കെണിയൊരുക്കി ‘ചേച്ചി’; ദുബായിൽ ഡാൻസ് ബാറിൽ ജോലി, അനാശാസ്യത്തിന് നിർബന്ധിച്ചു, ഓടി രക്ഷപ്പെട്ട് മലയാളി പെൺകുട്ടി
ദുബായ്∙ അനാശാസ്യത്തിനു നിർബന്ധിക്കപ്പെട്ടതോടെ ദുബായിൽ ഡാൻസ് ബാറിൽ ജോലിക്കുനിന്ന മലയാളി പെൺകുട്ടി ഓടിരക്ഷപ്പെട്ടു. ഇടുക്കി സ്വദേശിനിയാണു ദെയ്റയിലെ ഒരു ഡാൻസ് ബാറില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ടുദിവസം മുൻപ് 60 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണു യുഎഇയിൽ എത്തിയത്. റിസപ്ഷനിസ്റ്റിന്റെ ജോലിക്കായാണു യുഎഇയിൽ വന്നതെന്നു പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
“നാട്ടിലെ ഒരു ചേച്ചി വഴിയാണ് ജോലി തരപ്പെടുത്തിയത്. ടൂറിസ്റ്റ് വീസയും വിമാന ടിക്കറ്റുമെല്ലാം അവർ തന്നെ ഏർപ്പാടാക്കി. പ്രഫഷനൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം ഗൾഫിലേയ്ക്കു ജോലിക്കായി പോകാനായിരുന്നു തീരുമാനം. എന്നാൽ കോഴ്സിന്റെ പരിശീലനം പൂർത്തിയാക്കാനായില്ല. ആ സമയത്താണു ചേച്ചിയെ പരിചയപ്പെട്ടത്. ദുബായിൽ തനിക്ക് ആളുകളുണ്ടെന്നും അവിടെ റിസപ്ഷനിസ്റ്റിന്റെ ജോലി ശരിയാക്കിത്തരാമെന്നും അവർ പറഞ്ഞു. വൈകാതെ തന്നെ വീസയും വിമാന ടിക്കറ്റും കയ്യിൽ കിട്ടി. കൂടാതെ, ടൂറിസ്റ്റ് വീസയായതിനാൽ താമസിക്കാൻ പ്രതിദിനം 150 ദിർഹം വാടകയുള്ള ഹോട്ടൽ മുറി ബുക്ക് ചെയ്ത രേഖയും കൈമാറിയിരുന്നു”. തുടർന്നു ജോലിയേക്കുറിച്ചോ കമ്പനിയെക്കുറിച്ചോ കൂടുതൽ അന്വേഷിക്കാതെ വിമാനം കയറുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.
“ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ ആളുകള്‍ കൂട്ടാനെത്തിയിരുന്നു. ദെയ്റയിലെ ഒരു ഹോട്ടലിലേയ്ക്കാണു നേരെ കൊണ്ടുപോയത്. ഡാൻസ് ബാറിലാണു ജോലി എന്നറിഞ്ഞത് അപ്പോഴായിരുന്നു. മലയാളികളടക്കം കുറേ സ്ത്രീകൾ ഇതേ ജോലി ചെയ്യുന്നുണ്ട്. അറിയാവുന്ന പോലെ നൃത്തം ചെയ്യണം. ആളുകൾക്കു മദ്യം ഒഴിച്ചുകൊടുക്കണം. രാത്രിയായപ്പോൾ മറ്റൊരു കെട്ടിടത്തിലെ താമസ സ്ഥലത്തേയ്ക്കു കൊണ്ടുപോയി. തുടർന്ന് അനാശാസ്യത്തിന് പ്രേരിപ്പിച്ചു. വലിയ തുക വാഗ്ദാനം ചെയ്തു. മറ്റു പല സൗകര്യങ്ങളും വിവരിച്ചു. എന്നാൽ ചെറുത്തുനിന്നപ്പോൾ ചീത്ത പറയുകയും മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഭക്ഷണം പോലും നൽകിയില്ല. ആകെ ഭയന്ന താൻ വീട്ടിലേയ്ക്കു വാട്സാപ്പ് സന്ദേശം അയച്ചു. ഒടുവിൽ ഒരു ബന്ധു വഴി ദുബായിലെ അവരുടെ സുഹൃത്തിനെ ബന്ധപ്പെട്ടു. അവരാണ് ആരും കാണാതെ അവിടെ നിന്ന് രക്ഷപ്പെടാൻ വഴി പറഞ്ഞു കൊടുത്തത്”.
