7 മേഖലകളില്‍ കൂടി സൌദിവല്‍ക്കരണം പ്രാബല്യത്തില്‍; വിശദാംശങ്ങള്‍

റിയാദ്: 7 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ കൂടി സൌദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതായി സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ മേഖലയില്‍ നടപ്പിലാക്കുന്ന സ്വദേശീവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടവും നിലവില്‍ വന്നു.

 

പദ്ധതി നടപ്പിലാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് ഈ മേഖലകളില്‍ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്.  തൊഴില്‍ വിപണിയില്‍ സ്വദേശീവല്‍ക്കരണം വര്‍ദ്ധിപ്പിക്കുക, സമ്പത് വ്യവസ്ഥയില്‍ അവരുടെ സംഭാവന ഉയര്‍ത്തുക തുടങ്ങിയവയാണ് ഇതിന് പിന്നിലെന്നും മന്ത്രാലയം അറിയിച്ചു.

 

റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ സ്വദേശീവൽക്കരണത്തിൽ ഇനിപ്പറയുന്ന മേഖലകളില്‍ 70% സൌദിവല്‍ക്കരണമാണ് നടപ്പിലാക്കേണ്ടത്.

 

1 – സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ,

2- എലിവേറ്ററുകളും, ഗോവണികളും ബെൽറ്റുകളും വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ,

3- കൃത്രിമ ടർഫുകളും നീന്തൽക്കുളങ്ങളും വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ,

4- ജലശുദ്ധീകരണ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ.

5- കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഉപകരണങ്ങള്‍ എന്നിവയുടെ ഔട്ട്ലെറ്റുകള്‍

6- ന്യൂമാറ്റിക് ആയുധങ്ങള്‍, വേട്ട, യാത്ര തുടങ്ങിയവയുടെ ഔട്ട്ലെറ്റുകള്‍

7-  പാക്കേജിംഗ് ഉപകരണങ്ങള്‍ക്കുള്ള ഔട്ട്‌ലെറ്റുകൾ.

 

ഈ സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, ഉപഭോക്തൃ സേവനം തുടങ്ങിയ തസ്തികകള്‍ സൌദിവല്‍ക്കരിക്കണം. ഇതുവഴി സൌദി പൗരന്മാർക്ക് 12,000-ത്തിലധികം തൊഴിലവസരങ്ങൾ നല്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

 

വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് സ്വദേശീവല്‍ക്കരണം നടപ്പിലാക്കുക. ആദ്യ ഘട്ടം 50% വും രണ്ടാം ഘട്ടം 100% വും സ്വദേശീവല്‍ക്കരണം നടപ്പിലാക്കും.  ഇവിടെ സൌദിവല്‍ക്കരിക്കപ്പെടുന്ന പ്രധാന തസ്തികകള്‍ ഇവയാണ്. സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, എക്സാമിനേഷന്‍ ടെക്നീഷ്യൻ,  അസിസ്റ്റന്റ് എക്സാമിനേഷന്‍ ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻ,  ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി. ഈ മേഖലയിലെ സൌദിവല്‍ക്കരണത്തിലൂടെ 5,000-ത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ നാല്‍കാനാകും എന്നാണ് പ്രതീക്ഷ.

 

ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്ന ഒരു ഗൈഡും മന്ത്രാലയം പുറത്തിറക്കി.  പിഴകൾ ഒഴിവാക്കുന്നതിന്  സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Share
error: Content is protected !!