‘മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കും’; രാവിലെ പോലീസിന് ശ്രീജയുടെ ഫോണ്‍; കൂട്ടമരണത്തില്‍ നടുങ്ങി നാട്‌

കണ്ണൂർ ചെറുപുഴ പാടിയോട്ടുചാലിൽ കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, ശ്രീജ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ച് മരിക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു.

പാടിച്ചാല്‍ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിന്‍(12) സൂരജ്(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭര്‍ത്താവ് ഷാജി എന്നിവരെയാണ് പാടിച്ചാലിലെ ശ്രീജയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം. ജീവനൊടുക്കുന്നതിന് മുന്‍പ് ശ്രീജ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കാന്‍ പോവുകയാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ നാട്ടുകാരെയും പോലീസ് വിവരമറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാരും പോലീസും വീട്ടിലെത്തിയപ്പോള്‍ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

 

 

ശ്രീജയുടെയും ഷാജിയുടെയും രണ്ടാംവിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് വിവാഹിതരായത്. തുടര്‍ന്ന് ഷാജി ശ്രീജയ്‌ക്കൊപ്പം താമസം ആരംഭിച്ചു. പാടിച്ചാലിലെ വീട്ടില്‍ ശ്രീജയും ഷാജിയും താമസിക്കുന്നതിനെച്ചൊല്ലി ആദ്യഭര്‍ത്താവ് സുനിലുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ ആദ്യഭര്‍ത്താവ് സുനില്‍ ഏതാനുംദിവസങ്ങളായി മറ്റൊരിടത്താണ് താമസം. വീട് തന്റേതാണെന്നും ശ്രീജയേയും ഭർത്താവിനെയും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബ പ്രശ്നം തീർക്കാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീജയോടും ഷാജിയോടും ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്താനും പൊലീസ് തീരുമാനിച്ചു. ഇതിനിടെയായിരുന്നു അഞ്ചുപേരുടെയും മരണം.

മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ആദ്യഭര്‍ത്താവ് സുനിലും ശ്രീജയും തമ്മില്‍ യാതൊരുപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യഭര്‍ത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്രീജ ഷാജിയെ വിവാഹംകഴിച്ചതോടെ സുനില്‍ പോലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭര്‍ത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ശ്രീജയുടെ രണ്ടാംവിവാഹത്തെക്കുറിച്ച് തങ്ങളറിഞ്ഞില്ലെന്നായിരുന്നു ശ്രീജയുടെ സഹോദരിയുടെയും പ്രതികരണം. ശ്രീജയുടെ ആദ്യഭര്‍ത്താവ് സുനില്‍ നല്ല സ്വഭാവക്കാരനാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇവിടെ പുതിയ വീട് പണികഴിപ്പിച്ചതിന് ശേഷമാണ് ശ്രീജയും ഷാജിയും ബന്ധം തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച വാട്‌സാപ്പില്‍ ഫോട്ടോ കണ്ടതോടെയാണ് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞതെന്നും ശ്രീജയുടെ സഹോദരി പറഞ്ഞു.

അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടില്‍ ഡിവൈ.എസ്.പി. ഇ.പ്രേമചന്ദ്രന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. വിരലടയാള, ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!