കുറഞ്ഞ നിരക്കിൻ്റെ മറവിൽ തട്ടിപ്പ്; വിലക്കുറവ് പരസ്യത്തിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ഷാർജ∙ സമൂഹമാധ്യമങ്ങളിലെ വിലക്കുറവ് പരസ്യങ്ങൾക്കെതിരെ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. കുറഞ്ഞ ചെലവിൽ ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് സാധനങ്ങൾ, വിമാന ടിക്കറ്റ്, സുഖവാസത്തിന് കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറികൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു മോഹിപ്പിച്ചാണ് സമൂഹമാധ്യങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

കുറഞ്ഞ നിരക്കു പ്രതീക്ഷിച്ചു ബാങ്ക്, വ്യക്തി വിവരങ്ങൾ കൈമാറുമ്പോൾ നഷ്ടം വലുതായിരിക്കും. ബാങ്ക് വിവരങ്ങൾ മറ്റൊരാൾക്കു നൽകുന്നത് ജാഗ്രതോടെ ആയിരിക്കണമെന്നും ഷാർജ പൊലീസ് പറഞ്ഞു. പരസ്യങ്ങൾക്ക് ചുവടെ കാണുന്ന ലിങ്കിൽ അമർത്തിയ പലർക്കും ഓഫറുകൾ തട്ടിപ്പാണെന്നു വ്യക്തമായി. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. അവധിക്കാല സീസൺ ആയതും വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതും മുതലെടുത്ത് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തുള്ള പരസ്യം വ്യാപകമാണ്.

വാട്സാപ്പിൽ സന്ദേശങ്ങളയച്ചാണ് ചിലർ ഇരകളെ പിടിക്കുന്നത്. നിശ്ചിത ലിങ്ക് വഴി വിമാന ടിക്കറ്റെടുത്താൽ 70 ശതമാനം വരെ ഓഫറാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു തട്ടിപ്പിനിരയായ അറബ് പൗരൻ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബാങ്ക് കാർഡ് വച്ച് ടിക്കറ്റിനു പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു പിൻമാറുകയായിരുന്നു.

പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ ആകർഷക സമ്മാനം വാഗ്ദാനം ചെയ്തും തട്ടിപ്പ് സന്ദേശങ്ങൾ വ്യാപകമാണ്. ഇതിൽ വിശ്വസിച്ച് മൊബൈലിൽ എത്തിയ ഒടിപി നമ്പർ കൈമാറി വഞ്ചിക്കപ്പെട്ടവരും പരാതി നൽകിയവരിലുണ്ട്.

ഇ- സുരക്ഷ ഉറപ്പാക്കാതെ ബാങ്ക് കാർഡുകൾ കൊണ്ട് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നു ഷാർജ പൊലീസ് അറിയിച്ചു. പുനരാലോചന ഇല്ലാതെ ഒടിപി നമ്പറുകൾ കൈമാറരുത്.

ബാങ്ക് ജീവനക്കാർ ഒരിക്കലും രഹസ്യ നമ്പറുകൾ ആവശ്യപ്പെടുകയില്ല. കമ്പനിയുടെ ലെറ്റർ ഹെഡോ ലോഗോകളോ കണ്ട് മാത്രം സ്ഥാപനങ്ങളുടെ ഔദ്യോഗികത ഉറപ്പാക്കരുത്. ഇടപാടുകളിൽ സംശയം തോന്നിയാൽ 8002626 നമ്പറിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന്‌ പൊലീസ് പറഞ്ഞു.

ഒരു വർഷം  തടവും 10 ലക്ഷം ദിർഹം പിഴയും

ഫെഡറൽ ഐടി നിയമം പ്രകാരം ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് ഒരു വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെയും ശിക്ഷ ലഭിക്കും. വ്യാജരേഖകൾ ചമച്ച് പണം തട്ടുന്നവരും കൈമാറ്റം ചെയ്യുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ഐടി സാധ്യതകൾ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുമെല്ലാം ഈ ശിക്ഷ ലഭിക്കും. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് രണ്ടര ലക്ഷം ദിർഹം മുതൽ 10 ലക്ഷത്തിൽ കവിയാത്ത തുകയായിരിക്കും പിഴ.

ചില കേസുകളിൽ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് നിയമം 48 അനുഛേദം വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അനാരോഗ്യ ഇടപെടലുകളും കുറ്റകൃത്യങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

‘സാലിക് ‘ ഇടപാടുകാർക്ക് വ്യാജ സന്ദേശം

ദുബായ്∙ എമിറേറ്റിൽ ‘സാലിക് ‘ ഇടപാടുകാരെ ലക്ഷ്യമിട്ടു വ്യാജ സന്ദേശങ്ങൾ. ചതിക്കെണിയിൽ വീണ് പണം നഷ്ടപ്പെട്ടപ്പെടാതിരിക്കാൻ ആർടിഎയുടെ സാലിക് കമ്പനി ബോധവൽക്കരണ ക്യാംപെയിൻ തുടങ്ങി. വാഹന ഉടമകളോടു നിങ്ങളുടെ വാഹനത്തിൽ പേരിൽ പിഴയുണ്ട് അതിവേഗം അടച്ചില്ലെങ്കിൽ വൻ പിഴ ചുമത്തേണ്ടി വരുമെന്നാണ് സാലിക്കിന്റെ പേരിൽ എത്തുന്ന എസ്എംഎസ്സുകൾ.

പലർക്കും ഈ സന്ദേശമെത്തിയോടെ കമ്പനിയുടെ ഔദ്യോഗിക സംവിധാനങ്ങൾ വഴിയല്ലാതെ പണമിടപാട് നടത്തരുതെന്ന് ഇടപാടുകാർക്ക് സാലിക് മുന്നറിയിപ്പ് നൽകി. പിഴയടക്കുന്നതിൽ കാലതാമസം വരുത്തിയാൽ വൻ പിഴ ചുമത്തുമെന്ന ‘വ്യാജന്റെ ‘ ഓർമപ്പെടുത്തലാണ് ഇടപാടുകാരെ പരിഭ്രാന്തരാക്കിയത്. പണമടയ്ക്കേണ്ട ലിങ്കും സന്ദേശത്തിലുണ്ട്.

സംശയമില്ലാതിരിക്കാൻ എത്രയാണ് സാലിക് പിഴയെന്നറിയാനുള്ള ഒരു ടെലിഫോൺ നമ്പറും വച്ചാണ് തട്ടിപ്പ്. വ്യാജൻ വിരിച്ച വലയിൽ മുൻപിൻ നോക്കാതെ പണമടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എല്ലാ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് കമ്പനി. വാഹനയുടമകൾക്ക് ടോൾ പിഴയൊഴിവാകാൻ നേരിട്ട് സാലിക് കാർഡുകൾ വാങ്ങാൻ കഴിയും. ഓൺലൈൻ വഴി പണമടക്കുന്നതോടെ സാലിക് കാർഡ് പ്രവർത്തനക്ഷമമാകും. ആർടിഎ ഇതിനായി ‘ഡ്രൈവ് ദുബായ്’ സ്മാർട് ആപ്പാണ് ആവിഷ്കരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!