രണ്ടാഴ്ചയ്ക്കിടെ മാത്രം പിടികൂടി നാടുകടത്തിയത് 600 പ്രവാസികളെ; ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടാഴ്ചയ്ക്കിടെ മാത്രം അറുനൂറിലധികം പ്രവാസികളെ റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക കണക്കുകള്‍. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് നിയമലംഘകരായ പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കാനും രാജ്യത്ത് സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം സന്തുലിതമായി നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേരിട്ടുള്ള നിര്‍ദേശം ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.
നിയമലംഘകരെ പിടികൂടാനായി വ്യാപക പരിശോധനകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോള്‍ ദിനേനയെന്നോണം നടന്നുവരുന്നുണ്ട്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തുന്നത്. റെസിഡന്‍സി അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെയും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് വിവിധ വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് ഇത്തരം റെയ്‍ഡുകള്‍. പിടിയിലായിട്ടുള്ളവരില്‍ ബഹുഭൂരിപക്ഷവും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളാണെങ്കിലും അടുത്തിടെയായി വ്യാജ ഡോക്ടര്‍മാരും നഴ്‍സുമാരും വ്യാപകമായി പിടിയിലായിട്ടുണ്ടെന്ന വിവരവും അധികൃതര്‍ പങ്കുവെയ്‍ക്കുന്നു.
ലൈസന്‍സോ മറ്റ് അനുമതികളോ ഒന്നുമില്ലാതെ മെഡിക്കല്‍ സെന്ററുകളിലും ക്ലിനിക്കുകളിലും ജോലി ചെയ്‍ത് രോഗികളെ ചികിത്സിക്കുകയും വിദഗ്ധ സ്‍പെഷ്യാലിറ്റികളില്‍ പോലും ‘സേവനം’ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ അടുത്തിടെ നടന്ന പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തിരുന്നു. ഇത്തരത്തില്‍ ആറ് പ്രവാസികളെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പുറമെ രോഗികളെ ചികിത്സിക്കുകയും നഴ്സിങ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നിരവധി ഗാര്‍ഹിക തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഇത്തരക്കാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയാണ്.
നിയമവിരുദ്ധമായി പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന 15 ഓഫീസുകള്‍ കണ്ടെത്തി പൂട്ടിച്ചു. താമസ നിയമങ്ങള്‍ ലംഘിച്ച 90 പ്രവാസികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‍തത്. ഇതിന് പുറമെ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലാവുന്നവരെ പിന്നീട് മറ്റ് വിസകളില്‍ പോലും കുവൈത്തിലേക്ക് തിരികെ വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തിയാണ് സ്വന്തം രാജ്യങ്ങളിലേക്ക് വിടുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273