‘കാനഡയിൽ വിസയും ജോലിയും’; ഗൾഫിൽ വ്യാപക തട്ടിപ്പ്, മൂന്ന് പെൺകുട്ടികളടക്കം ആറ് മലയാളികൾക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടം
കാനഡയിൽ വിസയും ജോലിയുമെന്ന ദുബായിലെ വ്യാജ ഏജൻസിയുടെ വാഗ്ദാനത്തിൽ കുടുങ്ങി മൂന്ന് പെൺകുട്ടികളടക്കം ആറു മലയാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. എറണാകുളം സ്വദേശി ടിനോയ്, ആലുവ സ്വദേശിനി അഖില സന്തോഷ്, അടിമാലി സ്വദേശിനി ആര്യ, ആലപ്പുഴ സ്വദേശികളായ അമൃത, കിരൺ, കോട്ടയം സ്വദേശി ടോണി എന്നിവരിൽ നിന്നാണ് ദുബായ് ബിസിനസ് ബേയിൽ ഡോക്യുമെന്‍റ് ക്ലിയറൻസ് സർവീസസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘം ഒരു വർഷം മുൻപ് പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം അഖില ആലുവ പൊലീസിന് ഇതുസംബന്ധിച്ച് പരാതി നൽകി.
സമൂഹ മാധ്യമത്തിൽ കണ്ട പരസ്യപ്രകാരം ടിനോയാണ് ഒരു വർഷം മുൻപ് ഏജൻസിയുമായി ആദ്യമായി ബന്ധപ്പെട്ടത്. യുഎഇയിലുള്ള സുഹൃത്ത് കൂടി ഏജൻസിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു. പരസ്പരം പരിചയമുള്ളവരായിരുന്നു ആറ് പേരും. കാനഡയിലെ യുകോൺ എന്ന പ്രവിശ്യയിലേയ്ക്കായിരുന്നു വീസ. ജനസംഖ്യ കുറവായതിനാൽ അങ്ങോട്ടുള്ള കുടിയേറ്റം സർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും ജോലി സാധ്യത ഏറെയാണെന്നും ഏജൻസി അധികൃതർ അവകാശപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
ഒരാളിൽ നിന്ന് 1,30,000 രൂപ വീതമാണ് വാങ്ങിയത്. കേരളത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തുവരികയായിരുന്ന ഇവർ സമ്പാദ്യം മുഴുവൻ ഇതിനായി ഉപയോഗിച്ചു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയം വച്ചുമാണ് തുക കണ്ടെത്തിയതെന്ന് ഇപ്പോൾ യുഎഇയിലുള്ള ടിനോയ് പറഞ്ഞു. ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പൂര്‍ത്തിയാക്കി എറണാകുളത്തെ ഹോട്ടലിൽ അഞ്ച് വർഷം ജോലി ചെയ്ത ടിനോയ്(27) നേരത്തെയും ജോലി അന്വേഷിച്ച് സന്ദർശക വീസയിൽ യുഎഇയിലെത്തിയിരുന്നു.
തുടർന്ന് ജോലി ലഭിക്കാതെ തിരിച്ചുപോയതിന് ശേഷമാണ് കാനഡ യാത്രയ്ക്കൊരുങ്ങിയത്. ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ രാഹുലാണ് ഇക്കാര്യത്തിന് ഇവരുമായി ബന്ധപ്പെട്ടിരുന്നത്. എന്നാൽ തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് പണം പാലക്കാട് സ്വദേശി അബ്ദുൽ അസീസിന്‍റെ ബാങ്ക് അക്കൗണ്ടിലിടുകയായിരുന്നു. മൂന്ന് മാസത്തിനകം കാനഡയിലേയ്ക്കുള്ള വീസ ശരിയാകുമെന്നും അതിന് മുൻപ് അവിടുത്തെ കമ്പനിയുമായി ഓൺലൈനിൽ അഭിമുഖം നടത്തുമെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ ഇതുസംബന്ധമായി തുടർനടപടികൾ ഇല്ലാതായപ്പോൾ രാഹുലിനെയും അബ്ദുൽ അസീസിനെയും ബന്ധപ്പെട്ടു.
തനിക്ക് ദുബായിലെ ഏജൻസിയുമായി പണമിടപാട് മാത്രമേ ഉള്ളൂ എന്നും കാനഡ വീസ,ജോലി എന്നിവ സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നും പറഞ്ഞ് അബ്ദുൽ അസീസ് ഒഴിഞ്ഞുമാറി. കാനഡ യുകോണിലെ നിയമങ്ങൾ മാറിയതിനാലാണ് യാത്ര നീളുന്നതെന്നും വൈകാതെ എല്ലാം ശരിയാകുമെന്നുമായിരുന്നു രാഹുൽ ആദ്യം പറഞ്ഞത്. പിന്നീട് ഇയാളും ഫോണെടുക്കാതായി. ഇതേ തുടർന്നായിരുന്നു ടിനോയിയും ടോണിയും രണ്ട് മാസം മുൻപ് വീണ്ടും യുഎഇയിലെത്തിയത്. ഇവിടെ ഷാർജയിലെ കുടുസ്സുമുറിയിലാണ് ഇരുവരും താമസിക്കുന്നത്. സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നതെന്ന് ടിനോയ് പറഞ്ഞു.
കുറേ പ്രാവശ്യം ഏജൻസിയെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീട്, കഴിഞ്ഞ മാർച്ചിൽ അഭിമുഖം നടക്കുമെന്നു പറഞ്ഞു പറ്റിച്ചു. അടുത്തിടെ പോയപ്പോൾ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. കുറേയേറെ അലഞ്ഞ് ബിസിനസ് ബേയിലെ തന്നെ മറ്റൊരു കെട്ടിടത്തിലേയ്ക്ക് ഓഫീസ് മാറ്റിയതായി കണ്ടുപിടിച്ചു. യാത്ര പെട്ടെന്ന് നടക്കില്ലെന്നും കാത്തിരിക്കണമെന്നുമായിരുന്നു അവരുടെ മറുപടി. പറ്റില്ലെന്നും തങ്ങളുടെ പണം തിരിച്ച് വേണമെന്നും ആവശ്യപ്പെട്ടപ്പോൾ 25% തുക മാത്രമേ തരാൻ പറ്റൂ എന്നായി. ഇത് അംഗീകരിക്കാതെ അവിടെ തന്നെ കുത്തിയിരുന്നപ്പോൾ ചീത്ത പറഞ്ഞ് തള്ളിപ്പുറത്താക്കിയതായി ടിനോയ് പറഞ്ഞു.
രാഹുലിനെ കൂടാതെ, പോൾ, മേഖ എന്നിവരാണ് ഓഫീസിലുള്ളത്. തങ്ങളെ കൂടാതെ, സമൂഹ മാധ്യമത്തിലെ പരസ്യം വഴി ഫിലിപ്പീൻസ് സ്വദേശികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യുവതീ യുവാക്കളിൽ നിന്ന് ഇവർ പണം തട്ടിയെടുത്തതായും ടിനോയ് പറയുന്നു. ഇതിനിടെ ടോണിക്ക് ചെറിയൊരു ജോലി ലഭിച്ചെങ്കിലും ടിനോയ് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. ഫോൺ:+971 52 931 1409. ഇതോടൊപ്പം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും പൊലീസിനും പരാതി നൽകാനും ഒരുങ്ങുകയാണ്
∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് തുടരുന്നത്. കോവിഡ് കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.
വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.
∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ സമീപ കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്.
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.
ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നു പന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.
ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402