‘ലേഡീസ് വിത്തൗട്ട് മെഹറം’, കരിപ്പൂരില്‍ നിന്ന് ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യയുടെ ലേഡീസ് ഒൺലി ഹജ്ജ് വിമാനം

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു.

വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ.  ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും.

എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനം നടത്തി. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടുവെന്നും എയർ ഇന്ത്യ എക്പ്രെസ് പ്രതികരിച്ചു.

അതേസമയം,  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം നാലാം തിയതിയാണ് മക്കയിലെത്തിയത്. കണ്ണൂരിൽ  നിന്നുള്ള ഐഎക്സ് 3027 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലെത്തിയത്. 73 പുരുഷൻമാരും 72 സ്ത്രീകളുമുൾപ്പെടുന്ന ആദ്യ സംഘത്തിന്റെ നടപടികളെല്ലാം പൂർത്തിയാക്കി ആറര മണിയോടെ തീർത്ഥാടകർ ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സുകളിൽ മക്കയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ചരിത്രത്തിലേക്കാണ് ആണ്‍തുണയില്ലാത്ത വനിതാ ഹജ്ജ് തീര്‍ത്ഥാടകരുമായി കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത് . ഇതാദ്യമായാണ് ഇത്രയും വിമാനങ്ങൾ വനിതാ തീർഥാടകര്‍ക്ക് മാത്രമായി ഹജ്ജ് സർവീസ് നടത്തുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനം എറെ വ്യത്യസ്തമാവുന്നതും ഇത്തരത്തിലാണ്. സംസ്ഥാനത്തു നിന്നും വനിതാ യാത്രികർക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) മാത്രയായുള്ള ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഫ്ലാഗ് ഓഫ് ചെയ്തു. എയര്‍ ഇന്ത്യയുടെ IX 3025 നമ്പര്‍ വിമാനമാണ് വനിതാ തീര്‍ത്ഥാടകരെയും വഹിച്ച് വ്യാഴാഴ്ച വൈകീട്ട്  പുറപ്പെട്ടത്.

 

 

145 വനിതാ തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ തീര്‍ത്ഥാടകയായ കോഴിക്കോട് കാര്‍ത്തികപ്പള്ളി സുലൈഖയ്ക്ക് മന്ത്രി ബോര്‍ഡിങ് പാസ് നല്‍കി സ്വീകരിച്ചു. 76ാം വയസിലാണ് സുലൈഖ ഹജ്ജിന് പോവുന്നത്. സംസ്ഥാനത്തു നിന്നും ആകെ 16 വിമാനങ്ങളാണ് വനിതാ തീർഥാടകരുമായി മാത്രം ഹജ്ജിനായി യാത്ര തിരിക്കുന്നത്. കരിപ്പൂരിൽനിന്ന് 12, കണ്ണൂരിൽ നിന്ന് 3, കൊച്ചിയിൽ നിന്ന് ഒന്ന് വിമാനങ്ങളാണ് വനിതകൾക്കു മാത്രമായി ക്രമീകരിച്ചിട്ടുള്ളത്. മെഹ്റം അഥവാ ആൺതുണ ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ  സംസ്ഥാനത്തു നിന്ന് 2,733 തീർഥാടകരാണുള്ളത്. ഇതില്‍ 1718 പേര്‍ കരിപ്പൂരില്‍ നിന്നും 563 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നും 452 പേര്‍ കണ്ണൂരില്‍ നിന്നുമാണ് യാത്ര തിരിക്കുന്നത്.

സ്ത്രീ ശാക്തീകരണ രംഗത്തെ രാജ്യത്തെ മികച്ച കാല്‍വെപ്പാണ് വനിതാ തീര്‍ത്ഥാടകരെ മാത്രം വഹിച്ചുള്ള ഈ യാത്രയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഹജ്ജ് വേളയില്‍ പ്രാര്‍ത്ഥിക്കണമെന്നും കേന്ദ്ര മന്ത്രി തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടു.  പൈലറ്റായ മെഹ്‍റ കനിക, കോ പൈലറ്റ് ഗരിമ പാസ്സി, കാബിന്‍ ക്രൂമാരായ എം.ബി ബിജിത, ദര്‍പണ റാണ, സുഷമ ശര്‍മ്മ, സുഭംഗി ബിശ്വാസ് തുടങ്ങി ഈ വിമാനത്തിലെ എല്ലാ ജീവനക്കാരും വനിതകളാണ്. കൂടാതെ വനിതാ തീര്‍ത്ഥാടകരെ സ്വീകരിച്ചതും വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്‍ഡിലിങ് ജോലികള്‍ നിര്‍വഹിച്ചതും വനിതാ ജീവനക്കാരായിരുന്നു.

വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എം.പി അബ്ദുസ്സമദ് സമാദാനി എം.പി, ടി.വി ഇബ്രാഹിം എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.ഫാത്തിമ സുഹറാബി എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ മുഹമ്മദ് യാക്കൂബ് ഷേഖ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍  എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!