകരായിരുന്നു. കർമ്മങ്ങൾ നിർവഹിക്കുന്നതിനിടയിൽ വഴിതെറ്റിയവർക്കും രോഗങ്ങൾ മൂലം ഏറെ പ്രയാസം നേരിട്ടവർക്കും അവർ തുണയായി. മുഴു സമയമെന്നോണം ഇവരുടെ ടെന്റുകളിൽ മക്കയിലെയും ജിദ്ദയിലെയും വനിതാ കെഎംസിസി വളണ്ടിയർമാരുണ്ടായിരുന്നു.

കഞ്ഞിയും പാനീയങ്ങളും പഴങ്ങളും  നൽകി പാദരക്ഷകളും കുടകളും വീൽച്ചെയറുകളും തുടങ്ങി ആവശ്യപെടുന്നതെല്ലാം നിമിഷനേരം കൊണ്ട്  നൽകി ആരാധനകളിൽ മുഴുകാൻ ഹാജിമാർക്ക് കരുത്തും കരുതലുമായി നിലകൊണ്ട കെഎംസിസി പ്രവർത്തകരുടെ  സേവന പ്രവർത്തനങ്ങളെ അമൂല്യമായി  വാഴ്ത്തിയ ഹാജിമാർ വിടപറയുന്ന വേളയിൽ നിറകണ്ണുകളോടെ മറക്കില്ലൊരിക്കലുമെന്ന വാക്കുകളും കരളുരുകിയുള്ള പ്രാർത്ഥനയുമാണ്  തിരിച്ചു നൽകിയത്.

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സഊദി ഹജ്ജ് സെൽ ചെയർമാൻ  അഹമ്മദ് പാളയാട്ട്, ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ചീഫ് കോ ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ജിദ്ദ കെഎംസിസി ഹജ്ജ് സെൽ  വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകിയത്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!