സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; പ്രഖ്യാപനം ഉടന്‍, സത്യപ്രതിജ്ഞ നാളെ, ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ഡികെയോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായെന്നാണ്‌ റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല. ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെ വസതിക്കു മുന്നില്‍ അനുയായികള്‍ ആഘോഷം തുടങ്ങി.

ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്നു തന്നെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി.  ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും. സോണിയയുടെ വീട്ടിൽ രാഹുലും ഡികെയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്.

75-കാരനായ സിദ്ധരാമയ്യക്ക് ഇത് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴമാണ്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്ഥാനത്തെ ഏറ്റവും ജനകീയന്‍ എന്ന ഇമേജും സിദ്ധയ്ക്ക് തുണയായി. മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദം തുടരുന്ന ഡി.കെ ശിവകുമാര്‍ പാര്‍ട്ടി അധ്യക്ഷ പദത്തില്‍ തുടരും. ഒപ്പം,അദ്ദേഹത്തിന് പ്രധാനവകുപ്പ് നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനം അന്തിമമായിട്ടില്ല.

 

ലിംഗായത്ത് സമുദായത്തില്‍ നിന്ന് എം.ബി പാട്ടീലും ദളിത് വിഭാഗത്തിന്റെ പരിഗണന എന്ന നിലയില്‍ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ എന്നിങ്ങനെ രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. സത്യപ്രതിജ്ഞ നാളത്തന്നെ നടക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ വൈകീട്ട് 3.30ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യന്ത്രിയാകുന്നത്. 2013 മുതല്‍ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്. ഇത്തവണ വരുണയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 24 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!