രാത്രി ജോലി, പകലുറക്കം; രക്ഷപ്പെടാൻ വഴി തേടി പെൺകുട്ടി
“ചെറിയൊരു കുടുസ്സുമുറിയിൽ എട്ടോളം സ്ത്രീകൾ താമസിക്കുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ ജോലി ചെയ്ത് പകലാണുറക്കം. പകൽ സമയത്തു രക്ഷപ്പെടാൻ തീരുമാനിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏതെങ്കിലും സമയത്ത് മുറി തുറക്കാതിരിക്കില്ലെന്നും ആ തക്കം നോക്കി ഒാടി രക്ഷപ്പെടണമെന്നും സുഹൃത്ത് ഉപദേശിച്ചു. പാസ്പോർട്ട് കൈവശം ഉണ്ടായിരുന്നു”. ഇന്ന് രാവിലെ മുറി പൂട്ടാൻ വിട്ടപോയ സമയത്ത് പാസ്പോർട്ടും മൊബൈൽ ഫോണും മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നെന്നു പെൺകുട്ടി പറഞ്ഞു. സഹായത്തിനായി ഏർപ്പാടാക്കിയിരുന്ന ഒരു യുവാവുമായി ബന്ധപ്പെട്ട് സുരക്ഷിതമായിരിക്കുകയായിരുന്നു.
എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് പോകണമെന്നാണ് പെൺകുട്ടിയുടെ ആഗ്രഹം. നല്ലൊരു ജോലി ലഭിക്കുകയാണെങ്കിൽ ഇവിടെ തന്നെ തുടരണമെന്നും ആഗ്രഹമുണ്ട്. എന്നാൽ പ്ലസ് ടു മാത്രമാണു വിദ്യാഭ്യാസയോഗ്യത. അതേസമയം പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ വേണ്ടി സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും ജോലി എന്ന് കേൾക്കുമ്പോൾ മറ്റൊന്നും ആലോചിക്കാതെ ചാടി വരരുതെന്നും പെൺകുട്ടി പറഞ്ഞു.
കമ്പനിയെക്കുറിച്ച് മനസിലാക്കിയ ശേഷം വിമാനം കയറു: പൊലീസ്
വെബ്സൈറ്റ് വഴിയും മറ്റും തൊഴിൽ അപേക്ഷ നൽകുമ്പോൾ കമ്പനിയെക്കുറിച്ചു കൃത്യമായി മനസിലാക്കിയിരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. എത്രകാലമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നും മറ്റുമുള്ള വിവരം യുഎഇയിലുള്ള ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അന്വേഷിച്ചുവേണം വിമാനം കയറാൻ.
ജോലി തട്ടിപ്പ്; ജാഗ്രത വേണം
1980 കളിൽ തുടങ്ങിയ വീസ–ജോലി തട്ടിപ്പിന്റെ ആധുനിക രൂപമാണ് ഇപ്പോഴുള്ളത്. മുൻപ് ഏജന്റുമാർ നേരിട്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ്. കോവിഡ് കാലത്ത് ഇത് വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതിയുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെയാണു ഇത്തരം തട്ടിപ്പുകളിൽ വീഴുന്നത്.
ജോലി തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്കു കടക്കാവു.
വ്യാജ തൊഴിൽ കരാർ: യുഎഇ പറയുന്നത്
വ്യാജ തൊഴിൽ കരാറും ഓഫർ ലെറ്ററുകളും കാണിച്ച് പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണ് വ്യാജകരാറുകൾ വഴി പണം തട്ടുന്നത്. യുഎഇയിലേക്ക് വീസയിൽ വരുന്നതിനു മുൻപ് പ്രാഥമിക പടിയായി ഓഫർ ലറ്റർ നൽകും. ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണ് ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണ് കരാറിൽ കാണിക്കുക.
വീസ ചെലവ് വഹിക്കേണ്ടത് തൊഴിലുടമ
യുഎഇയിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. അതുകൊണ്ട് വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ട് നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന തൊഴിൽ പരസ്യങ്ങൾ മാത്രം അവലംബിക്കുക. ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ച് വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273