വേതന സുരക്ഷാ പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത; 98% ജീവനക്കാരും പദ്ധതിയിൽ റജിസ്റ്റർ ചെയ്തു
യുഎഇയിൽ ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയിൽ (ഡബ്ല്യുപിഎസ്) രാജ്യത്തെ 98% ജീവനക്കാരും റജിസ്റ്റർ ചെയ്തതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലുള്ളവർക്കു തൊഴിൽ കരാർ പ്രകാരമുള്ള വേതനം കുടിശികയാകാതെ ലഭ്യമാക്കുന്നതാണ് 2009ൽ ഡബ്ല്യുപിഎസ് നിലവിൽ വന്നത്.
ഡബ്ല്യുപിഎസ് പദ്ധതിയിൽ അംഗങ്ങളായ കമ്പനികളുടെ എണ്ണത്തിൽ 3.34% വർധന. വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്നത് മന്ത്രാലയത്തിനു നേരിട്ടു നിരീക്ഷിക്കാൻ ഡബ്ല്യുപിഎസ് സംവിധാനത്തിലൂടെ സാധിക്കും. ഓരോ തൊഴിലാളിയുടെയും വേതന വിവരങ്ങളും മന്ത്രാലയത്തിന് അറിയാം. നിയമം പാലിക്കാത്ത സ്ഥാപനങ്ങളിലെ തൊഴിൽ തർക്കം പരിഹരിക്കാനും ഇതുവഴി കഴിയും.
ശമ്പളം നൽകുന്നതു 15 ദിവസത്തിലധികം വൈകരുതെന്നാണ് നിയമം. ശമ്പളം വൈകിക്കുന്ന കമ്പനികൾക്കെതിരെ 17ാംദിവസം മന്ത്രാലയം നടപടി സ്വീകരിക്കും. ശമ്പളം കുടിശികയാക്കുന്ന കമ്പനികൾക്കെതിരെ അവിടത്തെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും നടപടി. വേതനം കുടിശിക വരുത്തിയാൽ കമ്പനികൾക്കു പുതിയ വീസ നൽകുന്നത് നിർത്തിവയ്ക്കും. 500ൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ നടപടി കടുത്തതാകും. ഇവർക്കെതിരെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറും.
50 – 499 നും ഇടയിൽ തൊഴിലാളികളുള്ള കമ്പനികൾ ഒന്നര മാസത്തിലധികം വേതനം നൽകുന്നതു വൈകിപ്പിച്ചാലും കമ്പനി ഫയൽ പബ്ലിക് പ്രോസിക്യൂഷനു നൽകും. ഏതു തരം കമ്പനികളും 2 മാസത്തിലധികം തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കുന്നത് ഗുരുതര നിയമ ലംഘനമാണ്.നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും. മന്ത്രാലയപ്പട്ടികയിൽ ഇത്തരം സ്ഥാപനങ്ങൾ തരം താഴ്ത്തപ്പെടും. തുടർച്ചയായി 3 മാസമാണ് സ്ഥാപനങ്ങൾ വേതന വിതരണത്തിൽ കാലതാമസം വരുത്തിയതെങ്കിൽ ആദ്യം ഓൺലൈൻ വഴി സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകും.
വേതനം നൽകാനാകാത്ത കമ്പനികൾ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കണം. ആറു മാസം കഴിഞ്ഞിട്ടും വേതനം നൽകാത്ത കമ്പനികൾക്ക് മന്ത്രാലയവുമായി ഇപ്പോഴും ബന്ധമുണ്ടോ എന്നു പരിശോധിച്ചുറപ്പാക്കും. മന്ത്രാലയവുമായി സമ്പർക്കമില്ലാത്തതാണു വ്യക്തമായാൽ വൻ തുക പിഴ ചുമത്തി കമ്പനി ഫയൽ പബ്ലിക് പ്രോസിക്യൂഷനു കൈമാറും.
50 തൊഴിലാളികളുള്ള സ്ഥാപനം വേതന വിതരണം വൈകിപ്പിച്ചാൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണമന്ത്രാലയം ഓൺലൈൻ പരിശോധന പൂർത്തിയാക്കിയ ശേഷം സ്ഥാപനത്തിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. മന്ത്രാലയ നടപടികൾ സ്പോൺസറെ നേരിട്ടറിയിക്കും.
ഡബ്ല്യുപിഎസിൽ വരാത്തവർ
തൊഴിൽ തർക്കം നിലനിൽക്കുകയും കേസ് കോടതിയുടെ പരിഗണനയിൽ ആണെങ്കിൽ തൊഴിലാളിയെ ഡബ്ല്യുപിഎസിൽ നിന്ന് ഒഴിവാക്കാം. ജീവനക്കാരൻ സ്വമേധയാ തൊഴിൽ ബന്ധം അവസാനിപ്പിച്ചാലും പുറത്താകും. പുതിയ തൊഴിലാളികൾ 30 ദിവസം വരെ വേതന വിതരണ പരിധിയിലുണ്ടാവില്ല. അവധിയിലുള്ള തൊഴിലാളിയെയും രേഖയുടെ അടിസ്ഥാനത്തിൽ വേതന വിതരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273