യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും മോശവും ഇവയാണ്; വിശദീകരണവുമായി ശൈഖ് മുഹമ്മദ്

യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനവും ഏറ്റവും മോശം സേവനവും ഏതൊക്കെയാണെന്ന ജനാഭിപ്രായം ക്രോഡീകരിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്ച സര്‍ക്കാര്‍ സേവനങ്ങളുടെ മികവിന്റെ പട്ടിക സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.

ഓരോ സര്‍ക്കാര്‍ സേവനത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്കുള്ള സംതൃപ്തിയുടെ അളവ് അറിയാന്‍ ഈ വര്‍ഷം ആദ്യത്തില്‍ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമായ ഗവണ്‍മെന്റ് സര്‍വീസസ് ഒബ്‍സര്‍വേറ്ററിയാണ് പുതിയ റേറ്റിങ് തയ്യാറാക്കിയത്. ഏതാണ്ട് 1400ല്‍ അധികം സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള പത്ത് ലക്ഷത്തിലധികം അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

പുതിയ റേറ്റിങ് പ്രകാരം പാസ്‍പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും ഇഷ്യൂ ചെയ്യുന്നതാണ് രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തിയ സേവനങ്ങള്‍. ഇവയ്ക്ക് സാധാരണ ഗതിയില്‍ അര മണിക്കൂറില്‍ താഴെ സമയം മാത്രമേ എടുക്കാറുള്ളൂ. ഒപ്പം യുഎഇ ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും നല്‍കുന്ന സേവനങ്ങളും മികവിന്റെ പട്ടികയില്‍ മുന്‍നിരയിലുണ്ട്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും മെഡിക്കല്‍ അപ്പോയിന്റ്മെന്റകള്‍ ബുക്ക് ചെയ്യുന്നതുമാണ് ഒപ്പം ജനസംതൃപ്‍തമല്ലാത്ത സര്‍ക്കാര്‍ സേവനങ്ങള്‍ എന്നും കണ്ടെത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ നടത്തുന്ന വിലയിരുത്തലുകള്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള അംഗീകാരവും അതേസമയം തന്നെ സുതാര്യത ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന വസ്‍തുതയുമാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. കേവല പുകഴ്‍ത്തലുകള്‍ക്ക് അപ്പുറം ആത്മാര്‍ത്ഥമായ വിലയിരുത്തലുകളാണ് പ്രധാനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!