വിമാനം തകർന്നു; അമ്മ മരിച്ചു; ആമസോൺ കാട്ടിലൂടെ അലഞ്ഞ് 4 കുട്ടികളെ രണ്ടാഴ്ചക്ക് ശേഷം ജീവനോടെ കണ്ടെത്തി – വീഡിയോ
വിമാന അപകടത്തിൽപ്പെട്ട നാല് കുട്ടികളെ രണ്ടാഴ്ചക്ക് ശേഷം ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തി. 11 മാസം പ്രായമുള്ള കുട്ടിയും ജീവനോടെ കണ്ടെത്തിയവരിൽ ഉൾപ്പെടും. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് കുട്ടികളെ രക്ഷപ്പെടുത്തിയ വിവരം അറിയിച്ചത്. രാജ്യത്തിന് സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊടുംവനത്തിനുള്ളിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊളംബിയ. രണ്ടാഴ്ച മുൻപ് ആമസോൺ കാട്ടിനുള്ളിൽ തകർന്നുവീണ വിമാനത്തിലാണ് ഈ കുട്ടികളുണ്ടായിരുന്നത്. പതിമൂന്നും ഒൻപതും നാലും വയസ്സുള്ള കുട്ടികൾക്കൊപ്പം 11 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു. അതികഠിനമായ രക്ഷാദൗത്യത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. ഇത് രാജ്യത്തിന് സന്തോഷം നൽകുന്ന ദിനമാണെന്നാണ് കുട്ടികളെ കണ്ടെത്തിയതിനു പിന്നാലെ പ്രസിഡന്റ് ഗുസ്താവോ പെട്രൊ വ്യക്തമാക്കി.
മെയ് ഒന്നിനാണ് വിമാനം തകർന്നു വീണത്. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും മറ്റൊരാളുടെയും മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു എന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടിൽ കമ്പും മരത്തിന്റെ ശിഖരങ്ങളും മറ്റും കൂട്ടിവച്ച് ഒരു താൽകാലിക ഷെഡ് ഉണ്ടാക്കിയിരിക്കുന്നത് സ്ഥലത്ത് തിരച്ചിലിനെത്തിയ സൈനികർ കണ്ടെത്തി. ഇതോടെയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ കാട്ടിനുള്ളിൽ അലഞ്ഞുനടക്കുന്നുണ്ടാകാം എന്ന അനുമാനത്തില്‍ ഉദ്യോഗസ്ഥർ എത്തിയത്.
ഷെഡിൽ നിന്ന് ഒരു കത്രികയും തലയിലിടുന്ന ബാൻഡും സൈനികർ ലഭിച്ചു. ഇതുകൂടാതെ കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്ന ഒരു കുപ്പിയും പകുതി കഴിച്ച പഴവും നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസ്സിലായതോടെ നൂറിലധികം സൈനികരെയും ഡോഗ് സ്ക്വാഡിനെയും കൂടി തിരച്ചിൽ സംഘത്തിലേക്ക് നിയോഗിച്ചിരുന്നു.
മൂന്ന് ഹെലിക്കോപ്റ്ററുകളും കുട്ടികളെ തിരഞ്ഞ് പറന്നു. ഇതിൽ ഒരു ഹെലിക്കോപ്റ്ററിൽ നിന്ന് കുട്ടികളോട് കാട്ടിനുള്ളിലേക്ക് പോകരുത്, ഇപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ നിൽക്കണമെന്ന നിർദേശം ഉച്ചത്തിൽ കേൾപ്പിച്ചിരുന്നു. ഇവരുടെ മുത്തശ്ശിയെക്കൊണ്ട് റെക്കോർഡ് ചെയ്തതായിരുന്നു ഈ ശബ്ദം. മുത്തശ്ശിയുടെ ശബ്ദം തിരിച്ചറിഞ്ഞ് കുട്ടികൾ നിലവിലുള്ള സ്ഥലത്ത് തന്നെ നിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ. കാട്ടിനുള്ളിലെ തിരച്ചിൽ അതീവ ശ്രമകരമായിരുന്നു. കൂറ്റൻ മരങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ കുട്ടികളെ തിരയുന്നത് വെല്ലുവിളിയായിരുന്നു. പ്രദേശത്ത് എപ്പോൾ വേണമെങ്കിലും മഴ പെയ്യാം എന്നതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. പക്ഷേ വിജയകരമായി കുട്ടികളെ തിരികെ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവർത്തകരും രാജ്യവും.
വീഡിയോ കാണാം…
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273