ഇനി നമസ്‌കാര പായയും ഡിജിറ്റൽ; സ്മാർട് നമസ്‌കാര പായയുടെ വിശേഷങ്ങൾ

ദോഹ: പ്രാർഥനയ്ക്കുള്ള നമസ്‌കാര പായയും ഇനി ഡിജിറ്റൽ. ലോകത്തിലെ പ്രഥമ ‘സ്മാർട് എജ്യൂക്കേഷനൽ നമസ്‌കാര പായ’ വികസിപ്പിച്ചതിനുള്ള ഗോൾഡൻ പുരസ്‌കാരം ഖത്തർ പൗരന് സ്വന്തം.

ഈ മാസം ആദ്യ വാരം മലേഷ്യയിൽ നടന്ന പ്രധാന ശാസ്ത്ര-സാങ്കേതിക പ്രദർശനമായ 34-ാമത് ഐടെക്‌സ് മലേഷ്യ-2023 ലാണ് സ്മാർട് നമസ്‌കാര പായ വികസിപ്പിച്ചെടുത്തതിന് സ്വദേശി ഉപജ്ഞാതാവായ അബ്ദുൽറഹ്‌മാൻ ഖാമിസിന് സ്വർണ മെഡൽ പുരസ്‌കാരമായി ലഭിച്ചത്. ‘സജദ’ എന്നാണ് ഈ ഡിജിറ്റൽ നമസ്‌കാര പായയുടെ പേര്. പുതുതലമുറയുടെ ഇസ്‌ലാമിക് വിദ്യാഭ്യാസത്തിന് വലിയ തോതിൽ ഗുണകരമാണ് ഈ സ്മാർട് നിസ്‌കാര പായ.

കുട്ടികൾക്കും പുതിയ മുസ്‌ലീം വിശ്വാസികൾക്കും എങ്ങനെയാണ് പ്രാർഥന നിർവഹിക്കുന്നതെന്ന് മനസ്സിലാക്കാനും വേഗത്തിൽ പ്രാർഥനയുടെ അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുക്കാനും സജദ സഹായകമാണ്. പ്രാർത്ഥനാ ക്രമങ്ങളും ഖുർ ആൻ വചനങ്ങളും മനസിലാക്കി തന്നെ നമസ്‌കാരം ചെയ്യാമെന്നതാണ് സജദയുടെ പ്രത്യേകത. ഇതാദ്യമായല്ല സജദ പുരസ്‌കാരങ്ങൾ കരസ്ഥമാക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ജനീവയിൽ നടന്ന കണ്ടുപിടിത്തങ്ങളുടെ രാജ്യാന്തര പ്രദർശനത്തിലും ഖാമിസിന് സ്വർണ മെഡൽ ലഭിച്ചിരുന്നു. കുവൈത്തിൽ നടന്ന 13-ാമത് രാജ്യാന്തര ഇൻവെൻഷൻ മേളയിൽ പുതു ആശയത്തിന് ലഭിച്ച സ്വർണ മെഡൽ ആണ് സജദയ്ക്ക് ലഭിച്ച പ്രഥമ പുരസ്‌കാരം. ഗൾഫ് കോർപറേഷൻ കൗൺസിൽ സെക്രട്ടറി ജനറലിന്റെ പേറ്റന്റ് ഓഫിസ് പുരസ്‌കാരവും സജദയ്ക്ക് ലഭിച്ചു കഴിഞ്ഞു.

ഇസ്‌ലാമിക് വിദ്യാഭ്യാസം ശക്തിപ്പെടുത്താനും ഖത്തറിലെ സാങ്കേതിക ഗവേഷണങ്ങളും  വികസനങ്ങളും പ്രോത്സാഹിപ്പിക്കുക കൂടിയാണ് പുതിയ കണ്ടുപിടിത്തത്തിലൂടെ ഖാമിസ് ലക്ഷ്യമിട്ടത്.

 

ഇരുപതോളം പ്രാർഥനകൾ

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ദിവസേനയുള്ള 5 നേരത്തെ നമസ്‌കാരവും റമസാനിലെ തറാവീഹ്, രാത്രി സമയങ്ങളിലെ നമസ്‌കാരങ്ങൾ എന്നിവ  ഉൾപ്പെടെ ഇരുപതോളം പ്രാർഥനകളുമാണ് സജദയിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രാർഥനകളുടെ ശരിയായ, കൃത്യമായ പരിശീലനമാണ് സജദ നൽകുന്നത്.

വിശ്വാസി നമസ്‌കാര പായയിൽ കയറി നിൽക്കുമ്പോൾ ഓരോ ഘട്ടങ്ങളിലും ചൊല്ലേണ്ട പ്രാർഥനാക്രമം, ഖുർ ആൻ അധ്യായങ്ങൾ, ഓരോ പ്രാർഥനാ സമയങ്ങളിലും വിശ്വാസി നിർബന്ധമായും ചൊല്ലേണ്ടത്, ഓരോ പ്രാർഥനയ്ക്കും എങ്ങനെയാണ് ഇരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ മുൻപിലെ എൽഇഡി സ്‌ക്രീനിൽ തെളിയും. നമസ്‌കാര പായയിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറുകളിലൂടെ ഓഡിയോ വിവരണവും കേൾക്കാം.

പ്രാർഥന ചൊല്ലുന്നതിലെ തെറ്റുകൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് തിരുത്താനായി നൂതന പ്രഷർ സെൻസറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അറ്റൻഷൻ ഡെഫിസിറ്റ്-ഹൈപ്പറാക്ടീവ് ഡിസോർഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഇന്റർ ആക്ടീവ് സവിശേഷതകൾ, കാൽമുട്ട് അല്ലെങ്കിൽ സന്ധി വേദനയുള്ളവർ തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ പ്രത്യേക പ്രതലം എന്നിവയാണ് സജദിലെ മറ്റ് പ്രധാന പ്രത്യേകതകൾ.  3 വ്യത്യസ്ത ഭാഷാ ഓപ്ഷനുകളും നിസ്‌കാര പായയിലുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!