2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ട്? എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി ആര്‍ബിഐ

ന്യൂഡൽഹി: 2000 രൂപ നോട്ടുകളുടെ വിതരണം റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി ഇന്നലെ അറിയിച്ചിരുന്നു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ ഉയർന്നു വരുന്ന സംശയങ്ങൾക്കുള്ള മറുപടിയുമായി റിസർവ് ബാങ്ക്.

 

1. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?

1934ലെ ആർബിഐ നിയമം സെക്‌ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ സാധുത പിൻവലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവിൽ മറ്റ് മൂല്യങ്ങളുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു.

2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വർഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്കു സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, മറ്റു മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്കിന്റെ ‘ക്ലീൻ നോട്ട് നയം’ അനുസരിച്ച്, പ്രചാരത്തിൽനിന്ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചു.

 

2. എന്താണ് ക്ലീൻ നോട്ട് നയം?

പൊതുജനങ്ങൾക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആർബിഐ സ്വീകരിച്ച നയമാണിത്.

3. 2000 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനാകുമോ?

തീർച്ചയായും. 2000 രൂപ നോട്ട് തുടർന്നും ഉപയോഗിക്കാനാകും.

4. സാധാരണ ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ ഉപയോഗിക്കാനാകുമോ?

തീർച്ചയായും. പൊതുജനങ്ങൾക്ക് അവരുടെ ഇടപാടുകൾക്കായി 2000 രൂപയുടെ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബർ 30നോ അതിനുമുമ്പോ ഈ നോട്ടുകൾ നിക്ഷേപിക്കാനും/കൈമാറ്റം ചെയ്യാം.

5. പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?

പൊതുജനങ്ങൾക്കു തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും / അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജനൽ ഓഫിസുകളിലും (ആർഒ)1 നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.

6. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനു പരിധിയുണ്ടോ?

നിലവിലുള്ള ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയാം’ (കെ‌വൈ‌സി) മാനദണ്ഡങ്ങളും ബാധകമായ മറ്റ് നിയമപരമായ / നിർവഹണ ആവശ്യകതകളും പാലിക്കുന്നതിന് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

7. കൈമാറ്റം ചെയ്യാവുന്ന 2000 രൂപ നോട്ടുകളുടെ ആകെത്തുകയ്ക്ക് പരിധിയുണ്ടോ?

പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം.

8. ബിസിനസ് കറസ്‌പോണ്ടന്റുമാർ (ബിസി) വഴി 2000 രൂപ നോട്ടുകൾ കൈമാറാൻ കഴിയുമോ?

തീർച്ചയായും. ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം 4000 രൂപ എന്ന പരിധി വരെ ബിസികൾ മുഖേന 2000 രൂപ നോട്ടുകൾ മാറ്റാവുന്നതാണ്.

9. ഏത് തീയതി മുതൽ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ലഭ്യമാകും?

തയാറെടുപ്പ് ക്രമീകരണങ്ങൾ നടത്താൻ ബാങ്കുകൾക്ക് സമയം നൽകുന്നതിനുവേണ്ടി, കൈമാറ്റം ചെയ്യുന്നതിനായി 2023 മേയ് 23 മുതൽ ആർബിഐയുടെ ബാങ്ക് ശാഖകളെയോ ആർഒകളെയോ സമീപിക്കാൻ പൊതുജനങ്ങളോട് ആർബിഐ അഭ്യർഥിക്കുന്നു.

10. ബാങ്കിന്റെ ശാഖകളിൽനിന്ന് 2000 രൂപ നോട്ടുകൾ മാറ്റാൻ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കേണ്ടത് ആവശ്യമാണോ?

അല്ല. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേസമയം 20,000 രൂപ എന്ന പരിധി വരെ 2000 രൂപ നോട്ടുകൾ മാറ്റാം.

11. വ്യവസായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഒരാൾക്ക് 20,000ൽ കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ എന്തുചെയ്യണം?

നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളിൽ‌നിന്ന് പണം പിൻവലിക്കാനും കഴിയും.

12. നോട്ടുകൾ മാറ്റിയെടുക്കുന്നതിന് എന്തെങ്കിലും ഫീസ് അടയ്ക്കേണ്ടതുണ്ടോ?

വേണ്ട. സൗജന്യമായി നോട്ടുകൾ മാറ്റിയെടുക്കാം.

13. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കായി കൈമാറ്റത്തിനും നിക്ഷേപത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകുമോ?

2000 രൂപയുടെ നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

14. ഒരാൾക്ക് 2000 രൂപയുടെ ബാങ്ക് നോട്ട് ഉടനടി നിക്ഷേപിക്കാനോ മാറ്റാനോ കഴിയുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?

മുഴുവൻ പ്രക്രിയയും സുഗമവും പൊതുജനങ്ങൾക്ക് സൗകര്യപ്രദവുമാക്കുന്നതിന്, 2000 രൂപയുടെ ബാങ്ക് നോട്ടുകൾ നിക്ഷേപിക്കുന്നതിനും / കൈമാറ്റം ചെയ്യുന്നതിനും നാലുമാസത്തിലധികം സമയം നൽകിയിട്ടുണ്ട്. അതിനാൽ, പൊതുജനങ്ങൾ, അനുവദിച്ച സമയത്തിനുള്ളിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ആർബിഐ പറയുന്നു.

15. 2000 രൂപയുടെ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാൽ എന്ത് സംഭവിക്കും?

സേവനത്തിന്റെ അപര്യാപ്തതയുണ്ടെങ്കിൽ പരാതി പരിഹരിക്കുന്നതിന്, പരാതിക്കാരന് / പരാതിക്കാരനായ ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം. പരാതി നൽകി 30 ദിവസത്തിനുള്ളിൽ ബാങ്ക് പ്രതികരിച്ചില്ലെങ്കിൽ അല്ലെങ്കിൽ ബാങ്ക് നൽകിയ പ്രതികരണത്തിൽ / പരിഹാരത്തിൽ പരാതിക്കാരൻ തൃപ്തനല്ലെങ്കിൽ, പരാതിക്കാരന് ആർബിഐയുടെ (cms.rbi.org.in) പരാതി പരിഹാര സംവിധാനമുള്ള പോർട്ടലിൽ റിസർവ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം (ആർബി-ഐഒഎസ്) 2021 പ്രകാരം പരാതി നൽകാം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!